0

ഇന്നും ആറൂ രുപ പോയി, പക്ഷേ, എനിക്ക് സന്തോഷമായി

clothdപണ്ട് നമ്മള്‍ കടയില്‍ പോവുക ഒരു സഞ്ചിയുമായാണ്. വാങ്ങിയ സാധനങ്ങളെല്ലാം അതിലിട്ട് തൂക്കി പിടിച്ചോ തോളില്‍ വെച്ചോ തിരിച്ചു പോരും. സഞ്ചിയെടുക്കാന്‍ മറന്നാല്‍ പലപ്പോഴും നമ്മള്‍ തിരിച്ചു പോകും. തുറക്കാന്‍ കഴിയാത്ത റെയ്‌നോള്‍ഡ് പെന്‍ ഉപയോഗിക്കുമ്പോഴും നമ്മള്‍ കടയില്‍ പോകുമ്പോള്‍ സഞ്ചിയെടുത്തിരുന്നു. യൂസ് ആന്റ് ത്രോ രീതി എന്നു മുതലാണ് ഒരു “ഫാഷനായി’ മാറിയതെന്ന് അറിയില്ല.

ബാംഗ്ലൂര്‍ നഗരത്തിലെത്തിയതോടെ പൈസയെടുക്കുന്ന ശീലവും മാറി. പഴ്‌സില്‍ ഒരു നൂറു രൂപ നോട്ടുണ്ടെങ്കില്‍ ആഴ്ചകളോളം അത് അനങ്ങാതെ അവിടെ ഇരിയ്ക്കുന്നുണ്ടാകും.. എല്ലാത്തിനും കാര്‍ഡായി. ചുരുക്കത്തില്‍ സാധനം വാങ്ങാന്‍ പോകുന്നത് കൈയില്‍ സഞ്ചിയോ പൈസയോ ഇല്ലാതായി മാറി.

ടണ്‍ കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ കുമിഞ്ഞു കൂടാന്‍ തുടങ്ങിയതോടെയാണ് ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ ആ കടുത്ത തീരുമാനമെടുത്തത്. എല്ലാ രൂപത്തിലുള്ള പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും തെര്‍മോകോള്‍ പാത്രങ്ങളും നിരോധിച്ചു. തിക്ക്‌നസ് നോക്കിയുള്ള വിലക്കല്ല. പരിപൂര്‍ണമായ നിരോധനമാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം തന്നെ ഇതിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്.

സഞ്ചിയെടുക്കാതെയുള്ള യാത്ര ശീലമായതിനാല്‍ തുണി സഞ്ചി പലപ്പോഴും പണം കൊടുത്തു വാങ്ങേണ്ടി വരുന്നു.. ആറു രൂപ.. പക്ഷേ, ഇത് കൊടുക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്.. നാളെയെ കുറിച്ച് ഒരു പ്രതീക്ഷയുണ്ട്. സഞ്ചിയെടുത്ത് വണ്ടിയില്‍ വെയ്ക്കണമെന്ന തീരുമാനമുണ്ട്. ബിബിഎംപിക്ക് നന്ദി..ധീരതയോടെ നടപ്പാക്കൂ…ദീര്‍ഘവീക്ഷണമുള്ള നല്ലൊരു നീക്കം…

വാല്‍ക്കഷണം-പ്ലാസ്റ്റിക് കവറുമായി പിടിച്ചാല്‍ ബാംഗ്ലൂരില്‍ 500 രൂപയാണ് പിഴ . വാങ്ങുന്നവരും വില്‍ക്കുന്നവരും ഒരു പോലെ കുറ്റക്കാരാണ്. വീണ്ടും പിടിച്ചാല്‍ പിഴ ആയിരം രൂപയാകും. കേരളം പോലെയല്ല, കവര്‍ ഉണ്ടാക്കുന്നവര്‍ക്കും പിഴയുണ്ട്. ചെറുതൊന്നുമല്ല, അഞ്ച് ലക്ഷത്തോളം.

shinod

Leave a Reply

Your email address will not be published. Required fields are marked *