ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വില്‍പ്പന നടത്തി ഇനി സമ്പാദിച്ചു തുടങ്ങാം. വീടുകളുടെ മേല്ക്കൂരകളില് സൗരോര്‍ജ്ജ പാനലുകള്‍ വിരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും അത് വൈദ്യുത വിതരണക്കമ്പനികള്‍ക്കു കൈമാറാനുമുള്ള സംവിധാനം താമസിയാതെ തലസ്ഥാനത്ത് നിലവില്‍ വരും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ഈ രീതി ഡല്‍ഹി സര്‍ക്കാറും പാരമ്പര്യേതര ഊര്‍ജമന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഞങ്ങള്‍ പദ്ധതിയുടെ അവസാനഘട്ടത്തിലാണ്. മൂന്നു നാലുമാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കാനാവും. പ്രകൃതിപരമായ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പരിഗണന നല്കി പരിസ്ഥിതി സംതുലനം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്-ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പിടുന്നതോടെ വീടുകളുടെ മുകളില്‍ സൗരോര്ജ്ജപാനലുകള് വിരിയ്ക്കും. 200 സ്ക്വയര്‍ മീറ്റര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഏകദേശം ഒമ്പതുലക്ഷം ചെലവാകുമെന്നാണ് കണക്കാക്കുന്നത്. വീട്ടുടമകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് മേല്‍ക്കൂര പാട്ടത്തിനോ നല്‍കുകയോ അല്ലെങ്കില്‍ മൊത്തം മുടക്കുമുതലിന്റെ 30 ശതമാനം പണം മുടക്കുകയോ വേണം. ബാക്കിയുള്ള 70 ശതമാനം ബാങ്കുകളിലൂടെ വായ്പയായി ലഭ്യമാക്കും. മേല്‍ക്കൂരയിലുള്ള പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി യൂനിറ്റിന് 17.50 രൂപ എന്ന നിരക്കില്‍ വിതരണ കമ്പനികള്‍ക്ക് വില്‍ക്കാനുള്ള അവകാശം വീട്ടുടമയ്ക്കുണ്ടാവും. വിലകൂടുതലാണെങ്കിലും വിതരണകമ്പനികള്‍ക്ക് സബ്സിഡി നല്കി കൊണ്ട് സര്‍ക്കാര്‍ ഈ പ്രൊജക്ടിനെ പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കും. ഫോട്ടോ വോള്‍ട്ടെയ്ക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയായിരിക്കും ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് ഒരു സ്ക്വയര്‍ മീറ്റര്‍ സ്ഥലത്ത് നാലുമുതല്‍ ഏഴുവരെ കിലോവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള സൂര്യപ്രകാശമാണ് ഒരു ദിവസം ലഭിക്കുന്നത്. ഡല്‍ഹിയില്‍ ഇത് 5.5 കിലോവാട്ടാണ്.
നാളെയുടെ മുഖ്യ ഊര്‍ജ്ജസ്രോതസ്സ് സൂര്യനായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴുള്ള പരമ്പരാഗത ഊര്‍ജ്ജമാര്‍ഗ്ഗങ്ങളെല്ലാം ഉടന്‍ തന്നെ തടസ്സപ്പെടും. സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഒളിഞ്ഞുകിടക്കുന്ന മറ്റുചെലവുകളില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വെള്ളമോ, കല്‍ക്കരിയോ, പ്രത്യേക ഭൂമിയോ വേണ്ടായെന്നതാണ് പ്രത്യേകത. ഡല്‍ഹി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ നല്ലൊരു നീക്കമാണിത്- ഊര്‍ജ്ജമേഖലയില്‍ വിദഗ്ധനായ ശങ്കര്‍ ശര്‍മ അഭിപ്രായപ്പെട്ടു.