ഗൂഗിളില്‍ നിന്ന് ´ആളില്ലാ കാറും´

ലണ്ടന്‍: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ്(self driving) കാര്‍ റോഡില്‍ പരീക്ഷിച്ചു. കാലിഫോര്‍ണിയയില്‍ 140000 മൈല്‍ പൊതുനിരത്തിലൂടെ ഓടിച്ചായിരുന്നു പരീക്ഷണം.
stanford and carnegie mellon യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഗൂഗിളില്‍ ഈ പരീക്ഷണങ്ങള്‍ മുന്നോട്ടുകൊണ്ടു പോവുന്നത്. വീഡിയോ കാമറകളുടെയും റഡാര്‍ സെന്‍സറുകളുടെയും ലേസറുകളുടെയും സഹായത്തോടെയാണ് കാറുകളുടെ ആളില്ലാ യാത്ര സാധ്യമാവുന്നത്.
ഇത് ഇനിയും ഏറെ മുന്നോട്ടുനീങ്ങേണ്ട പരീക്ഷണമാണ്. എങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ ഏറെ ദൂരം മുന്നോട്ടുപോവാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്-ഗൂഗിളിന്റെ പ്രതിനിധി വ്യക്തമാക്കി. തിരക്കേറിയ റോഡിലൂടെ ട്രാഫിക് നിയമങ്ങളനുസരിച്ച്, അപകടങ്ങള്‍ ഒഴിവാക്കി എങ്ങനെ വാഹനമോടിക്കാമെന്നാണ് ഇന്ന് പരീക്ഷിച്ചത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൂഗിള്‍ മാത്രമല്ല ഈ മേഖലയില്‍ പരീക്ഷണം നടത്തുന്നത്. ഇതിനു മുമ്പ് പാര്‍മ യൂനിവേഴ്‌സിറ്റി വിഭാഗമായ വിസ്‌ലാബ് ഷാങ്ഗായ് വേള്‍ഡ് എക്‌സ്‌പോയുടെ ഭാഗമായി ഇറ്റലിയില്‍ നിന്ന് ചൈന വരെ ഇത്തരം കാറോടിച്ചിരുന്നു.
2009ലാണ് ഗൂഗിളിന്റെ ശ്രദ്ധ ഈ മേഖലയിലേക്ക് തിരിഞ്ഞത്. തീര്‍ത്തും രഹസ്യമായിട്ടായിരുന്നു പരീക്ഷണം. 2.8 ബില്യന്‍ ഡോളറാണ് ആഗോള സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഇക്കാര്യത്തിനായി മാറ്റിവച്ചത്. ഇത് കൂടാതെ ചന്ദ്രനിലേക്കയച്ച് അവിടെ ചുറ്റിക്കറങ്ങാനും ഫോട്ടോകള്‍ ഭൂമിയിലേക്കയയ്ക്കാനും കെല്‍പ്പുള്ള റോബോട്ടുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് ഗുഗിള്‍ 30 മില്യന്‍ ഡോളര്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.
ഡ്രൈവിങിനും ട്രാഫിക് ബ്ലോക്കുകളിലുമായി നഷ്ടപ്പെടുന്ന മണിക്കൂറുകള്‍ ഉല്‍പ്പാദനക്ഷമമാക്കി മാറ്റിയാല്‍ ലോകത്ത് 1.2 മില്യന്‍ ആളുകളെങ്കിലും ഈ പുതിയ രീതിയ സ്വീകരിക്കുമെന്നാണ് ഗൂഗിള്‍ കണക്കു കൂട്ടുന്നത്.