0

എഡിറ്റർ+ പ്രൊഡക്ട് മാനേജർ+ ലീഡർ..‍‍‍‍‍‍‍

രസകരമായ ഒരു കോംപിനേഷനാണിത്. ഇതെല്ലാം ഒരാൾ തന്നെയാണ്.. വ്യത്യസ്ത റോളുകളാണ് ഒരാൾ എടുക്കേണ്ടത്. നിങ്ങളിൽ ചിലരെങ്കിലും കരിയറിൽ വലിയ സ്വപ്നങ്ങൾ കാണുന്നവരായിരിക്കും. അവർക്ക് ഉപകാരപ്പെടാൻ വേണ്ടി…ചുമ്മാ കുറിച്ചിടുന്നു.

എഡിറ്റർ ഓരോ വാർത്തയും വായിക്കാൻ ശ്രമിക്കണം. കണ്ടന്റ് സ്ട്രാറ്റജി നിരന്തരം ചെക്ക് ചെയ്തു കൊണ്ടിരിക്കണം. കണ്ടന്റ് ട്രീറ്റ്മെന്റിലുള്ള പ്രശ്നങ്ങൾ വിലയിരുത്തി കൊണ്ടേയിരിക്കണം. അതോടൊപ്പം മിസ്സിങ് വരുന്നുണ്ടോയെന്ന് ഡബിൾ ചെക്ക് ചെയ്യുകയും വേണം. എവിടെയെങ്കിലും വരുന്ന ചില പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. ഓരോ വാർത്തയും എഡിറ്റർ അറിയുകയെന്നത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് വിശ്വസിക്കാവുന്ന മികച്ച ഒരു ടീമിനെ വാർത്തെടുക്കുക മാത്രമാണ് എഡിറ്ററുടെ മുന്നിലുള്ള വഴി. പ്രൂഫ് റീഡിങും സൂപ്പർ എഡിറ്റിങും ഇല്ലാത്ത ഓൺലൈൻ കാലത്ത് അക്ഷരത്തെറ്റ് കുറച്ചുകൊണ്ടുവരാനും വസ്തുതാപരമായ പിഴവുകൾ ഒഴിവാക്കാനും ഇതു മാത്രമേ മാർഗ്ഗമുള്ളൂ.

പുതിയ ഡിജിറ്റൽ ലോകത്ത് ഓരോ എഡിറ്ററും മാനേജർ കൂടിയാണ്. ഇൻഡസ്ട്രിയിൽ വരുന്ന ഓരോ മാറ്റങ്ങളും ഉൾകൊള്ളാൻ ഇയാൾ തയ്യാറാകണം. സൈറ്റിന്റെയും ആപ്പിന്റെയും സോഷ്യൽമീഡിയകളുടെയും പ്രവർത്തനങ്ങൾ സസൂക്ഷ്മം വിലയിരുത്തണം. കൂടുതൽ ഉയരങ്ങളിലേക്കെത്താൻ സാങ്കേതിക വിദ്യയെ എങ്ങനെ ഉപയോഗപ്പെടുത്താം, പ്രൊഡക്ടിനെ എങ്ങനെ കൂടുതൽ മെച്ചപ്പെട്ടതാക്കാം തുടങ്ങിയ കാര്യങ്ങളിൽ ടെക് ടീമുമായി സഹകരിച്ച് നിരന്തരം മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം. വായനക്കാരന്റെ ആംഗിളിൽ നിന്നും പ്രൊഡക്ടിനെ നോക്കി കാണാനും അതിനെ അപ്ഡേറ്റ് ചെയ്യാനും തയ്യാറാകുന്ന പ്രൊഡക്ട് മാനേജർ കൂടിയാണ് ഇദ്ദേഹം.. ഇത് കൂടാതെ ടീമിന്റെ മൊത്തം ഹ്യൂമൻ റിസോഴ്സ് പരിപാലനവും ഈ എഡിറ്ററുടെ ചുമതലയാണ്. ബ്രാൻഡ് വാല്യു സംരക്ഷിക്കേണ്ടതും ലീഗൽ ഇഷ്യൂസിനെ നേരിടേണ്ടതും റിക്രൂട്ട്മെന്റ് നടത്തേണ്ടതും സെയിൽസ് മാർക്കറ്റിങ് ടീമുകളെ കൂട്ടിയോജിപ്പിക്കേണ്ടതും ഇയാളാണ്. വ്യത്യസ്ത ഫ്രീക്വൻസിയിൽ നിന്നെത്തുന്നവരെ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെയും ആർക്കും പക്ഷപാതമുണ്ടെന്ന് തോന്നാത്ത വിധത്തിലും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകാനുള്ള സാമർത്ഥ്യവും ഈ മാനേജർ കാണിയ്ക്കണം.

പത്രങ്ങളിലും ചാനലുകളിലും കൂട്ടിനുള്ളിലിരുന്ന് ഭരണം നടത്തുന്ന എഡിറ്റർമാരാണ് ഉള്ളത്. എന്നാൽ നമ്മുടെ ഏരിയയിൽ അത് പ്രായോഗികമല്ല. ഉഗ്രശാസനകളിലൂടെയോ പേടിപ്പിക്കലിലൂടെയോ നീങ്ങേണ്ട ഒന്നല്ല ഡിജിറ്റൽ മീഡിയ മാനേജ്മെന്റ്. വ്യക്തമായ ബോധവത്കരണത്തിലൂടെ, വാത്സല്യം നിറഞ്ഞ ശാസനകളിലൂടെ, സ്വയം തീർക്കുന്ന മാതൃകകളിലൂടെ മുന്നിൽ നിന്നു നയിക്കുന്ന പടത്തലവൻ കൂടിയാകണം എഡിറ്റർ. അവർക്കൊപ്പം നിന്ന് അവരെ നയിക്കണം. അവരിലൊരാളായി മാറണം. അതേ സമയം അങ്ങനെ മാറുമ്പോഴും എഡിറ്റർ എന്ന സ്വത്വം നിലനിർത്തുകയും വേണം. അവരിൽ ലയിച്ച് ചേർന്ന് അവരിലൊരാളായി മാറാനും എഡിറ്റർക്ക് അവകാശമില്ലെന്ന് ചുരുക്കം.

ഇതിൽ മാനേജർ എന്ന റോളിൽ ഒരു എഡിറ്റർക്ക് ചിലപ്പോൾ ആരച്ചാരുടെ വേഷവും കെട്ടേണ്ടി വരും. കാരണം നിശ്ചിത നമ്പറുകളെത്തിയിട്ടില്ലെങ്കിൽ, വ്യക്തിഗത പെർഫോമൻസ് താഴെയാണെങ്കിൽ, കോർപ്പറേറ്റ് മാനേജ്മെന്റ് തീരുമാനങ്ങൾ വേദനയോടെയാണെങ്കിലും നടപ്പിലാക്കേണ്ടതും ഇതേ കക്ഷി തന്നെ. ലാഭം മാത്രം കൊതിക്കുന്ന മുതലാളിമാർ എല്ലാം അളക്കുന്നത് നമ്പറുകളിലായിരിക്കും. ഭാവിയിൽ സ്ഥിരം, താത്കാലികം എന്നീ കാര്യങ്ങൾക്ക് വലിയ പ്രസക്തിയില്ലെന്ന് ചുരുക്കം. നന്നായി പണിയെടുക്കുന്ന കാലത്തോളം നമുക്ക് പിടിച്ചു നിൽക്കാം. അത്ര തന്നെ.

shinod

Leave a Reply

Your email address will not be published. Required fields are marked *