ഏറെ വൈകിയാണെങ്കിലും അതു സംഭവിച്ചു. റോബര്‍ട്ട് ഡഗ്ലസ് ഹൂട്ടന്‍ എന്ന ബോബ് ഹൂട്ടനെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കാതിനു പിടിച്ചു പുറത്താക്കി. കളിയുടെ ബാലപാഠം പോലും അറിയാതെ കളിക്കളം അടക്കിവാഴുന്ന ‘കല്‍മാഡിമാര്‍’ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നത് മറ്റൊന്നുമല്ല. നേടുന്ന കപ്പുകളില്‍ ഒപ്പം ഞെളിഞ്ഞുനില്‍ക്കാന്‍ മാത്രമേ ഞങ്ങളെ കിട്ടൂ. ഏഷ്യാകപ്പിലെ മരണഗ്രൂപ്പിനുള്ളില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതെ പോയതിന് ഒരു രക്തസാക്ഷി വേണമായിരുന്നു. എന്നോ തയ്യാറാക്കി വച്ച കയര്‍ ഹൂട്ടന്റെ കഴുത്തില്‍ മുറുക്കിയ രാഷ്ട്രീയകൂതറകള്‍ക്ക് മറ്റൊന്നും ചെയ്യാനറിയില്ലായിരുന്നു.
ഇതിനര്‍ഥം ഹൂട്ടന്‍ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണെന്നല്ല. നന്ദി വേണം. മനുഷ്യരായാല്‍.. അഞ്ചുവര്‍ഷത്തോളം ശമ്പളം വാങ്ങിയാണെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കുവേണ്ടി കഷ്ടപ്പെടുകയും അതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.
മേലാളന്മാര്‍ കളിയുടെ സ്പിരിറ്റിനു യോജിക്കാതെ പെരുമാറിയപ്പോഴെല്ലാം ഹൂട്ടന്‍ തിരിച്ചടിച്ചിട്ടുണ്ട്. ഈ അപ്രീതിയാണ് ഹൂട്ടനെ പുറത്തേക്ക് നയിച്ചത്. അല്ലാതെ ഏഷ്യാകപ്പിലെ തോല്‍വിയല്ല.
ചരിത്രത്തിലാദ്യമായ നെഹ്രു കപ്പ് നേടാന്‍ സാധിച്ചത് ഹൂട്ടന്റെ പരിശീലനത്തിനു കീഴിലാണ്. എ.എഫ്.സി ചലഞ്ചേഴ്‌സ് കപ്പ് അതു വഴി ഏഷ്യന്‍ കപ്പ്, സാഫ് കപ്പ് ഫൈനല്‍ ഇതെല്ലാം ഈ മുന്‍ ചൈനീസ് കോച്ചിന്റെ സംഭാവനയാണ്.
ഇതെല്ലാം മറന്നു കൊണ്ട് 2013 വരെ കരാര്‍ പുതുക്കി നല്‍കിയ ഒരാളെ ചവിട്ടിപുറത്താക്കിയത് തീര്‍ച്ചയായും അനീതിയാണ്. ഏകപക്ഷീയമായി ഹൂട്ടനെ പുറത്താക്കിയതിനാല്‍ നല്ലൊരു സംഖ്യ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നഷ്ടപരിഹാരം നല്‍കുകയും വേണ്ടി വരും.. രാജ്യത്തിന്റെയും കളിയുടെയുംതാല്‍പ്പര്യത്തിനുവേണ്ടി നമുക്ക് പരിശീലകരെ മാറ്റേണ്ടി വരും. പക്ഷേ, പടുകുഴിയില്‍ കിടന്ന് ചിതലരിച്ചിരുന്ന ഒന്നിന് പുതുജീവന്‍ നല്‍കിയ വ്യക്തിയെ എടുത്തെറിയുമ്പോള്‍ ഏത് ‘ഇംഗ്ലീഷ് ക്ലബ്ബും’ പത്തുതവണ ആലോചിക്കും. ഏഷ്യന്‍ കപ്പ് കഴിഞ്ഞു തിരിച്ചെത്തിയ ഹൂട്ടനുമായി ഒരു ചര്‍ച്ച നടത്തി മാന്യമായ ഒരു വിടവാങ്ങലിന് കുറച്ചുദിവസങ്ങള്‍ നല്‍കി അസോസിയേഷന്‍ ഇതു ചെയ്തിരുന്നെങ്കില്‍ അതിനു കുറച്ചുകൂടി മാന്യത വേണമായിരുന്നു. കോടികള്‍ വാരിയെറിഞ്ഞു കളിയ്ക്കുന്ന ലീഗ് ക്ലബ്ബുകള്‍ക്ക് മൂലധനതാല്‍പ്പര്യം പരിഗണിച്ച് പലപ്പോഴും പരിശീലകരെ കരിവേപ്പില പോലെ വലിച്ചെറിയേണ്ടി വരും.. എന്നാല്‍ ആ കാര്യത്തില്‍ അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് ധാര്‍മികമായ അവകാശമുണ്ട്. ഇത് കളിയ്ക്ക് ഉപദ്രവം മാത്രം ചെയ്യുന്ന ഒരു അസോസിയേഷന്‍, സ്വജനപക്ഷപാതം, അഴിമതിയും പിന്നെ അധികാരവടംവലിയും നിറഞ്ഞ കളിയെന്തെന്നറിയാത്ത ലോകം. ഇന്ത്യയിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ നിയന്ത്രിക്കുന്നതിന്റെ ഭൂരിഭാഗം രാഷ്ട്രീയക്കാരാണ്. ഈ രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശാപവും.