Uncategorized

പത്തുദിവസത്തിനുശേഷം പച്ചകത്തി

മുംബൈ: നേട്ടങ്ങളൊന്നും കാത്തുസൂക്ഷിക്കാനായില്ലെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി ഇന്നു വില്‍പ്പന നിര്‍ത്തിയത് ഗ്രീന്‍ സോണിലായിരുന്നു. തുടര്‍ച്ചയായ 10 സെഷനുകളില്‍ നഷ്ടത്തില്‍ നീങ്ങിയതിനുശേഷമാണ് ഈ നേട്ടമെന്നതിനാല്‍ അതിന്റെ മാറ്റു വര്‍ധിച്ചു. സെന്‍സെക്‌സ് 21.81 പോയിന്റുയര്‍ന്ന് 18882.25ലും നിഫ്റ്റി നിലവിലുള്ള സ്ഥിതി നിലനിര്‍ത്തുകയുംചെയ്തു.
ഐ.ടി, ടെക്‌നിക്കല്‍ മേഖലകള്‍ കാര്യമായ നേട്ടമുണ്ടാക്കി. യഥാക്രമം 1.73ന്റെയും 1.33ന്റെയും വളര്‍ച്ചയാണുണ്ടായത്.
ശതമാനക്കണക്കില്‍ നോക്കിയാല്‍ ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, പെട്രോനെറ്റ് എല്‍.എന്‍.ജി, മാരികോ ലിമിറ്റഡ്, പാറ്റ്‌നി കംപ്യൂട്ടേഴ്സ്സിസ്റ്റംസ് എന്നീ കമ്പനികളാണ് ഇന്നു ഏറ്റവുമധികം ലാഭമുണ്ടാക്കിയത്. അതേ സമയം പാന്റലൂണ്‍ റീട്ടെയ്ല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ജെറ്റ് എയര്‍വെയ്‌സ്, സ്റ്റീല്‍ അഥോറിറ്റി, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് ഇന്നു കനത്ത തിരിച്ചടിയേറ്റു.