അറിയൂ… നിങ്ങളുടെ സാമ്പത്തിക ആരോഗ്യം


പലപ്പോഴും സ്വന്തം സാമ്പത്തിക അവസ്ഥയെ കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മയാണ് പലരെയും കടുത്ത പ്രതിസന്ധിയിലേക്കും ചിലപ്പോഴൊക്കെ മരണത്തിലേക്കും നയിക്കുന്നത്. ഒരു പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലെ ആദ്യപടി പ്രശ്‌നമെന്താണെന്ന് തിരിച്ചറിയുകയാണ്.
ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് വിദഗ്ധര്‍ ആ കമ്പനിയെ കുറിച്ച് വിശദമായി പഠിക്കും. നിക്ഷേപം, കടം, ചെലവുകള്‍, ആവശ്യമായ പണം എന്നിവയെല്ലാം വിലയിരുത്തിയിട്ടാണ് അവര്‍ ഒരു കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ പറ്റും, അല്ലെങ്കില്‍ വാങ്ങരുത് എന്നു പറയുന്നത്. വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം പരിശോധിക്കുന്നത് തീര്‍ത്തും സങ്കീര്‍ണമാണെങ്കിലും ഒരു പരിധിവരെ ഇതില്‍ വിജയിക്കാന്‍ സാധിക്കും.
ആദ്യം കണ്ടെത്തേണ്ടത് ഒരാളുടെ നെറ്റ്‌വര്‍ത്താണ്. നിങ്ങളുടെ വീട്, ആഭരണങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയെന്തെന്ന് തിരിച്ചറിയാം. മൊത്തം തുകയില്‍ നിന്ന് നിന്ന് വാഹന, ഗാര്‍ഹിക വായ്പകളോ മറ്റു കടങ്ങളോ ഉണ്ടെങ്കില്‍ അത് കുറയ്ക്കണം.
ഈ നെറ്റ്‌വര്‍ത്തിനെ നിങ്ങള്‍ ഏത് അനുപാതത്തിലാണ് വിനിയോഗിക്കുന്നതെന്ന് പരിശോധിച്ചു നോക്കൂ
ലിക്വിഡിറ്റി റേഷ്യോ: ഒരു  സാമ്പത്തിക ആവശ്യം വന്നാല്‍ അതിനെ നിങ്ങള്‍ എങ്ങനെ നേരിടും. കുടുംബത്തിലെ ഒരാള്‍ക്ക് പെട്ടെന്ന് അസുഖം വന്നാലോ അല്ലെങ്കില്‍ ഒരാളുടെ ജോലി പെട്ടെന്ന് നഷ്ടപ്പെട്ടാലോ എന്തു ചെയ്യും? മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഏത് നിമിഷവും ഉപയോഗിക്കാവുന്ന കുറച്ചു പണം നിങ്ങളുടെ ബാങ്ക് എക്കൗണ്ടിലുണ്ടാവണം. അത് എത്രവേണമെന്ന് നിങ്ങളുടെ നെറ്റ്‌വര്‍ത്ത് അനുസരിച്ച് നിങ്ങള്‍ക്ക് തീരുമാനിക്കാം. ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കൊന്നും ഈ പണം എടുക്കില്ലെന്ന് ആദ്യമേ ഉറപ്പിക്കണം. ഓഹരി വിപണിയില്‍ നിക്ഷേപിച്ച പണം ഒരിക്കലും ഇത്തരത്തില്‍ മാറ്റി വയ്ക്കരുത്. കാരണം ചിലപ്പോള്‍ നിങ്ങളുടെ ഓഹരികള്‍ വേണ്ടത്ര മൂല്യത്തിലുള്ള സമയത്തായിരിക്കില്ല നിങ്ങള്‍ക്ക് ആവശ്യം വരുന്നത്. അപ്പോള്‍ നഷ്ടത്തില്‍ കൊടുക്കേണ്ടി വരും. മൊത്തം നെറ്റ്‌വര്‍ത്തിന്റെ 15 ശതമാനം ലിക്വിഡിറ്റി ഫണ്ടായി വയ്ക്കുന്നതാണ് നല്ലത്.
ഡെറ്റ് ടു അസെറ്റ് റേഷ്യോ: നിങ്ങളുടെ നെറ്റ്‌വര്‍ത്തിനനുസരിച്ച് പരമാവധി നിങ്ങള്‍ക്ക് എത്ര മാത്രം കടം ആവാമെന്നു ഈ കണക്കിലൂടെ മനസ്സിലാക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ആകെ കടത്തിനെ നെറ്റ്‌വര്‍ത്ത് കൊണ്ട് ഹരിയ്ക്കുകയാണ്. തീര്‍ച്ചയായും ഇത് ഒരു ശതമാനത്തില്‍ താഴെയായിരിക്കണം. ഇതില്‍ കൂടുതലാവുകയാണെങ്കില്‍ നിങ്ങള്‍ അപകടകരമായ സ്ഥിതിയിലാണെന്ന് ഉറപ്പിക്കാം. പ്രായം കൂടുന്നതിനനുസരിച്ച് ഇത് കുറച്ചുകൊണ്ടു വരണം. റിട്ടയര്‍ ആവുന്നതോടെ ഇത് സീറോയിലെത്തണം.

ഡെറ്റ് ടു ഇന്‍കം റേഷ്യോ: വളരെ പ്രധാനപ്പെട്ട ഒരു അളവുകോലാണിത്. നിങ്ങളുടെ മാസവരുമാനത്തില്‍ കടം വീട്ടുന്നതിനുവേണ്ടി എത്ര തുക മാറ്റിവയ്ക്കുന്നു. ഇത് പ്രായത്തിനനുസരിച്ച് മാറികൊണ്ടിരിക്കുമെങ്കിലും അത് മൊത്ത വരുമാനത്തിന്റെ .6 ശതമാനത്തില്‍ താഴെയിരിക്കുന്നതാണ് നല്ലത്.

സേവിങ്‌സ് റേഷ്യോ: നിങ്ങളുടെ വരുമാനത്തില്‍ എത്ര തുക നിങ്ങള്‍ കരുതിവയ്ക്കണം. ഇത് ഒരോ വ്യക്തിക്കുമനുസരിച്ച് മാറി കൊണ്ടിരിക്കും. എങ്കിലും .3 ശതമാനത്തില്‍ കുറയാത്ത ഒരു തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കണം.

ആരെങ്കിലും അടിച്ചേല്‍പ്പിക്കുന്ന ഒരു സാമ്പത്തിക ആസൂത്രണത്തേക്കാള്‍ മുകളില്‍ വിവരിച്ച രീതിയിലോ അല്ലെങ്കില്‍ വ്യക്തിപരമായ ആസൂത്രണം ചെയ്ത മറ്റേതെങ്കിലും അനുപാതത്തിലോ ഒരു പ്ലാനിങ് അത്യാവശ്യമാണ്. ഈ വിലയിരുത്തല്‍ നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാന്‍ നിങ്ങളെ സഹായിക്കും.