Uncategorized

പെട്രോള്‍ വിലവര്‍ധന,ആഗോളവിപണികളിലെ തിരിച്ചടി, സെന്‍സെക്‌സ് ഇടിഞ്ഞു

മുംബൈ: പ്രധാനപ്പെട്ട സപ്പോര്‍ട്ടീവ് ലെവലുകളെല്ലാം തകര്‍ത്ത് ഇന്ത്യന്‍ ഓഹരി വിപണി താഴേക്ക് പോന്ന ദിവസമായിരുന്നു ഇന്ന്. ആഗോളവിപണികളിലെ മാന്ദ്യത്തിനൊപ്പം ഇന്ധനവില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയും ചേര്‍ന്നതോടെ സെന്‍സെക്‌സിലും നിഫ്റ്റിയിലും കടുത്ത സമ്മര്‍ദ്ദം പ്രകടമായി. രാവിലെ മുതല്‍ വിറ്റൊഴിവാക്കാനുള്ള പ്രവണത കൂടുതലായിരുന്നു. നിഫ്റ്റി 5878.60 വരെ താഴ്ന്നതിനുശേഷം 72.85 നഷ്ടത്തോടെ 5903.70ല്‍ കച്ചവടം നിര്‍ത്തി. സെന്‍സെക്‌സാവട്ടെ 19611.35വരെ ഇന്‍ട്രാഡേയില്‍ താഴ്‌ന്നെങ്കിലും നില അല്‍പ്പം മെച്ചപ്പെടുത്തി 238.16 നഷ്ടത്തോടെ 19696.48ലാണ് ക്ലോസ് ചെയ്തത്.
മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ മുന്‍ കേന്ദ്രമന്ത്രി എ രാജയുടെയും മറ്റു നാലു മുതിര്‍ന്ന ടെലികോം ഉദ്യോഗസ്ഥരുടെയും വീടുകളിലും ഓഫിസുകളിലും സി.ബി.ഐ നടത്തിയ റെയ്ഡും നാല് മിഡ്കാപ്പ് ഓഹരി വില്‍പ്പനയില്‍ ക്രമക്കേടുകളുണ്ടെന്ന റിപ്പോര്‍ട്ടുകളും വിപണിയെ സ്വാധീനിച്ചു.
റിയാലിറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ബാങ്ക്, മെറ്റല്‍ ഓഹരികള്‍ക്ക് കാര്യമായ ക്ഷീണം സംഭവിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണി തിരുത്തലിന് വിധേയമായതില്‍ ആശങ്കപ്പെടേണ്ട എന്ന നിലപാട് വിദഗ്ധര്‍ക്കുള്ളത്.
റിയാലിറ്റി ഫണ്ടിങ് വിവാദം ചെറുകിട നിക്ഷേപകരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. അവര്‍ വാങ്ങാന്‍ തയ്യാറാവാതെ ഓഹരികള്‍ വിറ്റൊഴിവാക്കുകയാണ്. അതേ സമയം വിപണിയുടെ അടിസ്ഥാന കാര്യങ്ങളില്‍ യാതൊരു മാറ്റവും സംഭവിക്കാത്തതുകൊണ്ട്. ഇത് വാങ്ങാനുള്ള അവസരമായി കാണാന്‍ നിക്ഷേപകര്‍ തയ്യാറാവണം-ഷെയര്‍ഖാന്റെ സുഹാസ് സാമന്ത് പറഞ്ഞു.
ഈ തലത്തില്‍ നിന്ന് ഇനി അധികമൊന്നും താഴേക്കു പോവാന്‍ വിപണിക്കാവില്ല. 5670 എന്നത് നല്ലൊരു സപ്പോര്‍ട്ടീവ് ലെവലാണ്. അതേ സമയം ഈ നഷ്ടത്തില്‍ നിന്ന് പെട്ടൊന്നൊരു ഉയര്‍ച്ചയും പ്രതീക്ഷിക്കാനാവില്ല, കാരണം ആഗോളതലത്തില്‍ അനുകൂല ഘടകങ്ങള്‍ കുറവാണ്-ജിയോജിത് പാരിബാസിന്റെ ഹോര്‍മുസ് അഭിപ്രായപ്പെട്ടു.
ഹിന്ദ് പെട്രോള്‍, പി ആന്റ് ജി, കാസ്‌ട്രോള്‍ ഇന്ത്യ, ഭാരത് പെട്രോളിയം, ടോറന്റ് പവര്‍ കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഐ.ആര്‍.ബി ഇന്‍ഫ്ര, ശ്രീ രേണുകാ ഷുഗേഴ്‌സ്, അലഹാബാദ് ബാങ്ക്, ജെയിന്‍ ഇറിഗേഷന്‍, ശ്രീരാം ട്രാന്‍സ് എന്നീ കമ്പനികളുടെ മൂല്യത്തില്‍ ഇന്നു കാര്യമായ കുറവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: ഇന്ത്യന്‍ ബാങ്ക്, എംഫസിസ്, വിപ്രോ, രേണുകാ ഷുഗേഴ്‌സ്, എസ്സാര്‍ ഓയില്‍, വിഗാര്‍ഡ്, ഐ.ടി.സി നവീന്‍ ഫ്‌ളോറിങ്‌സ്.