ഗൂഗിളിന്റെ ഫ്രീ എസ്എംഎസ് ചാറ്റ് സേവനം ഇനി മുതല്‍ ഇന്ത്യയിലും ലഭ്യമാകും. ജിമെയില്‍ ചാറ്റ് ഉപയോഗിച്ച് മൊബൈലിലുള്ള ഒരാളുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. മൊബൈലില്‍ ലഭിക്കുന്ന എസ്എംഎസിനുള്ള മറുപടി ചാറ്റ്വിന്‍ഡോയില്‍ ലഭിക്കുകയും ചെയ്യും. ഒക്ടോബര്‍ 10 മുതലാണ് ഈ സൗകര്യം നിലവില്‍ വന്നത്.
എയര്‍സെല്‍, ഐഡിയ, ലൂപ്പ്, എംടിഎസ്, റിലയന്‍സ്, ടാറ്റാ ഡോകോമോ, ടാറ്റാ ഇന്‍ഡികോ, വോഡോഫോണ്‍ തുടങ്ങിയ സേവനദാതാക്കളാണ് ഗൂഗിളുമായി സഹകരിക്കുന്നത്. ഇതില്‍ വോഡഫോണ്‍ കേരള, കര്‍ണാടക, തമിഴ്നാട് സര്‍ക്കിളുകള്‍ ഉള്‍പ്പെടില്ല.
ഗൂഗിള്‍ ടോക് അപ്ലിക്കേഷനിലോ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ജിടോക്കിലോ ഈ സേവനം ഇപ്പോള്‍ ലഭ്യമായിരിക്കില്ല. ഈ സൗജന്യസേവനത്തെ വാണിജ്യപരമായി ഉപയോഗിക്കാതിരിക്കാന്‍ തുടക്കത്തില്‍ 50 എസ്എംഎസ് മാത്രമാണ് ഓരോ എക്കൗണ്ടിലും ക്രെഡിറ്റ് ചെയ്യുന്നത്.
ജിമെയില്‍ ചാറ്റില്‍ നിന്നും സന്ദേശം ലഭിക്കേണ്ടെങ്കില് അതിന് BLOCK എന്ന സന്ദേശം അയച്ചാല്‍ മാത്രം മതി. നിലവിലുള്ള ഡിഎന്‍ഡി സംവിധാനത്തിന് അതീതമായാണോ ഇത് പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.