Uncategorized

മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും ചരിത്രം മാറ്റിയെഴുതി

മുംബൈ: പുതുവര്‍ഷമായ സംവത് 2067ലും വിപണി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയോടെ ദീപാവലി ദിവസത്തെ മുഹൂര്‍ത്ത വ്യാപാരത്തിന് തിരശ്ശീല വീണു.
സെന്‍സെക്‌സ് 539.22 പോയിന്റ് നേട്ടത്തോടെ 21004.96ലും നിഫ്റ്റി 121.30 അധികരിച്ച് 6281.80ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് ഇന്‍ട്രാഡേയിലെ ഏറ്റവും മികച്ച ഉയരമായ 20917.00 മറികടന്നുവെന്നതും നിഫ്റ്റി ഏറ്റവും മികച്ച സപ്പോര്‍ട്ടിങ് ലെവലായി വിലയിരുത്തുന്ന 6300 സ്പര്‍ശിച്ചുവെന്നതും ഈ ദീപാവലി ദിവസത്തിന്റ പ്രത്യേകതയാണ്. സെന്‍സെക്‌സ് എക്കാലത്തെയും മികച്ച നേട്ടത്തിലാണ് മുന്നോട്ടുപോവുന്നത്. അമേരിക്ക, യൂറോപ്പ് വിപണികളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും ഇന്ന് ഏഷ്യന്‍ വിപണികള്‍ക്ക് തിളങ്ങാനായതും എടുത്തുപറയേണ്ട കാര്യമാണ്. ഇതിനു പ്രധാനകാരണം രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയായ കോള്‍ ഇന്ത്യയുടെ മാര്‍ക്കറ്റിലേക്കുള്ള വരവും മികച്ച പ്രകടനവും തന്നെയാണ്. വിപണിയിലെത്തി ഒരു മണിക്കൂറിനുള്ളില്‍ തന്നെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചു കമ്പനികളിലൊന്നെന്ന സ്ഥാനത്തേക്കുയരാന്‍ കോള്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
ഡിഷ് ടിവി. ജയപ്രകാശ് അസോസിയേറ്റ്‌സ്, ഐ.ഡി.ബി.ഐ, എസ്.ബി.ഐ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഏറ്റവും ഉയര്‍ന്ന ഓഹരി വിലയിലെത്തിയ ദിവസം കൂടിയായിരുന്നു . എസ്.ബി.ഐയുടെ ഓഹരി 3489.55 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഇന്ന് ഒരു ദിവസം മാത്രം നേടിയ അധികമൂല്യം 217.50 രൂപയാണ്.
അതേ സമയം വ്യാഴാഴ്ച ഇടിഞ്ഞ രാഷ്ട്രീയകെമിക്കല്‍സ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, എം.ടി.എന്‍.എല്‍, കമ്പനികള്‍ ഇന്നും തകര്‍ച്ചയെ നേരിട്ടു. ഹിന്ദുസ്ഥാന്‍ പെട്രോളിയം, സണ്‍ ടിവി നെറ്റ് വര്‍ക്ക് കമ്പനികളുടെ ഓഹരികളുടെ മൂല്യത്തിലും ഇന്ന് കുറവുണ്ടായി.

വളരെ സൂക്ഷിച്ചു ഇന്‍വെസ്റ്റ് ചെയ്യേണ്ട സമയമാണിത്. സെന്‍സെക്‌സ് 25000നു മുകളില്‍ പോവണമെങ്കില്‍ ചെറുകിട നിക്ഷേപകര്‍ ഇനിയും വിപണിയിലേക്ക് വരേണ്ടതുണ്ട്. വിപണിയിലെ സൂചനകള്‍ ശുഭപ്രതീക്ഷയാണ് നല്‍കുന്നത്ഓഹരി വിദഗ്ധന്‍ പൊറിഞ്ചു വെളിയത്ത് അഭിപ്രായപ്പെട്ടു.
കറക്ഷനു ശേഷം വിപണിയിലേക്ക് കടന്നുവരാമെന്ന് ചിന്തിക്കുന്നത് വിഡഢിത്തമാണ്. നല്ല കമ്പനിയുടെ ബിസിനസ് പാര്‍ട്ണര്‍ഷിപ്പാണ് ഓഹരികള്‍ വാങ്ങുന്നതിലൂടെ നമ്മള്‍ നേടുന്നത്. തീര്‍ച്ചയായും ഈ കമ്പനികളുടെ ഓഹരികള്‍ ഏത് സമയത്തും വാങ്ങാവുന്നതാണ്. ഇവിടെ സെന്‍സെക്‌സും നിഫ്റ്റിയും എത്രയെത്തി ചിന്തിക്കേണ്ട കാര്യമില്ലഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഗാര്‍ഡ്, ടാറ്റാ ഗ്ലോബല്‍, ഭാരത് ഫോര്‍ജ്, മണപ്പുറം, ഐ.ഡി.ബി.ഐ, കെയിന്‍ ഇന്ത്യ, നെല്‍കോ, ഗ്രേറ്റ് ഈസ്‌റ്റേണ്‍ ഷിപ്പിങ്. ബജാജ് ഹോള്‍ഡിങ് ആന്റ് ഇന്‍വസ്റ്റ്‌മെന്റ്, ശ്രീരേണുകാ ഷുഗേഴ്‌സ് എന്നീ ഓഹരികളാണ് ഉത്തരേന്ത്യന്‍ പുതുവര്‍ഷത്തില്‍ ഓഹരി വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

സംവത്: ഹൈന്ദവ വര്‍ഷമാണിത്.
മുഹൂര്‍ത്തവ്യാപാരം: ദീപാവലി ദിവസമായ ഇന്ന് പുതുവര്‍ഷമായാണ് വിശ്വാസികള്‍ കരുതുന്നത്. ഇതേ ദിവസം പൊതുവേ അവധിയാണെങ്കിലും പുതു വര്‍ഷത്തിന്റെ മുന്നോടിയായി ഒരു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ട്രേഡിങ് നടക്കാറുണ്ട്.