Uncategorized

നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടുന്നില്ലേ?

വളരെയധികം താല്‍പ്പര്യത്തോടു കൂടിയാവും ഓരോരുത്തരും ബ്ലോഗുകള്‍ ആരംഭിക്കുക. പക്ഷേ, ഏറെ പണിപ്പെട്ടുണ്ടാക്കുന്ന നിങ്ങളുടെ ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുന്നുവെന്ന് കരുതുന്നുണ്ടോ? തീര്‍ച്ചയായും അത് നിങ്ങളെ നിരാശപ്പെടുത്തും. ചില കാരണങ്ങള്‍ നമുക്ക് പരിശോധിക്കാം
എഴുത്തുകൊള്ളാം പക്ഷേ, വായിക്കാന്‍ കൊള്ളില്ല

വ്യത്യസ്തമായ വിഷയങ്ങളെ കുറിച്ച് നിങ്ങള്‍ നിരവധി പോസ്റ്റുകള്‍ പബ്ലിഷ് ചെയ്തിട്ടു കാര്യമില്ല. അത് വായനയെ പ്രചോദിപ്പിക്കുന്ന വിധം രസകരമായിരിക്കണം. കൂടാതെ ഈ രസച്ചരടില്‍ അവരെ കുടുക്കി നിര്‍ത്താന്‍ സാധിക്കണം. എഴുതുന്ന വിഷയത്തിലല്ല, അതിന്റെ രീതിയില്‍ മാറ്റം വരുത്തണം. ആവശ്യമായ സ്ഥലത്ത് ഹൈലൈറ്റുകളും ബുള്ളറ്റുകളും ചിത്രങ്ങളും നല്‍കണം. ആരെയും ആകര്‍ഷിക്കുന്ന ഹെഡ്ഡിങ് തന്നെയായിരിക്കണം വജ്രായുധം. vallikkunnu.com എന്ന ബ്ലോഗ് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും.

മൊഞ്ചുകൂട്ടാന്‍ സമയം പാഴാക്കുന്നു
തീര്‍ച്ചയായും നമ്മുടെ ബ്ലോഗ് കാണാന്‍ നല്ല ഭംഗി വെണമെന്നാണ്‌ ഓരോരുത്തര്‍ക്കും ആഗ്രഹം. പക്ഷേ, നല്ലൊരു ഡിസൈന്‍ തിരഞ്ഞെടുത്ത് അതിലേക്ക് വേണ്ട വിഡ്ജറ്റുകള്‍ അല്ലെങ്കില്‍ ഗാഡ്ജറ്റുകള്‍ ആക്ടിവേറ്റ് ചെയ്തതിനുശേഷം ഇടക്കിടെ അത് മാറ്റി കളിക്കുന്നത് നന്നല്ല. ആളുകള്‍ കാണാനല്ല നിങ്ങള്‍ ബ്ലോഗുണ്ടാക്കുന്നത്, വായിക്കാനാണ്. എന്ന അടിസ്ഥാന തത്വം ഹൃദയത്തില്‍ സൂക്ഷിക്കു.
മറ്റുള്ളവര്‍ എഴുതിയെന്നു കരുതി മാറി നില്‍ക്കാതിരിക്കുക
ഒരു പക്ഷേ, ഒരു വിഷയത്തില്‍ നിങ്ങള്‍ എഴുതാന്‍ തുടങ്ങുമ്പോഴായിരിക്കും ഒരു കാര്യം മനസ്സിലാക്കുക. ഈ വിഷയത്തില്‍ നിരവധി പോസ്റ്റുകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ഇനി ഞാനെന്തിനാണ് വെറുതെ… അങ്ങനെ ഒരിക്കലും മാറി നില്‍ക്കരുത്. നിങ്ങള്‍ എഴുതണം, ആ വിഷയത്തെ നിങ്ങളുടെതായ രീതിയില്‍ കൈകാര്യം ചെയ്യണം. തീര്‍ച്ചയായും ഇതാരുടെയെങ്കിലും ഉള്ളടക്കം നിങ്ങള്‍ അടിച്ചുമാറ്റുകയല്ല, നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍ നിങ്ങള്‍ എന്തു പറയുന്നുവെന്നറിയാന്‍ താല്‍പ്പര്യമുള്ള സ്ഥിരം വായനക്കാരാവണം നിങ്ങളുടെ ലക്ഷ്യം.

