ഏത് ക്രെഡിറ്റ് കാര്‍ഡാണ് നിങ്ങള്‍ക്ക് യോജിച്ചത്?

crdar കൂടുതല്‍ സൗകര്യവും സുരക്ഷിതത്വവും നല്‍കാനാവുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രത്യേകത. വിവിധ ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന വ്യത്യസ്ത തരം കാര്‍ഡുകളെ ഒന്നു വിലയിരുത്താം.
പ്രീമിയം കാര്‍ഡ്: കാഷ് ബാക്ക് റിവാര്‍ഡ് പോയിന്റുകളോടു കൂടിയ ഇത്തരം കാര്‍ഡുകളില്‍ ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയാണ് ഏറ്റവും മികച്ചത്. ലക്ഷക്കണക്കിനു രൂപ പരിധിയുള്ള ഈ കാര്‍ഡുകള്‍ സ്വാഭാവികമായും സമൂഹത്തിലെ സാമ്പത്തികമായി ഉന്നതില്‍ നില്‍ക്കുന്നവരെ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.
കാഷ് ബാക്ക് ക്രെഡിറ്റ് കാര്‍ഡ്: നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകളുടെ കമ്മീഷനില്‍ നിന്ന് ഒരു വിഹിതം കാര്‍ഡ് വിതരണം ചെയ്യുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കുന്ന രീതിയാണിത്. പ്രധാനമായും ഉദ്യോഗസ്ഥരും വനിതകളുമാണ് ഇതിന്റെ ഉപഭോക്താക്കള്‍.
സെക്കുര്‍ ക്രെഡിറ്റ് കാര്‍ഡ്‌സ്: സേവിങ് ബാങ്ക് എക്കൗണ്ടിലെ തുകയ്ക്ക് ആനുപാതികമായി ക്രെഡിറ്റ് ലിമിറ്റ് നല്‍കുന്ന രീതിയാണിത്. സാധാരണ ക്രെഡിറ്റ് കാര്‍ഡ് പോലെ തന്നെ പര്‍ച്ചേസിങ് നടത്താമെങ്കിലും പരിധി എസ്.ബിയിലെ പണത്തിനനുസരിച്ചായിരിക്കും. വിദ്യാര്‍ഥികളും പണം തിരിച്ചടവില്‍ മോശം ട്രാക്ക് റെക്കോഡുള്ളവര്‍ക്കുമാണ് ഈ കാര്‍ഡുകള്‍ സാധാരണ നല്‍കാറുള്ളത്.
ബിസിനസ് ക്രെഡിറ്റ് കാര്‍ഡ്‌സ്: കാഷ് ബാക്ക്, ഉയര്‍ന്ന ക്രെഡിറ്റ് ലിമിറ്റ്, അഡീഷണല്‍ കാര്‍ഡ്, ബോണസ് പോയിന്റ്‌സ്, കാഷ് ബാങ്ക്, എയര്‍ ലൈന്‍ റിവാര്‍ഡ് തുടങ്ങിയ ഒട്ടനവധി ആനുകൂല്യങ്ങളുള്ള ഈ കാര്‍ഡ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് സാധാരണ ഉപയോഗിക്കാറുള്ളത്.
പ്രിപെയ്ഡ് കാര്‍ഡ്: ക്രെഡിറ്റ് കാര്‍ഡുപയോഗിക്കാന്‍ പേടിയാണോ? പക്ഷേ, ബിസിനസ് ആവശ്യത്തിന് കാര്‍ഡ് വേണം താനും. ഇത്തരത്തിലുള്ളവരെ ഉദ്ദേശിച്ചാണ് പ്രിപെയ്ഡ് കാര്‍ഡുകള്‍ തരുന്നത്. അടച്ച തുകയ്ക്ക് തുല്യമായ ക്രെഡിറ്റ് ലിമിറ്റുള്ളതായിരിക്കും കാര്‍ഡുകള്‍.
എയര്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡ്‌സ്: സാധാരണ യാത്ര ചെയ്യുന്നവരെ ലക്ഷ്യമാക്കിയുള്ളതാണിത്. വിവിധ വിമാനക്കമ്പനികളുമായി സഹകരിച്ച് തയ്യാറാക്കുന്ന ഈ കാര്‍ഡിലൂടെ വന്‍ ഡിസ്‌കൗണ്ടാണ് ഉപഭോക്താവിനു ലഭിക്കുന്നത്.
കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്‌സ്: രണ്ടു കമ്പനികള്‍ കൂടി ചേര്‍ന്ന് ഒരു ബ്രാന്‍ഡായി കാര്‍ഡുകള്‍ പുറത്തിറക്കുന്ന രീതിയാണിത്. ഉദാഹരണത്തിന് ഭാരത് പെട്രോളിയവുമായി സഹകരിച്ച് ഐ.സി.സി.ഐ ബാങ്ക് കാര്‍ഡ് പുറത്തിറക്കുന്നതുപോലെ.