ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ ദിവസം

ക്രിക്കറ്റ് എന്ന കളി ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ  ദിവസം…കളി എന്നത് വിനോദമാണ് മനസ്സിനും ശരീരത്തിനും ഉന്മേഷം തരേണ്ട ഒന്ന്. അതു പരമാവധി മൂന്നു മണിക്കൂര്‍ വരെ മാത്രമേ നീണ്ടു നില്‍ക്കാവുവെന്നാണ് ശാസ്ത്രീയ വിശകലനം. സ്വാഭാവികമായും ക്രിക്കറ്റ് ഒരു പണിയാണ്. കളിയ്ക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും.
കളിയ്ക്കുന്ന ഓരോ താരത്തിനും കോടികള്‍ പ്രതിഫലമായി ലഭിക്കുന്നുണ്ട്. കാണുന്നവനോ? അവന്‍ ജോലിയും കൂലിയും കളഞ്ഞ് ടി.വിയ്ക്കു മുന്നില്‍ തപസ്സിരിക്കുന്നു. ഒന്നും രണ്ടും മണിക്കൂറുകളല്ല..ഒരു ദിവസം മുഴുവന്‍…അവന്‍ നഷ്ടപ്പെടുത്തുന്നത് എന്തൊക്കെയാണ്? ഇവര്‍ ഉണ്ടാക്കുന്ന ദേശീയ നഷ്ടം എത്രയാണ്? തീര്‍ച്ചയായും ഏകദിനവും ടെസ്റ്റും ഈ രീതിയില്‍ ആഘോഷിക്കുന്നത് ശരിയല്ല. ട്വന്റി ട്വന്റി എന്നത് കൂറെ കൂടി സ്വീകാര്യമായ ഒന്നാണ്. എന്തുകൊണ്ടാണ് ചൈന,ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിക്കറ്റ് പ്രചാരം നേടാത്തത്. അവിടെ കളിയ്ക്കാന്‍ ആളില്ലാഞ്ഞിട്ടാണോ..? ലോകത്തില്‍ പത്തോളം രാജ്യങ്ങളില്‍ മാത്രം കളിയ്ക്കുന്ന ഈ കളി വല്യ സംഭവമാക്കേണ്ടത് കോര്‍പ്പറേറ്റുകളുടെ ആവശ്യമാണ്. എന്തായാലും കപ്പ് നേടിയതു വലിയ കാര്യം തന്നെ…പക്ഷേ, കളിയുടെ പേരില്‍ ഒരു ദിവസം അലസമായി കളഞ്ഞത് ഹര്‍ത്താലും ബന്ദും നടത്തുന്നതു പോലെ തന്നെയാണ്. ധോണിയെയും കൂട്ടരെയും നമുക്ക് അഭിനന്ദിക്കാം. അതോടൊപ്പം അടഞ്ഞുകിടന്ന ഓഫിസുകളെയും ആശുപത്രികളെയും പണിശാലകളെയും കുറിച്ചും നമുക്ക് ചിന്തിക്കാം.