ഇന്നത്തെ മാധ്യമ അന്തരീക്ഷത്തിൽ അന്നത്തെ മാധ്യമ സങ്കൽപ്പവുമായി ചിലർ…

 
എഡിറ്റർ എല്ലാമെല്ലാമായിരുന്ന കാലമുണ്ടായിരുന്നു. കരിയറിന്റെ തുടക്കകാലത്തും ഞാൻ എഡിറ്റോറിയലിന്റെ പവർ തിരിച്ചറിഞ്ഞിരുന്നു.
എന്നാൽ മത്സരവും അമിത വാണിജ്യവത്കരണവും ഈ കൺട്രോൾ സെയിൽസ് ടീമിന്റെ കൈയിലേക്കും അതിലൂടെ മാനേജ്മെന്റിന്റെ കൈകളിലേക്കുമെത്തിയത് അനുഭവിച്ച് അറിഞ്ഞവരാണ് നമ്മൾ.
 
വാർത്താ മൂല്യത്തിൽ വിയോജിപ്പ്
മംഗളം വാർത്തയോട് സാങ്കേതികപരമായി ഒരു യോജിപ്പുമില്ല. അതേ സമയം ആ വാർത്ത കൊടുത്തതി്ന‍റെ പേരിൽ മംഗളത്തിനെ കല്ലെറിയുന്ന മാധ്യമപ്രവർത്തകരോട് യോജിക്കാനാകില്ല. ഒരു മാധ്യമപ്രവർത്തകന് ഇത്തരം വാർത്തകളിൽ എത്രമാത്രം ഇടപെടാൻ പറ്റും എന്നത് അതിനുള്ളിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. ആകെ ചെയ്യാവുന്നത്..എങ്ങനെ അവതരിപ്പിക്കണം എന്ന കാര്യം മാത്രമാണ്.. പറ്റാത്തത് ചെയ്യാൻ നിൽക്കരുത് എന്നു പറയാൻ പറ്റിയ സാഹചര്യമാണോ ഇന്ന് മാധ്യമമേഖലയിൽ നിലനിൽക്കുന്നത്. പട്ടിണിയായി പോകും മക്കളെ.
 
മൂലധന താത്പര്യങ്ങൾ
മാനേജ്മെന്റോ സെയിൽസ് ടീമോ കൊടുക്കാൻ തീരുമാനിച്ച വാർത്ത ആദർശത്തിന് വിരുദ്ധമായതുകൊണ്ട് നിങ്ങൾക്ക് കൊടുക്കാതിരിക്കാനാകില്ല. അതുപോലെ അവരുടെ താത്പര്യം കൊണ്ട് കൊടുക്കണ്ട എന്നു പറഞ്ഞ വാർത്ത കൊടുത്താലുള്ള സമ്മർദ്ദം എത്രമാത്രമായിരിക്കുമെന്ന് വൻകിട മീഡിയാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. വാർത്ത അവതരിപ്പിച്ചവരെ പോലും തെറി വിളിച്ചു കൊണ്ട് ചില ആദർശക്കുട്ടന്മാർ ഇറങ്ങിയിട്ടുണ്ട്. അത്രയ്ക്ക് വേണോ.. നാട്ടുകാർ കല്ലെറിയട്ടെ.. അവർക്ക് അതിന് അവകാശമുണ്ട്. കാരണം നമ്മൾ ഈ ചെയ്യുന്നതെല്ലാം അത്ര ശരിയല്ലെന്ന് നമുക്ക് തന്നെ അറിയാം.
 
