സ്വര്‍ണവില ഇനിയും താഴോട്ടിറങ്ങും

കഴിഞ്ഞ വര്‍ഷം 31.1 ശതമാനത്തോളം ലാഭം നല്‍കിയ സ്വര്‍ണത്തിന് 2012 നല്ല വര്‍ഷമായിരിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മഞ്ഞലോഹത്തിന് വിലയേറുമ്പോഴും ഒരു കാര്യം എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു. ഈ വിലകയറ്റം ഒരു കുമിള പോലെയാണ് എപ്പോള്‍ വേണമെങ്കിലും പൊട്ടിയേക്കാം. പക്ഷേ, ആഗോള സാമ്പത്തികപ്രതിസന്ധി തുടര്‍ന്നതിനാല്‍ സ്വര്‍ണ വില ഉയരത്തില്‍ തന്നെ ഇരുപ്പുറപ്പിക്കുകയായിരുന്നു.

ഡോളര്‍ കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതു തന്നെയാണ് സ്വര്‍ണ വില താഴേക്കിറങ്ങാനുള്ള ഒരു പ്രധാനകാരണം. യൂറോയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം അനുദിനം കുറഞ്ഞു വരുന്നതും ഡോളര്‍ വിലയിലാണ് മാറ്റം വരുത്തുന്നത്.

കൂടാതെ സ്വര്‍ണത്തോടുള്ള ഭ്രമം ആളുകളില്‍ കുറഞ്ഞു വരുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ല്‍ പത്തുശതമാനത്തിന്റെ കുറവാണുണ്ടായത്. ആദ്യകാലത്ത് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതായിരുന്നു നിക്ഷേപരീതിയെങ്കില്‍ ഇപ്പോള്‍ സ്വര്‍ണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫണ്ടുകളില്‍ പണമിറക്കാനാണ് നിക്ഷേപകര്‍ക്ക് താല്‍പ്പര്യം.

വന്‍തോതില്‍ സ്വര്‍ണം കൈവശമുണ്ടായിരുന്ന പല ഫണ്ട് ഹൗസുകളും സ്വര്‍ണം വിറ്റൊഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള വിലയില്‍ 20 മുതല്‍ 25 ശതമാനം വരെ തിരുത്തലുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. സ്വര്‍ണം മൂന്നോ ആറോ മാസം സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള പദ്ധതിയാണെങ്കില്‍ ഇപ്പോള്‍ ലാഭമെടുക്കുന്നതാണ് നല്ലത്. കാരണം വരാനിരിക്കുന്ന തിരുത്തലില്‍ നിന്ന് സ്വര്‍ണം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കുറച്ച് സമയമെടുക്കും. വരും ദിവസങ്ങളില്‍ സ്വര്‍ണവില മുകളിലേക്ക് പോവുന്നതുകണ്ടാല്‍ ഭാഗികമായി വിറ്റൊഴിവാക്കാന്‍ തുടങ്ങുന്നതാണ് ബുദ്ധി.

വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്‌