Uncategorized

ആടിയുലഞ്ഞ വിപണി ഒടുവില്‍ ലാഭത്തില്‍, ബാങ്കിങ് മേഖല ഇടിഞ്ഞു

മുംബൈ: ലാഭത്തിനും നഷ്ടത്തിനുമിടയില്‍ കരണം മറിഞ്ഞു കളിച്ച ഇന്ത്യന്‍ ഓഹരി വിപണി ഒടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 65.50 ഉയര്‍ന്ന് 19930.64ലും നിഫ്റ്റി 10.10 പോയിന്റ് വര്‍ധിച്ച് 5998.80ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. മെറ്റല്‍, ഓട്ടോ സ്‌റ്റോക്കുകള്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബാങ്കിങ്,ടെലികോം മേഖല കനത്ത തിരിച്ചടിയാണ് നേരിട്ടത്.
പണം വഴിവിട്ടുചെലവാക്കുന്നുവെന്ന പരാതിവ്യാപകമായതിനെ തുടര്‍ന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പണം കടം കൊടുക്കേണ്ടന്ന ബാങ്കുകളുടെ നിലപാട് എസ്.കെ.എസ് മൈക്രോഫിനാന്‍സിനെയാണ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ഇന്നു മാത്രം ഏകദേശം 20 പോയിന്റിന്റെ ഇടിവാണ് ഈ ഓഹരിക്കുണ്ടായത്. 2 ജി സ്‌പെക്ട്രം അനുവദിക്കുന്നതില്‍ ഗുരുതരമായ ക്രമക്കേടുണ്ടായതായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപോര്‍ട്ട് ചെയ്തതാണ് ടെലികോം മേഖലയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. അതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജിവയ്ക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വിപണി താഴേക്ക് പതിക്കാന്‍ തുടങ്ങി. 19615.51 വരെ താഴ്ന്ന വിപണി തിരിച്ചുകയറുകയായിരുന്നു. ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി ഫയല്‍ ചെയ്ത കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജക്കെതിരേ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ പ്രധാമമന്ത്രി മന്‍മോഹന്‍സിങിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടതായിരുന്നു കിംവദന്തി പരക്കാന്‍ കാരണമായത്. അഴിമതി നടന്നുവെന്ന് വ്യക്തമായിട്ടും കഴിഞ്ഞ 11 മാസം കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതിന് ശനിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും രാജ്യത്തെ പരമോന്നത കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പുറത്തുവന്ന ഉടന്‍ തന്നെ റിലയന്‍സ് കമ്യൂണിക്കേഷന്‍, യൂനിടെക്, റിലയന്‍സ് കാപിറ്റല്‍ അടക്കമുള്ള ഓഹരികളുടെ വില താഴേക്കു വരാന്‍ തുടങ്ങിയിരുന്നു.
സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരി ഹീറോ ഹോണ്ട മോട്ടോഴ്‌സാണ്. 99.10 രൂപ വര്‍ധിച്ച് 1912.85ലാണ് ഹോണ്ട ഓഹരികള്‍ അവസാനം വിറ്റത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഭൂഷണ്‍ സ്റ്റീല്‍, ജെറ്റ് എയര്‍വെയ്‌സ്, സിപ്ല, ടി.വി.എസ് മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍ കമ്പനികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നു. എസ്.കെ.എസ്, റിലയന്‍സ് ഓഹരികളെ കൂടാതെ ഡി ബി റിയാലിറ്റി, യൂനിടെക് കമ്പനികളും നഷ്ടക്കാരുടെ പട്ടികയുടെ മുന്‍പന്തിയില്‍ സ്ഥാനംപിടിച്ചു. ബാങ്കിങ്, റിയാലിറ്റി.ടെലികോം മേഖലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റൊഴിക്കല്‍ നടന്നത്.
ആഗോളവിപണി പരിശോധിക്കുകയാണെങ്കില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നു വേണം വിശ്വസിക്കാന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിലായ അയര്‍ലന്റിനായി പ്രത്യേക ആശ്വാസപാക്കേജ് നല്‍കാന്‍ യൂറോപ്യന്‍ യൂനിയനും ഐ.എം.എഫും തീരുമാനിച്ചിട്ടുണ്ട്. ഏഷ്യയിലെ ഒട്ടുമിക്ക വിപണികളും മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
വിദഗ്ധര്‍ക്ക് ഇന്ത്യന്‍ വിപണിയുടെ കാര്യത്തില്‍ ഇപ്പോഴും ശുഭപ്രതീക്ഷയാണുള്ളത്. ഇത് സ്വാഭാവികമായ തിരുത്തലാണ്. താഴേക്കുള്ള യാത്രയില്‍ 5500-5700 ലെവല്‍ അത്ര എളുപ്പത്തില്‍ തകര്‍ക്കാനാവില്ല, വിപണി 2011ല്‍ പുതിയ ഉയരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല-അമാന്‍സാ കാപ്പിറ്റലിന്റെ ആകാശ് പ്രകാശ് പറഞ്ഞു.
അതേ സമയം വിപണി 5950നെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് അത്ര നല്ലതിനല്ലെന്നാണ് എയ്ഞ്ചല്‍ ബ്രോക്കിങിലെ ലളിത് തക്കറിന്റെ അഭിപ്രായം.  5-8 ശതമാനം വരെ തിരുത്തല്‍ വരുന്നതില്‍ അദ്ഭുതപ്പെടേണ്ട കാര്യമില്ല. ഇത് സ്വാഭാവികമാണ് അദ്ദേഹം വ്യക്തമാക്കി. അതിനിടെ സപ്തംബര്‍ മാസത്തില്‍ ഇന്ത്യയിലേക്കൊഴുകിയ വിദേശപണത്തിന്റെ കണക്കുകള്‍ പുറത്തുവന്നു.2.1 ബില്യണ്‍ ഡോളറാണ് ഒരൊറ്റ മാസം കൊണ്ട് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 40 ശതമാനം കൂടുതലാണിത്. പക്ഷേ, ഇന്നത്തെ വിറ്റൊഴിവാക്കലിന് മുന്നിട്ടിറങ്ങിയതും ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് തന്നെയാണ്. 452.71 കോടിയുടെ ഓഹരികള്‍ എഫ്.ഐ.ഐ സ്ഥാപനങ്ങള്‍ വിറ്റൊഴിച്ചു. ഇക്വിറ്റി ബ്രോക്കിങ് സ്ഥാപനമായ ഇനാമിനെ സ്വന്തമാക്കാനുള്ള ആക്‌സിസ് ബാങ്കിന്റെ ശ്രമം ഓഹരികളെ പ്രതികൂലമായാണ് ബാധിച്ചത്. ഇന്ന് 2.72 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
വാങ്ങാവുന്ന ഓഹരികള്‍: ലാന്‍കോ ഇന്‍ഫ്രാ, ജെ.ബി.എഫ്, കുമ്മിന്‍സ്, ആക്‌സിസ്,സ്‌പൈസ് ജെറ്റി, സെസാ ഗോവ,അലോക് ഇന്‍ഡസ്ട്രീസ്, ഭാരത് പെട്രോളിയം, ത്രിവേണി എന്‍ജിനീയറിങ്.