ചാരിത്രപ്രസംഗം നടത്താൻ  എളുപ്പം
പക്ഷേ, ഇത്തരം ഒരു ഓഡിയോ കിട്ടിയാൽ, അതിലെ ശബ്ദം കൃത്യമാണെന്ന് ബോധ്യമുണ്ടെങ്കിൽ(സോഴ്സ് കാണുമല്ലോ), ഇന്നത്തെ എത്ര മുഖ്യധാരാ മാധ്യമങ്ങൾ അത് കൊടുക്കാതിരിക്കും. പരാതിക്കാരിയുണ്ടോ എന്നതല്ല നമ്മുടെ വിഷയം, ശബ്ദം ഉണ്ടോ, ഓഡിയോ ഉണ്ടോ എന്നതാണ് ..കിട്ടിയ സാധനം മാന്യമായി അവരെ അറിയിക്കുന്നത് കമേഴ്സ്യൽ ആംഗിളിൽ(ഇന്നത്തെ) നമ്മുടെ കടമയാണ്. മാനേജ്മെന്റ് സമ്മതിക്കുകയാണെങ്കിലോ നിർദ്ദേശിക്കുകയാണെങ്കിലോ സാങ്കേതികമായി വിയോജിക്കുന്ന ഈ വാർത്ത ലീഡാക്കേണ്ടി വരും. അതിനെ പരമാവധി മുതലാക്കുകയും ചെയ്യും. വെയിലുള്ളപ്പോൾ വൈക്കോൽ ഉണക്കുമെന്ന് ചുരുക്കം. ഇവിടെ നല്ല കച്ചവടക്കാരനാകാനേ ഇന്നത്തെ മാധ്യമപ്രവർത്തകന് പറ്റൂ.
എ‍ഡിറ്റർ സുകുമാർ അഴിക്കോട് എന്നിട്ടും.
ഇന്ത്യാ വിഷനിലൂടെ രജീനയുടെ വെളിപ്പെടുത്തൽ. വർത്തമാനം മാനേജ്മെന്റ് ആ വാർത്ത കൊടുക്കരുതെന്ന് നിർദ്ദേശിക്കുന്നു. ചാനലുകളെല്ലാം കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ആ വാർത്ത ആഘോഷിക്കുമ്പോൾ..ഞങ്ങൾ നോക്കിയിരിക്കുന്നു. ഈ വാർത്തയിൽ പറയുന്ന ആരോപണങ്ങൾ തെറ്റാണെന്ന കുഞ്ഞാലിക്കുട്ടിയുടെ  പ്രസ്താവനയെങ്കിലും കൊടുക്കണമെന്ന് ഞങ്ങൾ.. പക്ഷേ, ഒന്നും ചെയ്യാനായില്ല. പിറ്റേ ദിവസം ചന്ദ്രികയിൽ പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയുണ്ടായിരുന്നു. പറഞ്ഞു വരുന്നത് സംഗതികൾ ഇപ്പോൾ പത്രപ്രവർത്തകരുടെ കൈയിലല്ലെന്നും..അവർ വെറും ഉപകരണങ്ങൾ മാത്രമാണെന്നും.. ചെയ്യാൻ ഏൽപ്പിച്ച ജോലി നന്നായി ചെയ്യുക മാത്രമാണ് അവരുടെ ധർമമെന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗമെന്നും പറയുക മാത്രം ചെയ്യുന്നു.  കടുത്ത ജീവിത പ്രതിസന്ധിക്കിടയിലും ഇത്തരം മാനേജ്മെന്റ് നിലപാടുകൾക്കെതിരേ മുട്ടുമടക്കാതിരിക്കുകയും ജോലിയില്ലാതെ തെണ്ടി നടക്കുകയും ചെയ്യുന്നവരെ ആരാധനയോടു കൂടിയേ നോക്കൂ.. കാരണം നമുക്ക് ഉറപ്പുള്ള ശരി ചെയ്യുന്നവരാണവർ..
 
വാൽക്കഷണം: പുറത്തുനിന്നുള്ളവർക്ക് ഈ ഫീലിങ് മനസ്സിലാകില്ല. സംഘടനാ മാധ്യമങ്ങളെ ഇതിൽ നിന്നും മാറ്റി നിർത്താം. അവർക്ക് ആദർശം കാത്തുസൂക്ഷിക്കാൻ സംഘടന പണം തന്നോളും.