Uncategorized

ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചത് വിപണിക്ക് അനുഗ്രഹമായി

മുംബൈ: രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം(ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്-ജി.ഡി.പി) വര്‍ധിച്ചതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് പച്ചക്കത്തിച്ചു. സെന്‍സെക്‌സ് 116.15 പോയിന്റുയര്‍ന്ന് 19521.25ലും നിഫ്റ്റി 32.70 വര്‍ധിച്ച് 5862.70ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ആദ്യപാദത്തില്‍ നേടിയതിനേക്കാള്‍ .1 ശതമാനം മാത്രമേ അധികം നേടിയിട്ടുള്ളൂവെങ്കില്‍(8.9) പോലും ഈ വളര്‍ച്ച അദ്ഭുതകരമെന്നാണ് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. വിവിധ വിഭാഗങ്ങലെ പരിഗണിക്കുകയാണെങ്കില്‍ ഉല്‍പ്പാദനമേഖല 9.8, കാര്‍ഷിക മേഖല 4.4, മൈനിങ് മേഖല 8, നിര്‍മാണ മേഖല 8.8 എന്ന രീതിയിലാണ് നിരക്ക് വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. കാര്‍ഷികമേഖല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യപാദത്തില്‍ 2.5 ശതമാനം മാത്രമായിരുന്നു നിരക്ക്.
റൂറല്‍ ഇലക്ട്രിഫിക്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ, ഇന്ത്യാ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, ബിജി.ആര്‍ എനര്‍ജി സിസ്റ്റംസ്, ജെപീ ഇന്‍ഫ്രാടെക് എന്നീ കമ്പനികളാണ് ഇന്നു കാര്യമായ നേട്ടമുണ്ടാക്കിയത്. നേട്ടക്കാരുടെ പട്ടികയില്‍ ഡി.എല്‍.എഫ് കയറി കൂടിയത് ശ്രദ്ധേയമായി. 7 ശതമാനം വര്‍ധനവോടെ 20 രൂപ നേട്ടത്തില്‍ 307.25ലാണ് ഈ റിയാലിറ്റി സ്റ്റോക്ക് ക്ലോസ് ചെയ്തത്.
വാങ്ങുന്നതിനായി കഴിഞ്ഞ കുറെ ദിവസങ്ങളായി വിവിധ സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങള്‍ നിരന്തരം ടിപ്‌സ് നല്‍കിയ ഓഹരിയായ പാന്റലൂണ്‍ റീട്ടെയിലിനാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്. 15.80 രൂപയാണ് ഒരു ദിവസം നഷ്ടമായത്. അള്‍ട്രാടെക് സിമന്റ്, കോറമൊണ്ടല്‍ സിമന്റ്, ടാറ്റാ കെമിക്കല്‍സ്, ഗ്രേറ്റ് ഈസ്‌റ്റേണ്‍, കാസ്‌ട്രോള്‍ ഇന്ത്യ, ശ്രീ സിമന്റ്, ടാറ്റാ സ്റ്റീല്‍ കമ്പനികളുടെ ഓഹരികള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. ആഗോളവിപണി അനുകൂലമല്ലാത്ത ഒരു പരിതസ്ഥിതിയില്‍ വിപണി ഉയരുന്ന ഓരോ ഘട്ടത്തിലും ലാഭമെടുക്കല്‍ സജീവമായിരുന്നു. ഒരു ശതമാനത്തോളം താഴ്ന്ന വിപണി പിന്നീട് നഷ്ടം നികത്തി മുന്നേറുകയായിരുന്നു. ജി.ഡി.പി നിരക്കിനെ കൂടാതെ MOIL പബ്ലിക് ഇഷ്യുവും വിപണിയുടെ ഉണര്‍വിന് കാരണമായി.
എല്‍.ഐ.സി ഹൗസിങ് വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നില്ലെങ്കില്‍ വിപണി ഈ രീതിയില്‍ തന്നെ തുടരാനാണ് സാധ്യത. വിപണി ഒരു കുതിപ്പിനുള്ള തുടക്കത്തിലാണെന്ന് നമുക്ക് ചിന്തിക്കാനാവില്ല. കാരണം അഴിമതിയുടെ ഹാങ്ഓവര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 5750-5800, 5950-6000 ലെവലുകളില്‍ കളിക്കാനുള്ള കെല്‍പ്പ് മാത്രമേ ഇപ്പോഴത്തെ അവസ്ഥയില്‍ നിഫ്റ്റിക്കുള്ളൂ. ദീര്‍ഘകാല നിക്ഷേപത്തിനൊരുങ്ങുന്നവര്‍ രണ്ടോ മൂന്നോ ദിവസം കൂടി വിപണിയെ നിരീക്ഷിക്കുന്നതാണ് നല്ലത്. റിസര്‍വ് ബാങ്ക് സി.ആര്‍.ആര്‍(കാഷ് റിസര്‍വ് റേഷ്യോ) നിരക്ക് പുതുക്കാനുള്ള സാധ്യതയാണ് വരാനുള്ള ദിവസങ്ങളില്‍ വിപണിയെ സ്വാധീനീക്കാവുന്ന ഒരു പ്രധാനവാര്‍ത്ത.
വാങ്ങാവുന്ന ഓഹരികള്‍
ടാറ്റാ സ്റ്റീല്‍
ഐ.ഒ.ബി
ഗ്രേറ്റ് ഈസ്‌റ്റേണ്‍ ഷിപ്പിങ് കമ്പനി
രുചി സോയ
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്
ശ്രീ രേണുകാഷുഗേര്‍സ്
ഹോട്ടല്‍ ലീല
യുനൈറ്റഡ് ഫോസ്ഫറസ്
യൂനികെം ലാബോറട്ടറീസ്(ടാര്‍ജറ്റ് 292), ഇപ്പോള്‍ 244.75 രൂപയുള്ള ഈ ഓഹരി വാങ്ങി സൂക്ഷിക്കാവുന്ന ഒന്നാണ്.
അഹ്‌ലുവാലിയ കോണ്‍ട്രാക്‌സ്: ഇപ്പോഴത്തെ വില 151.55 രൂപയാണ്. 230 എന്ന ലക്ഷ്യത്തില്‍ ഇത് വാങ്ങി സൂക്ഷിക്കാവുന്നതാണ്.
ഗതി, ഇന്ത്യ ഇന്‍ഫോലൈന്‍, എംഫസിസ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവയും പരിഗണിക്കാവുന്ന ഓഹരികളാണ്.