ടാക്‌സ് ലാഭിക്കാന്‍ ഒമ്പത് വഴികള്‍

ആദായനികുതി അടയ്ക്കാന്‍ സമയമായി ടാക്‌സ് ആനുകൂല്യം ലഭിക്കുന്ന നിക്ഷേപമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണ്.

1 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്)

തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് നിക്ഷേപിക്കുന്ന ഇപിഎഫുകള്‍ റിട്ടയര്‍മെന്റ് സമയത്താണ് ലഭിക്കുക. രണ്ടു പേരും 12 ശതമാനം വീതം നിക്ഷേപിക്കണം. നിലവിലുള്ള കണക്കനുസരിച്ച് 9.5 ശതമാനമാണ് പലിശ. പെന്‍ഷന്‍ പറ്റുമ്പോള്‍ ഫണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും.

കൂടാതെ വിആര്‍എസ് എടുക്കുമ്പോഴോ ഒരു കമ്പനിയില്‍ മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ പണം പിന്‍വലിക്കാന്‍ സാധിക്കും. സര്‍വീസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭാഗികമായി പണം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്്. 80c പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് നികുതി അടക്കേണ്ടതില്ല.

ജോലി ലഭിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ തുക പിന്‍വലിക്കുകയാണെങ്കില്‍ അതിന് നികുതി നല്‍കുകയും വേണം. നിര്‍ബന്ധിത നിക്ഷേപമാര്‍ഗ്ഗമായതിനാല്‍ ഇതില്‍ നിന്നു പണം പിന്‍വലിക്കാതിരിക്കുകന്നതാണ് ബുദ്ധി. അങ്ങനെ വരുമ്പോള്‍ റിട്ടയര്‍മെന്റ് സമയത്ത് നല്ലൊരു തുക കൈയില്‍ ലഭിക്കും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വാര്‍ധക്യ കാലത്ത് വരുമാനം ഉറപ്പാക്കുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്റ് കൊണ്ടു വന്ന സ്‌കീമാണിത്. നിലവില്‍ 8.6 ശതമാനമാണ് ഇതിനുള്ള പലിശ.
ചുരുങ്ങിയത് പതിനഞ്ചു വര്‍ഷം നിക്ഷേപിക്കാന്‍ തയ്യാറാവണം. തുടര്‍ന്ന് അഞ്ചു വര്‍ഷത്തിന്റെ ഓരോ ബ്ലോക്കായി തുടരുന്നത് നല്ലതാണ്. ഭാഗികമായി തുക പിന്‍വലിക്കാനുള്ള അവകാശമില്ല. പക്ഷേ, അത്യാവശ്യം വന്നാല്‍ നിക്ഷേപിച്ച തുകയുടെ 50 ശതമാനം കടമായി വാങ്ങാനാവും. പക്ഷേ, ആറുവര്‍ഷം പൂര്‍ത്തിയായല്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ.

80 സി പ്രകാരം നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നീണ്ടകാലാവധിയാണ് ഈ നിക്ഷേപത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഒരു വര്‍ഷം പരമാവധി ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന തുക 70000 രുപയാണ്.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്(എന്‍എസ്‌സി)

നികുതി അടയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ബിസിനസ്സുകാര്‍ക്കും ഏറെ ഉപകാരപ്പെടുന്ന നിക്ഷേപമാണിത്.

