ചെക്ക് ബൗണ്‍സ് ആയാല്‍ ഇനി എക്കൗണ്ട് ബ്ലോക്കാവും

ന്യൂഡല്‍ഹി: എക്കൗണ്ടില്‍ വേണ്ടത്ര പണം സൂക്ഷിക്കാതെ തുടര്‍ച്ചയായി ചെക്കുകള്‍ ബൗണ്‍സ് ആക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ എക്കൗണ്ട് തന്നെ ക്യാന്‍സല്‍ ചെയ്യപ്പെട്ടേക്കാം. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിലേക്ക് ആദ്യ ചുവടുവച്ചത്. തുടര്‍ച്ചയായി ചെക്ക് ബൗണ്‍സ് ആക്കുന്ന എക്കൗണ്ടുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ എസ്.ബി.ഐ ഇതിനകം ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു ബാങ്കുകളും ഈ രീതി പിന്തുടരാനാണ് സാധ്യത.
ഒരു സാമ്പത്തികവര്‍ഷത്തിനുള്ളില്‍ നാലോ അതിലേറെ തവണയോ ചെക്ക് ബൗണ്‍സ് ആയ എക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ചെക്കിനു മാത്രമല്ല, എക്കൗണ്ടില്‍ നിന്ന് ഇലക്ട്രോണിക് ക്ലിയറിങിന് അനുമതി നല്‍കിയവരും ഇതില്‍ ഉള്‍പ്പെടും.
ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്-ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ പ്രതിനിധി വ്യക്തമാക്കി. ഇത്തരത്തില്‍ ക്ലോസ് ചെയ്യുന്ന ബാങ്ക് എക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതു ഡാറ്റാബേസിലേക്ക് നല്‍കുന്നതിനാല്‍ മറ്റു ബാങ്കുകളില്‍ എക്കൗണ്ട് തുറക്കുന്നതും ബുദ്ധിമുട്ടായിരിക്കും.