നിഫ്റ്റി 5400നുമുകളില്‍, എണ്ണക്കമ്പനികള്‍ക്ക് നേട്ടം

മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള അനുകൂലവാര്‍ത്തകളും എണ്ണവില വീണ്ടും വര്‍ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളും ചേര്‍ന്ന് ഇന്നു ഇന്ത്യന്‍ ഓഹരിവിപണിയില്‍ പച്ചക്കത്തിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി തുടങ്ങിയ മുന്‍നിര കമ്പനികള്‍ നടത്തിയ മുന്നേറ്റവും ഷോട്ട് കവറിങും ചേര്‍ന്നാണ് വിപണിയെ കൈപിടിച്ചുയര്‍ത്തിയത്.
സെന്‍സെക്‌സ് 197.40 പോയിന്റുയര്‍ന്ന് 18044.64ലും നിഫ്റ്റി 63.40 വര്‍ധിച്ച് 5412.35ലും വില്‍പ്പന അവസാനിപ്പിച്ചത്. ഫ്യൂച്ചര്‍, ഓപ്ഷന്‍ മെയ്മാസ വ്യാപാരത്തിന്റെ അവസാനദിവസമായ ഇന്നു വിപണി 5380 എന്ന നിര്‍ണായകമായ സപ്പോര്‍ട്ടീവ് ലെവലും തകര്‍ത്ത് താഴേക്കു പതിക്കുമെന്ന ആശങ്കകള്‍ സജീവമായിരുന്നു. പക്ഷേ, അമേരിക്ക, യൂറോപ്പ് വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തത് ഇന്ത്യ അടക്കമുള്ള ഏഷ്യന്‍വിപണിക്ക് പ്രചോദനമായി.
മെച്ചപ്പെട്ട നാലാംപാദപ്രവര്‍ത്തന ഫലത്തിന്റെ വെളിച്ചത്തില്‍ ടാറ്റാ സ്റ്റീല്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. 561.50ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി ഒരു സമയത്ത് 579.80 വരെ ഉയര്‍ന്ന് 572.60ലാണ് ക്ലോസ് ചെയ്തത്.
മെയ് 14ലിനവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പം തൊട്ടുമുമ്പുള്ള ആഴ്ചയിലെ 7.47ശതമാനത്തിനെ അപേക്ഷിച്ച് 8.55 ശതമാനമായി ഉയര്‍ന്നത് വിപണിയില്‍ മ്ലാനത പടര്‍ത്തി. മെയ് മാസം വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഏകദേശം 7791 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചത്.
അതുകൊണ്ടു തന്നെ ഇന്നത്തെ നേട്ടത്തെ ഒരു കുതിപ്പിനു മുന്നോടിയായി കാണാന്‍ പറ്റില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അടുത്ത മൂന്നാഴ്ചക്കുള്ളില്‍ നിഫ്റ്റി 5200 ലെവലിലേക്ക് താഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള താഴ്ച കടന്നുവന്നില്ലെങ്കില്‍ വിപണി  വരും മാസങ്ങളില്‍ 5300-5500  ലെവലിനുള്ളില്‍ കുടുങ്ങികിടക്കാനാണ് സാധ്യത. തീര്‍ച്ചയായും ജൂണ്‍-സെപ്തംബര്‍ മാസത്തില്‍ ലഭിക്കുന്ന മണ്‍സൂണ്‍ മഴയും പണപ്പെരുപ്പവും എണ്ണവിലവര്‍ധനയും യൂറോപ്യന്‍ സാമ്പത്തികപ്രതിസന്ധികളും  നിര്‍ണായകമാവും. പണപ്പെരുപ്പത്തിലും ക്രൂഡ് വിലയിലും സ്ഥിര സ്വഭാവം കടന്നുവരാത്തിടത്തോളം കാലം വിപണിയില്‍ ഒരു വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. കാര്‍ഷികവൃത്തിയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സാമ്പത്തികവ്യവസ്ഥയാണ് ഇന്ത്യക്കുള്ളത്. നല്ല മഴ ലഭിച്ചാല്‍ നല്ല വിളവ് ലഭിക്കും. സ്വാഭാവികമായും വരുമാനം വര്‍ധിക്കുന്നതോടെ അത് വാഹനവിപണിയെയും കണ്‍സ്യൂമര്‍ ഗൂഡ്‌സ്, കമോഡിറ്റി മാര്‍ക്കറ്റുകളെയും ഉത്തേജിപ്പിക്കും.
ഒ.എന്‍.ജി.സി കമ്പനിയോടൊപ്പം ഹീറോ ഹോണ്ട മോട്ടോര്‍സ്, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്, ഡി.എല്‍.എഫ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനികളുടെ ഓഹരികളാണ് ഇന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം റിലയന്‍സ് കാപ്പിറ്റല്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഐ.ടി.സി ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍ ഓഹരികള്‍ക്ക് തിരിച്ചടിയുടെ ദിവസമായിരുന്നു.