Uncategorized

ഇ-ലേണിങ്

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുമെല്ലാം നമ്മള്‍ ഇന്ന് ഇലക്ട്രോണിക് സംവിധാനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. തീര്‍ച്ചയായും ഭാവിയിലെ വിദ്യാഭ്യാസം സംവിധാനവും ഇലക്ട്രോണിക് സഹായത്തോടെയായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്റര്‍നെറ്റും ഇലക്ട്രോണിക് ഉപകരങ്ങളും ചേര്‍ന്ന സമഗ്രമായ ഇ-ലേണിങ് സംവിധാനത്തിന്റെ കാലമാണ് വരാനിരിക്കുന്നത്.
ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്നത് വെബ്ബിലാണ്. ഇന്റര്‍നെറ്റാണെങ്കില്‍ സാധാരണക്കാരനുപോലും കൈയെത്തും ദൂരത്ത് എത്തിക്കഴിഞ്ഞു.
അമേരിക്കയിലും യൂറോപ്പിലുമുള്ള സര്‍വകലാശാലകള്‍ ഇ-ലേണിങ് സംവിധാനത്തിലേക്ക് കുതിക്കുന്നതിന്റെ മുന്നോടിയായി വെബ്ബില്‍ ലഭ്യമായ വിവരങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. മിക്ക യൂനിവേഴ്‌സിറ്റികളും വീഡിയോ ക്ലാസ്സുകളും പഠനസാമഗ്രികളും തീര്‍ത്തും സൗജന്യമായി ഓണ്‍ലൈനിലൂടെ നല്‍കുന്നുണ്ട്.
അടുത്തകാലത്തായി പ്രചാരം നേടികൊണ്ടിരിക്കുന്ന ഇ-ബുക്കുകളും ടാബ്‌ലറ്റ് കംപ്യൂട്ടറുകളും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് കരുത്തുപകരുകയാണ്. തീര്‍ത്തും നൂതനമായ സംവിധാനങ്ങളിലൂടെ പഠനവിഷയങ്ങളെ ഇലക്ട്രോണിക് രീതികളിലേക്ക് മാറ്റാനുള്ള ശ്രമമാണ് പല യൂനിവേഴ്‌സിറ്റികളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം കോഴ്‌സുകള്‍ക്ക് ആഗോളവിപണി തന്നെ ലഭിക്കുമെന്നതിനാല്‍ ഇതിനുള്ള വാണിജ്യമൂല്യം വലുതാണ്.
ഓണ്‍ ലൈന്‍ പഠനം തീര്‍ത്തും ഏകപക്ഷീയവും വിരസവുമാണെന്ന പരാതി സജീവമായിരുന്നു. ഇത് മറികടക്കാന്‍ അധ്യാപകരും കുട്ടികളും തമ്മിലുള്ള ആശയവിനിമയം സാധ്യമാവുന്ന ലൈവ് ക്ലാസ് മുറികള്‍ സജ്ജീകരിച്ചാണ് ആധുനിക പഠനകേന്ദ്രങ്ങള്‍ മറുപടി നല്‍കിയത്. കോണ്‍ടാക്ട് ക്ലാസ്സുകളില്‍ പങ്കെടുക്കുമ്പോള്‍ വരുന്ന യാത്രയുടെയും സ്റ്റഡിമെറ്റീരിയലുകളുടെയും സ്‌റ്റേഷനി സാധനങ്ങളുടെയും വില താരതമ്യം ചെയ്യുമ്പോള്‍ ഇതത്ര വലിയ ചെലവേറിയ കാര്യമാവില്ലെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. കൂടാതെ വിവിധ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഒഴിവുള്ള സമയം ഉപയോഗിച്ച് മികച്ച വിദ്യാഭ്യാസം നേടാനും ഇതുമൂലം സാധിക്കും.
പക്ഷേ, ഓണ്‍ ലൈന്‍ പഠനരീതി ഇപ്പോഴും പല വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നുണ്ട്. സാങ്കേതികവിദ്യകള്‍ ജനകീയമാവാത്തതുതന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. കൂടാതെ കുറ്റമറ്റ ഇന്റര്‍നെറ്റ് സേവനം പ്രദാനം ചെയ്യുന്നതിലും നമ്മള്‍ ഇതുവരെ വിജയിച്ചിട്ടില്ല. എങ്കിലും ഇപ്പോള്‍ നിലവിലുള്ള പല പ്രധാനപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സാധിക്കും. പഠനസാമഗ്രികളുടെ അഭാവം, പരിചയസമ്പന്നരായ അധ്യാപകരുടെ ക്ഷാമം, പലകാരണങ്ങള്‍ കൊണ്ടും പഠനം നിര്‍ത്തുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ജോലികള്‍ കണ്ടെത്താന്‍ സാധിക്കും.