വിപണിയില്‍ വീണ്ടും വെള്ളി വെളിച്ചം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി മൂന്നാമത്തെ വെള്ളിയാഴ്ചയും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 184.69 പോയിന്റ് നേട്ടത്തില്‍ 18326.09ലും നിഫ്റ്റി 58.25ന്റെ മെച്ചത്തില്‍ 5486.35ലും വില്‍പ്പന അവസാനിപ്പിച്ചു. പക്ഷേ, ഈ ആഴ്ച മൊത്തം വിലയിരുത്തുകയാണെങ്കില്‍ സെന്‍സെക്‌സിലും നിഫ്റ്റിയിലും ഒരു ശതമാനത്തിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. ലാര്‍സണ്‍ ആന്റ് ടര്‍ബയോടെ മികച്ച നാലാം പാദഫലം ഇന്നും വിപണിയില്‍ ചലനങ്ങളുണ്ടാക്കി. ഓഹരി ഇന്നു മാത്രം 3.5 ശതമാനത്തിന്റെ വര്‍ധനവാണ് നേടിയത്. വോള്‍ട്ടാസ്, അശോക് ലെയ്‌ലന്റ്, ശ്രീ സിമന്റ്, ഐ.ഡി.എഫ്.സി, മാംഗ്ലൂര്‍ റിഫൈനറീസ് ഓഹരികള്‍ക്ക് ഇന്നു നാലുശതമാനത്തിലധികം മൂല്യം കൂടിയപ്പോള്‍ സണ്‍ടിവി, ജിന്‍ഡാല്‍ സോ, ജെയിന്‍ ഇറിഗേഷന്‍, കോള്‍ ഇന്ത്യ, ഹിന്ദ് കോപ്പര്‍ ഓഹരികള്‍ക്ക് ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.
എല്‍ ആന്‍ ടിയ്ക്കു പിറകെ ഐ.ടി.സിയുടെ മികച്ച പ്രവര്‍ത്തനഫലം വിപണിയില്‍ ചില ശുഭസൂചനകള്‍ നല്‍കിയെങ്കിലും ഓയില്‍ സബ്‌സിഡികള്‍ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിപണിയെ പിന്നോട്ടുവലിച്ചു. വില്‍പ്പന സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ പ്രകടമായത് ഒ.എന്‍.ജി.സി, ഐ.ടി.സി ഓഹരികളിലാണ്.33 ശതമാനമുണ്ടായിരുന്ന സബ്‌സിഡി വിഹിതം 38 ശതമാനമായി ഉയര്‍ത്തിയതാണ് ഒ.എന്‍.ജി.സിക്ക് തിരിച്ചടിയായത്. അതേ സമയം മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ നടത്തിയതാണ് ഐ.ടി.സിക്ക് തിരിച്ചടിയായത്.