വര്‍ഷം എട്ടുശതമാനമാണ് പലിശ ഇനത്തില്‍ ലഭിക്കുക. 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കും. ആറു വര്‍ഷമാണ് കാലാവധി. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കും. തുകയ്ക്ക് നികുതിയില്ലെങ്കിലും ആ തുക കൊണ്ട് ലഭിക്കുന്ന പലിശയ്ക്ക് ആവശ്യമെങ്കില്‍ നികുതി കൊടുക്കേണ്ടി വരും.
ഓഹരിനിക്ഷേപവും നികുതി ആനുകൂല്യവും

ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം(ഇഎല്‍എസ്എസ്)

നികുതി ആനൂകൂല്യം ലഭിക്കുന്ന മ്യൂച്ചല്‍ഫണ്ടുകളാണ് ഇഎല്‍എസ്എസ്. ഓഹരി വിപണിയില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന രീതിയാണിത്. പരിപൂര്‍ണമായും വിപണി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ എത്ര ലാഭം കിട്ടുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. സാധാരണ ഗതിക്ക് മൂന്നുവര്‍ഷമാണ് ഇത്തരം ഫണ്ടുകളുടെ ബ്ലോക്കിങ് കാലാവധി. 80സി പ്രകാരം നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍(യുലിപ്)

ടാക്‌സ് ആനുകൂല്യം, ഇന്‍ഷുറന്‍സ്, സമ്പാദ്യം എന്നിവയുടെ കൂടിച്ചേരലാണ് യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. നിശ്ചിത ഇടവേളകളിലാണ് നിക്ഷേപം നടത്തേണ്ടത്. ഇഎല്‍എസ്എസിനെ പോലെ ലാഭത്തെ കുറിച്ച് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. സാധാരണ അഞ്ചുവര്‍ഷമാണ് ലോക്ക് പിരിയഡ്. 80 സി പ്രകാരം നികുതി ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അടയ്ക്കുന്ന തുകയില്‍ എത്ര നിക്ഷേപത്തിലേക്ക് പോകുന്നുവെന്നതിനെ കുറിച്ച് ചോദിച്ചുമനസ്സിലാക്കണം.
ടാക്‌സ് സേവിങ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റ്

ഒരു സാധാരണ ബാങ്ക് നിക്ഷേപം പോലെ തന്നെയാണിത്. 9 മുതല്‍ 9.5 ശതമാനം വരെ പലിശ ലഭിക്കും. അഞ്ചുവര്‍ഷമാണ് കാലാവധി. പക്ഷേ, പലിശഇനത്തില്‍ ലഭിക്കുന്ന തുകയ്ക്ക് ആവശ്യമെങ്കില്‍ നികുതി കൊടുക്കേണ്ടി വരും.
നിര്‍മാണമേഖലയിലെ നിക്ഷേപം

നിര്‍മാണ കമ്പനികള്‍ പ്രഖ്യാപിക്കുന്ന ബോണ്ടുകളില്‍ പണം നിക്ഷേപിച്ചാലും നികുതി ആനുകൂല്യം ലഭിക്കും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചായിരിക്കും തിരിച്ചുവരവും. 20000 രൂപയുടെ അധിക നികുതി ആനുകൂല്യം. ഉയര്‍ന്ന ലാഭം എന്നിവ ഇത്തരം ഇന്‍ഫ്രസ്ട്രക്ചര്‍ ബോണ്ടുകളെ ആകര്‍ഷകമാക്കുന്നു. പക്ഷേ, ശ്രദ്ധിച്ച് നിക്ഷേപിച്ചില്ലെങ്കില്‍ പണി പാളും.

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം:
ഇന്‍ഷുറന്‍സ് പ്രീമിയം ജീവിതത്തിനു സുരക്ഷ നല്‍കുന്നതോടൊപ്പം നികുതി ആനുകൂല്യവും നല്‍കുന്നുണ്ട്.

പോസ്റ്റ് ഓഫിസ് നിക്ഷേപം
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്ലൊരു നിക്ഷേപമാര്‍ഗ്ഗമാണിത്. എട്ടു മുതല്‍ 8.6 ശതമാനം വരെ ലാഭം കിട്ടും. 80 സി പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. പലിശ വളരെ കുറവായതിനാല്‍ മറ്റു നിക്ഷേപമാര്‍ഗ്ഗങ്ങള്‍ പോലെ ജനപ്രിയമല്ല.

വണ്‍ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.