സബ്‌സ്‌ക്രിപ്ഷന്‍ ലിങ്കുകളുടെയും സോഷ്യല്‍ ഷെയറിങ് ബട്ടണുകളുടെയും അഭാവം
തീര്‍ച്ചയായും നിങ്ങളുടെ ബ്ലോഗില്‍ ഇമെയില്‍, ആര്‍.എസ്.എസ് സബ്‌സ്‌ക്രിപ്ഷന്‍ ലിങ്കുകള്‍ നല്‍കണം. കൂടാതെ വായിക്കുന്നവര്‍ക്ക് നല്ലതെന്നുതോന്നുന്ന ആര്‍ട്ടിക്കിളുകള്‍ ഷെയര്‍ ചെയ്യാനായി സോഷ്യല്‍ബട്ടണുകള്‍ ഓരോ വാര്‍ത്തയ്ക്കു താഴെയും ഉണ്ടെങ്കില്‍ നന്ന്.

ലക്ഷ്യബോധമില്ലായ്മ
നിങ്ങളുടെ ബ്ലോഗിന്റെ വളര്‍ച്ചയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു കണക്കുകൂട്ടല്‍ വേണം. ഒരാഴ്ചയോ ഒരു മാസമോ നിങ്ങള്‍ ബ്ലോഗില്‍ ഒരു പോസ്റ്റുമിട്ടിട്ടില്ലെങ്കില്‍ പിന്നെ ആരും ആ വഴിക്ക് വരില്ല. ദിവസവും പോസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ ആഴ്ചയില്‍ രണ്ടു വീതം എന്ന രീതിയിലോ മറ്റോ മനസ്സില്‍ ഉറപ്പിച്ച് ഉചിതമായ വിഷയങ്ങളില്‍ പ്രതികരിക്കണം. തോന്നുമ്പോള്‍ മാത്രം പ്രതികരിക്കുന്നത് ബ്ലോഗിന്റെ വളര്‍ച്ചയെ സഹായിക്കില്ല. തീര്‍ച്ചയായും ബ്ലോഗിലേക്ക് ഞാന്‍ ഈ വര്‍ഷമാവുമ്പോഴേക്കും ഇത്ര വായനക്കാരെ കൊണ്ടു വരുമെന്ന ഒരു തീരുമാനം വേണം.
മറ്റു ബ്ലോഗുകളെ നമ്മുടെ പരസ്യ സ്ഥലമാക്കുക
ഏറെ തിരക്കുള്ള ബ്ലോഗുകള്‍ കണ്ടെത്തുകയും ആ ബ്ലോഗുകളില്‍ നിന്ന് താങ്കളുടെ ബ്ലോഗിനുള്ള വ്യത്യാസം എന്താണെന്ന് കണ്ടുപിടിയ്ക്കാന്‍ ശ്രമിക്കുക. അതിലുള്ള നല്ല പോസ്റ്റുകള്‍ വായിച്ച് കമന്റ് ചെയ്യുക. ഗസ്റ്റ് പോസ്റ്റുകള്‍ നല്‍കുക. സ്വാഭാവികമായും മറ്റുള്ളവര്‍ നിങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങും.

സോഷ്യല്‍ സൈറ്റുകളെ ഉപയോഗിക്കുക
ഫേസ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കുട്ട്, മൈസ്‌പേസ് തുടങ്ങിയ സോഷ്യല്‍ സൈറ്റുകളെ താങ്കളുടെ ബ്ലോഗിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുക.

ഇ മെയില്‍ മാര്‍ക്കറ്റിങ്
നിങ്ങളുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ് അപ് ചെയ്ത കാര്യം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇമെയിലിലൂടെ അറിയിക്കുക. പറ്റുമെങ്കില്‍ അവരുടെ സുഹൃദ് വലയവും ഉള്‍പ്പെടുന്ന ഇമെയില്‍ അഡ്രസ് ലിസ്റ്റ് ഉണ്ടാക്കുക.

ക്ഷമയോടെ കാത്തിരിക്കുക
നിങ്ങളുടെ ബ്ലോഗ് എന്നത് ഒരൊറ്റയാള്‍ പോരാട്ടമാണ്. അതിലേക്കുള്ള ഉള്ളടക്കം തയ്യാറാക്കുന്നതും അതിനെ പ്രമോട്ട് ചെയ്യുന്നതും ഡിസൈന്‍ ചെയ്യുന്നതും എല്ലാം നിങ്ങള്‍ തന്നെയാണ്. ബ്ലോഗിന്റെ കാര്യത്തില്‍ ക്ഷമയാണ് ഏറ്റവും വിലപിടിപ്പുള്ള കാര്യം. ഇന്ന് ബ്ലോഗ് ലോകത്ത് അറിയപ്പെടുന്നവരെല്ലാം വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇത്രയും വായനക്കാരെ സ്വന്തമാക്കിയത്.