ഈ പാര്‍ട്ടികള്‍ ഇന്ത്യയെ തകര്‍ക്കും

സങ്കുചിതമായ പ്രാദേശികതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിശാലമായ രാജ്യതാല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്ന നിലപാടുമായി മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അങ്ങേയറ്റം അപകടകരമാണ്.

പത്തുവര്‍ഷം മുമ്പ് വര്‍ധിപ്പിച്ച റെയില്‍വേ ചാര്‍ജ്ജില്‍ നാമമാത്രമായ വര്‍ധനവ് വരുത്തുകയും തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയുടെയും അതിന്റെ സര്‍വാധികാരി മമതാ ബാനര്‍ജിയുടെയും ഇമേജ് വര്‍ധിപ്പിക്കാനും രാഷ്ട്രീയനാടകമാടി ഒടുവില്‍ ചാര്‍ജ്ജ് കുറയ്ക്കുക. നാണം കെട്ട ഏര്‍പ്പാടാണിത്.

റെയില്‍വേ ഒരു വാണിജ്യ സ്ഥാപനമാണ്. തീര്‍ച്ചയായും ക്ഷേമരാഷ്ട്രസങ്കല്‍പ്പമനുസരിച്ച് ജനങ്ങള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തരേണ്ട ബാധ്യത സര്‍ക്കാറിന്റെതാണ്. പക്ഷേ, ഇന്ത്യയില്‍ അത്തരം ഒരു സങ്കല്‍പ്പമില്ല. വെറും രാഷ്ട്രീയതട്ടിപ്പിന്റെ പേരിലാണ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാതിരിക്കുന്നതെന്നതാണ് സത്യം. ഈ പോക്കു പോയാല്‍ യുപിഎ സര്‍ക്കാര്‍ താഴെയിറങ്ങുമ്പോഴേക്കും റെയില്‍വേയും സ്വകാര്യമേഖലയിലേക്ക് മാറിയിട്ടുണ്ട്.

റിലയന്‍സിന്റെയും ടാറ്റയുടെയും തീവണ്ടികളില്‍ അവര്‍ പറഞ്ഞ ചാര്‍ജ്ജും കൊടുത്ത് നമ്മള്‍ യാത്ര ചെയ്യേണ്ടി വരും. അതിനുള്ള തട്ടിപ്പിനുള്ള കളമൊരുക്കലാണ് നടക്കുന്നത്. അര്‍ഹമായ വര്‍ധനവ് റെയില്‍വേ നിരക്കുകളില്‍ ആവശ്യമാണ്. അല്ലാത്ത ഏന്തും അതിന്റെ നാശത്തിലേക്കുള്ള ആണിയടിക്കലാണ്. ഒരു സുപ്രഭാതത്തില്‍ കൈകഴുകി എല്ലാവരും പോകും.

കരുണാനിധിയും തമിഴ് ഈഴവും

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റവും മികച്ച നയതന്ത്രബന്ധമാണ് നിലനില്‍ക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ അപലപിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഡിഎംകെ ഇന്ത്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവിടെ തകര്‍ന്നടിഞ്ഞത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഇന്ത്യയുടെ നയതന്ത്ര നിലപാടുകളാണ്.

മറ്റൊരുരാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടില്‍ നിന്നുള്ള വ്യതിയാനമാണിത. അതും ലങ്കപോലെ ഇന്ത്യയുമായി ഏറ്റവും മികച്ച നിലനില്‍ക്കുന്ന രാജ്യത്തിനെതിരേ. അപ്പോള്‍ ചില മനുഷ്യവകാശ സ്‌നേഹികള്‍ ചോദിക്കും..ഇത്തരം ക്രൂരതകള്‍ അപലപിക്കേണ്ടതാണെന്ന്. അങ്ങനെ വരുമ്പോള്‍ എല്ലാ ക്രൂരതകളും അപലപിക്കേണ്ടതുണ്ട്. സ്‌ഫോടനങ്ങളിലൂടെ, വിധ്വംസകപ്രവര്‍ത്തനങ്ങളിലൂടെ ഒരു രാജ്യത്തെ മുഴുവന്‍ അശാന്തിയിലേക്ക് നയിച്ചവരാണ് എല്‍ടിടിഇക്കാര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബോംബ് സ്‌ഫോടനത്തിലൂടെ വധിച്ചവരാണവര്‍. തീര്‍ച്ചയായും ഇന്ത്യയുടെ പൊതു നിലപാട് തന്നെയായിരുന്നു ശരി. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുക.
ചൈനയും ലങ്കയും തമ്മില്‍ അടുക്കുന്ന കാര്യം ഇന്ത്യ വളരെ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്തു തന്നെയാണ് നയതന്ത്രപരമായ ഈ മലക്കം മറിച്ചിലും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പരോക്ഷമായ ആവശ്യവും ഇതാണ്. ഈ ഒരു പ്രമേയത്തിലൂടെ വിജയിക്കുന്നത് അമേരിക്കയാണ്. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യക്ക് വിട്ടുനില്‍ക്കാമായിരുന്നു. എല്ലാം കഴിഞ്ഞിട്ട് കരുണാനിധി പറയുന്നത് ശ്രീലങ്കയില്‍ തമിഴ് ഈഴം വേണമെന്നാണ്. ഇവര്‍ ഇനി തമിഴ്‌നാടിനെ തമിഴ് രാജ്യമായി പ്രഖ്യാപിക്കണമെന്നു പറഞ്ഞാല്‍ ഈ നട്ടെല്ലില്ലാത്ത കഴുതകള്‍ അതും ചെയ്യുമെന്നു തോന്നുന്നു. വംശീയപരമായ വേരുകള്‍ കൊണ്ടു മാത്രം പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്ക് എഴുതി തരേണ്ടി വരും..ശ്രീലങ്കയിലെ പ്രശ്‌നം ശ്രീലങ്കയുടെ പ്രശ്‌നമാണ്… ഇന്ത്യയുടെ പ്രശ്‌നം ഇന്ത്യയുടെതും.