നിഫ്റ്റി 6100 കടന്നു


മുംബൈ: ഡിസംബര്‍ ഫ്യൂച്ചര്‍ കോളുകളുടെ കാലാവധി തീരുന്ന ദിവസമായ ഇന്നു സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 133.04 പോയിന്റ് വര്‍ധിച്ച് 20389.07ലും നിഫ്റ്റി 41.50 ഉയര്‍ന്ന് 6101.85ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
എല്ലാ സെക്ടറും ഇന്നു ലാഭത്തിലാണ് ക്ലോസ് ചെയ്തത്. അതേ സമയം അ്രന്താരാഷ്ട്രവിപണിയില്‍ വിലവര്‍ധിക്കുന്നതിനാല്‍ ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ ഇന്നു വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു. അതേ സമയം എണ്ണ വില കൂടുന്നതിനാല്‍ നിക്ഷേപകരുടെ ശ്രദ്ധ മറ്റുമേഖലകളിലേക്ക് തിരിയുകയാണ്. സുസ്‌ലോണ്‍ എനര്‍ജി ഇന്നു മാത്രം അഞ്ചുശതമാനത്തിന്റെ വര്‍ധനവാണ് നേടിയത്.
മുംബൈ ഓഹരി സൂചിക പരിശോധിക്കുകയാണെങ്കില്‍ എന്‍.ടി.പി.സി, ഹീറോ ഹോണ്ട, ടാറ്റാ മോട്ടോര്‍സ്, ഹച്ച്.യു.എല്‍, സ്റ്റെര്‍ലൈറ്റ് ഓഹരികളാണ് ഇന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. യൂറിയ ഓഹരികളിലെ വിലനിയന്ത്രണം പിന്‍വലിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്ന വാര്‍ത്തകള്‍ വളം മേഖലയിലെ കമ്പനികളുടെ വില ഉയര്‍ത്തി. രാഷ്ട്രീയ കെമിക്കല്‍സ് മൂന്നു ശതമാനത്തോളവും ടാറ്റാ കെമിക്കല്‍സ് .5 ശതമാനവും ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ് 3.66 ശതമാനവും വളര്‍ച്ച നേടി.
അതിനിടെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ അനുവദിക്കാനാവില്ലെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനം എസ്.ഇ ഇന്‍വെസ്റ്റ്‌മെന്റിന്റെയും എസ്.കെ.എസ് മൈക്രോഫിനാന്‍സ് ഓഹരികളുടെയും മൂല്യത്തില്‍ കാര്യമായ കുറവുണ്ടാക്കി.
അതേ സമയം പണപ്പെരുപ്പനിരക്കിനെ കുറിച്ചുള്ള ഡാറ്റകള്‍ പുറത്തുവന്നത് ബാങ്കിങ് ഓഹരികളെ ക്ഷീണിപ്പിച്ചു. ഭക്ഷ്യവിലപെരുപ്പം 14.44 ശതമാനമായി ഉയര്‍ന്നത് തിരിച്ചടിയായി. കഴിഞ്ഞ വാരം ഇത് 12.14 മാത്രമായിരുന്നു.
വാങ്ങാവുന്ന ഓഹരികള്‍: യുനൈറ്റഡ് ഫോസ്ഫറസ്, എ.സി.സി, ഡെക്കാണ്‍ ക്രോണിക്കിള്‍, സ്‌റ്റെര്‍ലൈറ്റ്, റോള്‍ട്ടാ, സുസ്‌ലോണ്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, യൂനിയന്‍ ബാങ്ക്, യെസ് ബാങ്ക്.

This entry was posted in Uncategorized by . Bookmark the permalink.