പുതിയ ഡൊമെയ്ന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഇന്നത്തെ ലോകത്ത് ഏതൊരു ബിസിനസ്സിന്റെയും മര്‍മപ്രധാനമായ കാര്യമാണ് ഒരു ഡൊമെയ്ന്‍ നെയിം. ഡൊമെയ്ന്‍ വില്‍പ്പനക്കാരായി നിരവധി കമ്പനികളെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണാന്‍ സാധിക്കും. പല കമ്പനികളും പല ചാര്‍ജ്ജായിരിക്കും ഈടാക്കുന്നത്. ഇതില്‍ നിന്ന് മികച്ചൊരു ഡൊമെയ്ന്‍ വില്‍പ്പനക്കാരനെ എങ്ങനെ കണ്ടെത്തും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1 പ്രശസ്തിയും അംഗീകാരവുമുള്ള ഒരു ഡൊമെയ്ന്‍ രജിസ്ട്രാറില്‍ നിന്ന് പേര് സ്വന്തമാക്കുന്നാണ് നല്ലത്. ചിലപ്പോള്‍ ഇവരേക്കാള്‍ കുറഞ്ഞ ചാര്‍ജ്ജുള്ള വില്‍പ്പനക്കാരെ നിങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടേക്കാം. പക്ഷേ, നിങ്ങള്‍ക്കു മികച്ച വില്‍പ്പാനന്തരസേവനം ലഭിക്കാന്‍ നല്ല രജിസ്ട്രറികളില്‍ നിന്നു മാത്രം ഡൊമെയ്ന്‍ വാങ്ങുക. ഇത് ബിസിനസ് ഉള്ളിടത്തോളം കാലം നീണ്ടുനില്‍ക്കേണ്ട സുദീര്‍ഘമായ ഒരു ബന്ധത്തിന്റെ തുടക്കമാണ്. കൂണുപോലെ മുളച്ചുപൊന്തുന്ന കമ്പനികള്‍ നാളെ ഒരു പക്ഷേ, കണ്ടില്ലെന്നു വന്നേക്കാം. സ്വന്തം ഡൊമെയ്ന്‍ തന്നെ പതിനായിരങ്ങള്‍ കൊടുത്ത് നിങ്ങള്‍ക്ക് വീണ്ടും വാങ്ങേണ്ട അവസ്ഥ വന്നേക്കാം..

2 ഒരു വെബ് സൈറ്റ് തുടങ്ങാനുള്ള നിങ്ങളുടെ ശ്രമത്തിലെ ആദ്യപടിയാണ് ഡൊമെയ്ന്‍ ബുക്കിങ്. ഇത് ബുക്ക് ചെയ്യാന്‍ ഒരിക്കലും മറ്റൊരാളെ അനുവദിക്കരുത്. ഡൊമെയ്ന്‍ നിങ്ങള്‍ തന്നെ ബുക്ക് ചെയ്ത് വെബ്‌സൈറ്റ് ഡിസൈനര്‍ക്ക് നല്‍കുന്നതാണ് ഭംഗി. കഴിയുന്നതും ഡൊമെയ്‌നും സര്‍വറും തമ്മിലുള്ള കണക്ഷന്‍ സാധ്യമാക്കുന്ന nameserver നിങ്ങള്‍ തന്നെ മാറ്റിനല്‍കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ബിസിനസ്സും സ്വകാര്യതയും ഉറപ്പുവരുത്തും. ഭാവിയില്‍ നിങ്ങളുടെ ഡൊമെയ്‌നിന്റെ കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടാവാതിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഡൊമെയ്‌നിന്റെ കണ്‍ട്രോള്‍ അധികപക്ഷവും ഒരു ഇമെയില്‍ ആയിരിക്കും. ആ ഇമെയില്‍ നിങ്ങളുടെതായിരിക്കും. കൂടാതെ ആ ഡൊമെയ്ന്‍ കണ്‍ട്രോള്‍പാനല്‍ പാസ്‌വേര്‍ഡ് നിങ്ങള്‍ക്ക് മാത്രം അറിയുന്ന രഹസ്യമായിരിക്കണം. ഡൊമെയ്ന്‍ whois നോക്കിയാല്‍ ലഭിക്കുന്ന വിലാസം നിങ്ങളുടേതാണെന്ന് ഉറപ്പുവരുത്തണം.

3 ഒരു നല്ല ഡൊമെയ്ന്‍ വാങ്ങുന്നതിന് പണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നല്‍കരുത്. .com ഡൊമെയ്ന്‍ എടുക്കുന്നതാണ് വാണിജ്യാവശ്യങ്ങള്‍ക്ക് നല്ലത്. ഇതിനു പരമാവധി വരുന്ന വില 500 രൂപ മാത്രമാണ്. വന്‍കിടകമ്പനികള്‍ക്കായി .co എന്ന പേരില്‍ പുതിയ ഒരു എക്സ്റ്റന്‍ഷനും പുറത്തിറങ്ങിയിട്ടുണ്ട്.

4 വന്‍തോതില്‍ ഇന്‍വെസ്്റ്റ് വരുന്ന സ്ഥാപനങ്ങളാണ് നിങ്ങള്‍ ആരംഭിക്കുന്നതെങ്കില്‍ ഡൊമെയ്ന്‍ അഞ്ചുവര്‍ഷത്തിനോ പത്തുവര്‍ഷത്തിനോ ഒന്നിച്ചു ബുക്ക് ചെയ്യുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ തിരക്കിനിടയില്‍ റിന്യു ചെയ്യാന്‍ മറന്നു പോയാല്‍ അത് നിങ്ങളുടെ ബിസിനസ്സിനെ പ്രതികൂലമായി ബാധിക്കും. കാരണം നിങ്ങളുടെ വെബ്‌സൈറ്റ് നിങ്ങളുടെ ആഗോളപരസ്യമാണ്. ക്രെഡിറ്റ് കാര്‍ഡ്, പേ പാല്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ ഓട്ടോമാറ്റിക് റിന്യു എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താലും മതി. കൂട്ടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പര്‍ച്ചേസ് എങ്കില്‍ ഇത് ക്ലിക്ക് ചെയ്യാതിരിക്കുന്നതാണ് മര്യാദ.

വിവിധ വെബ് കോഴ്‌സുകള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികള്‍ ആരംഭിക്കുന്ന പുതിയ സ്ഥാപനങ്ങളില്‍ നിന്ന് ഡൊമെയ്‌നുകള്‍ വാങ്ങുമ്പോള്‍ ഡൊമെയ്ന്‍ നിങ്ങളുടെ പേരിലാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ ഇവര്‍ ഡൊമെയ്്ന്‍ വില്‍പ്പനയ്ക്ക് അംഗീകാരമുള്ള ഡയറക്ട് റീസെല്ലറാണോയെന്നു കൂടി പരിശോധിക്കണം. കാരണം രണ്ടു വര്‍ഷം കഴിഞ്ഞ് ഈ കുട്ടികള്‍ ജോലി ആവശ്യാര്‍ഥം ഗള്‍ഫിലേക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തിലേക്കോ പോയി കഴിഞ്ഞാല്‍ നിങ്ങളുടെ ഡൊമെയ്ന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ആരെ സമീപിക്കണമെന്നറിയാതെ ബുദ്ധിമുട്ടും. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് സേവനം നേടുകയാണ് നല്ലത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് mail@shinod.in