നിഫ്റ്റി 5500 ലെവല്‍ നിലനിര്‍ത്തി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചില അദ്ഭുതങ്ങള്‍ നടന്ന ദിവസമാണിന്ന്. അമേരിക്കന്‍ വിപണിയും യൂറോപ്യന്‍ വിപണിയും ഏറെ നഷ്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നായിരുന്നു ഇന്ത്യന്‍ വിപണിയുടെ തുടക്കം. മേമ്പൊടിയായി ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായെന്ന വാര്‍ത്തകളും എത്തിയിരുന്നു. ആഭ്യന്തരമായി പ്രത്യേകിച്ച് യാതൊരു പ്രചോദനമില്ലാതിരുന്നിട്ടും വിപണി ഇന്നു മികച്ച പ്രകടനം നടത്തിയത് നിക്ഷേപകര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി.
നഷ്ടത്തിലായ 300 പോയിന്റുകള്‍ സെന്‍സെക്‌സ് തിരിച്ചുപിടിച്ചതും നിഫ്റ്റി 5500 ലെവലില്‍ ക്ലോസ് ചെയ്തതും ശ്രദ്ധേയമായി. സെന്‍സെക്‌സ് ചെറിയ നഷ്ടത്തോടെ 18327.76ലും നിഫ്റ്റി 5505.90ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. എന്നാല്‍ ഈ ഷോര്‍ട്ട് കവറിങ് പ്രോഫിറ്റ് ബുക്കിങിനുവേണ്ടിയുള്ളതാണോയെന്ന് തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ നിഫ്റ്റി 5200 വരെ താഴാനുള്ള സാധ്യത തുടരുകയും ചെയ്യും.