ഇനി നമ്മുടെ കുട്ടികള്‍ ചൈനീസ് പഠിക്കും


മുംബൈ: അടുത്ത അധ്യയന വര്‍ഷം മുതല്‍ ചൈനീസ് ഭാഷ പാഠ്യവിഷയമാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍(സി.ബി.എസ്.ഇ) സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികമേഖലയായ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തമായി വരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അമേരിക്കയും യൂറോപ്പും വിട്ട് ഇന്ത്യന്‍ വ്യവസായികള്‍ ഇപ്പോള്‍ ചൈനയുമായുള്ള വ്യാപാരബന്ധത്തിനാണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ മന്ദാരിന്‍ ഭാഷ അറിയുന്നത് നിര്‍ണായകമാണ്. അവിടെയുള്ള കരാറുകളെല്ലാം ഈ ഭാഷയില്‍ മാത്രമായതുകൊണ്ട് വഞ്ചിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഹിന്ദിയും ഇംഗ്ലീഷും മെച്ചപ്പെടുത്തി ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ചൈനക്കാര്‍. അതേ സമയം ഭാഷ അറിയാത്തതിനാല്‍ ഇന്ത്യക്കാരായ പലരും ദ്വിഭാഷികളൊരുക്കുന്ന കെണിയില്‍ പെടുന്നത് സാധാരണ സംഭവമായ പശ്ചാത്തലത്തിലാണ് സി.ബി.എസ്.ഇ ഇത്തരമൊരു തീരുമാനം മുന്നോട്ടുവയ്ക്കുന്നത്.
ബോര്‍ഡിന്റെ തീരുമാനം സ്‌കൂളുകള്‍ ഉടനെ നടപ്പിലാക്കാനുള്ള സാധ്യത കുറവാണ്. ഇതിനാവശ്യമായ ഭൗതികസൗകര്യങ്ങളുടെയും അധ്യാപകരുടെയും കുറവു തന്നെയായിരിക്കും പ്രധാനവിഷയം. ചൈന ഇന്ത്യയുടെ മുഖ്യവാണിജ്യപങ്കാളിയായി മാറികഴിഞ്ഞാല്‍ ഭാഷാപരമായ അറിവില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നുറപ്പാണ്. ഇപ്പോള്‍ ചൈനയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളില്‍ 14ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
ഇന്നത്തെ പരിതസ്ഥിതിയില്‍ ചൈനീസ് സംസ്‌കാരവും ഭാഷയുമറിയാതെ അവിടെ വ്യാപാരം നടത്തുക അസാധ്യമാണ്. കരാറുകള്‍ക്കും ഇടപാടുകള്‍ക്കും നിയമങ്ങളുടെ ശക്തമായ പിന്തുണയുള്ള രാജ്യമല്ല ചൈന. ഇവിടെ വിശ്വാസം നേടണമെങ്കില്‍ ഭാഷ കൂടിയേ പറ്റൂ-എം.ഐ.ടി സ്ലോന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ യാഷെങ് ഹുവാങ് അഭിപ്രായപ്പെട്ടു.
ചൈനയില്‍ പ്രവര്‍ത്തനം നടത്തുന്ന ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ കാര്യം പരിശോധിക്കാം. 3000 ചൈനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഈ യൂണിറ്റില്‍ നിന്നു മാത്രം കമ്പനിയുടെ ലാഭം 48 മില്യണ്‍ ഡോളറാണ്. ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ഇന്ത്യന്‍ കമ്പനികളെല്ലാം തന്നെ ചൈനീസ് ഭാഷയെ പരിപോഷിപ്പിക്കുന്ന നിലപാടുകളുമായാണ് മുന്നോട്ടുപോവുന്നതെന്നതില്‍ നിന്ന് കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കാം.
ചൈന എന്നാല്‍ അടുത്ത അമേരിക്കയാണ്-ഇന്‍ഫോസിസ് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം മേധാവി മോഹന്‍ദാസ് പൈയുടെ വാക്കുകളാണിത്. ഇപ്പോള്‍ അമേരിക്ക സ്വപ്‌നം കാണുന്നവരെല്ലാം സമീപഭാവിയില്‍ ചൈനയിലേക്ക് ശ്രദ്ധതിരിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ദാരിന്‍ ലോകത്തെ ഒരു വലിയ വിഭാഗം സംസാരിക്കുന്ന ഭാഷയാണ്. അതിനെ തള്ളിക്കളയാന്‍ നമുക്കാവില്ല. ആറാം ക്ലാസു മുതല്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അമേരിക്കന്‍ സര്‍വകലാശാലകളില്‍ ചൈനീസ് ഭാഷ പഠിക്കാന്‍ ഇപ്പോള്‍ തിക്കും തിരക്കുമാണ് -വിദേശകാര്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കടുത്ത നിയന്ത്രണങ്ങളെ അതി ജീവിച്ചാണ് ഇന്ത്യന്‍ കമ്പനികളുടെ പ്രകടനം. വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് ചൈനയില്‍ വ്യാപാരം തുടങ്ങി രക്ഷപ്പെട്ടിട്ടുള്ളത്. പക്ഷേ, ഇതുകൊണ്ടൊന്നും ചൈനീസ് വിപണിയെ നമുക്ക് തള്ളിപ്പറയാനാവില്ല. കാരണം നാളെയും വിപണി ചൈനയും ഇന്ത്യയുമാണ്-ഈയിടെ ഒരു സെമിനാറില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജയശങ്കറാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.