Uncategorized

വില്‍പ്പനക്കാര്‍ കൂടി;വിപണി ഇടിഞ്ഞു

മുംബൈ:  ഉച്ചയ്ക്കുശേഷം യൂറോപ്യന്‍ വിപണിയില്‍ നിന്നും ജി 20 ഉച്ചക്കോടിയില്‍ നിന്നും പുറത്തുവന്ന പ്രതികൂലവാര്‍ത്തകളെ തുടര്‍ന്ന് നിക്ഷേപകര്‍ ഉയര്‍ന്ന വിലയിലുള്ള ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കാന്‍ തുടങ്ങിയത് വിപണിയെ താഴേക്കു നയിച്ചു. കറന്‍സി പോലുള്ള ചില പൊതുകാര്യങ്ങളില്‍ ജി20 രാജ്യങ്ങള്‍ക്ക് സമവായത്തിലെത്താനായില്ലെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
സെന്‍സെക്‌സ് 286.62 പോയിന്റിടിഞ്ഞ് 20589.09ലും നിഫ്റ്റി 81.45 താഴ്ന്ന് 6194.25ലുമാണ് ഇന്ന് വില്‍പ്പന അവസാനിപ്പിച്ചത്.
എന്നാല്‍ ഇത് അനിവാര്യമായ ഒരു തിരുത്തലിന്റെ ഭാഗം മാത്രമാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഓഹരി വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയൊരു കുതിപ്പിനു ശക്തിനേടാന്‍ നിഫ്റ്റി 6200-6100നും ട്രേഡിങ് നടത്തേണ്ടതുണ്ടെന്ന് അവര്‍ വിശദീകരിച്ചു.
അമേരിക്ക, യൂറോപ് മാര്‍ക്കറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ഇപ്പോള്‍ വിപണിയിലുള്ള പവര്‍ഗ്രിഡ് എഫ്.പി.ഒയും വരാനിരിക്കുന്ന ഐ.പി.ഒകളും വാങ്ങുന്നതിനുവേണ്ടി നിക്ഷേപകര്‍  പണം സ്വരുകൂട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഈ സമ്മര്‍ദ്ദം താല്‍ക്കാലികം മാത്രമാണ്-എസ്.ബി.ഐ കാപ് സെക്യൂരിറ്റീസിന്റെ സഞ്ജയ് അഭിപ്രായപ്പെട്ടു.
സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 50.16 ശതമാനമാണ് ഈ ഓഹരിയുടെ മൂല്യം ഇടിഞ്ഞത്. അപ്പോളോ ടയേഴ്‌സ്, ടി വി എസ് മോട്ടോര്‍, ഡി.എല്‍.എഫ്, ഫെഡറല്‍ ബാങ്ക് ഓഹരികളിലും ഈ സമ്മര്‍ദ്ദം പ്രകടമായിരുന്നു. ചെറുകിട നിക്ഷേപകര്‍ കൂടുതല്‍ സൂക്ഷിച്ചിരുന്ന ഓഹരികളാണ് ഇന്ന് അധികവും തകര്‍ച്ചയിലേക്ക് നീങ്ങിയതെന്ന് ഇതിലൂടെ വ്യക്തമാവും.
റിലയന്‍സ് പവര്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പിപാവ് ഷിപ്‌യാര്‍ഡ്, ഹിന്‍ഡാല്‍കോ, തെര്‍മെക്‌സ് ലിമിറ്റഡ് കമ്പനികള്‍ ഇന്നും നേട്ടമുണ്ടാക്കി. ബാങ്കിന്റെ മേഖലയില്‍ യൂകോ, സിന്‍ഡിക്കേറ്റ് ബാങ്കുകളും മരുന്നുകമ്പനികളുടെ കൂട്ടത്തില്‍ ലൂപിനും ഇന്നു തരക്കേടില്ലാത്ത ദിവസമായിരുന്നു.
നാളെ രണ്ടാം പാദഫലം പുറത്തുവരുന്ന പ്രമുഖ കമ്പനികള്‍:
wockhardt
V-guard
scooters india
Educomp
india cement
HPCL
indraprasthagas

വാങ്ങാവുന്ന ഓഹരികള്‍
പഞ്ചാബ് നാഷനല്‍ ബാങ്ക്
ഏഷ്യന്‍ പെയിന്റ്‌സ്
ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍
സെയില്‍
ഗോദാവരി പവര്‍

ടിന്‍പ്ലേറ്റ്
റിലയന്‍സ് പവര്‍