പ്രദീപ്കുമാറിന്റെ തല ആര്‍ക്കാണ്?

ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു യാത്രയിലാണ് അവസാനമായി പ്രദീപ്കുമാറിനെ കണ്ടത്. സാധാരണ സെക്കന്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍. കേട്ടറിഞ്ഞ ആരാധ്യപുരുഷനെ കണ്ടപ്പോള്‍ അടുത്തിരിക്കുന്നവരോട് അതു വ്യക്തമാക്കാന്‍ ഞാനും മറന്നില്ല.

ട്രെയിനില്‍ രസകരമായ ഒരു സംഭവവുമുണ്ടായി. ഒരു സ്ത്രീയുടെ ടിക്കറ്റില്‍ പേര് പാര്‍വതി, മെയില്‍ എന്നു രേഖപ്പെടുത്തിയിരിക്കും. കൈവശം പാര്‍വതിയാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഉണ്ട്. പക്ഷേ, മെയില്‍ എന്നു രേഖപ്പെടുത്തിയതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് ടിടി. ചില്ലറ കിട്ടാനുള്ള അസുഖം.
കുറച്ചു നേരം നോക്കി നിന്നതിനുശേഷം പ്രദീപ്കുമാര്‍ ഇടപെട്ടു. ഒരു സാധാരണക്കാരനെ പോലെ. ടിടിആര്‍ ഡയലോഗ് തുടങ്ങി. ഇതൊരു ക്ലറിക്കല്‍ മിസ്‌റ്റേക്കാണെന്നത് പകല്‍പോലെ വ്യക്തമാണ്.  തെലുങ്കന്‍ ടിടിആറിന് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ്. രാത്രിയാണ്. സ്ത്രീയാണ്. ഇവരെ ഇറക്കിവിടാനാവില്ലെന്ന നിലപാടിലാണ് പ്രദീപ്കുമാര്‍. ആളുകള്‍ തിരിയാന്‍ തുടങ്ങിയപ്പോള്‍ ടിടിആര്‍ അടുത്ത കംപാര്‍ട്ട്‌മെന്റിലുള്ള സഹപ്രവര്‍ത്തകനുമായെത്തി. വന്നത് മലയാളി ടിടിആര്‍. അയാള്‍ വന്നതും വാണം വിട്ട പോലെ പോകുന്നതാണ് കണ്ടത്. കാരണം അയാള്‍ പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞിരുന്നു.. പറഞ്ഞു വരുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന, മാനിക്കുന്ന ജനകീയനായ ഉദ്യോഗസ്ഥനാണ് പ്രദീപ്കുമാര്‍.

ഇയാള്‍ക്കെതിരേ ലീഗും കോണ്‍ഗ്രസും തിരിയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. ഇയാള്‍ സിപിഎംകാരനൊന്നുമല്ല. കൊളത്തറയില്‍ പോലിസുകാരെ കൈവെച്ചപ്പോള്‍ ഭരിയ്ക്കുന്നത് സിപഎമ്മായിട്ടുപോലും കണക്കിന് കൊടുത്ത ചരിത്രം പ്രദീപ് കുമാറിനുണ്ട്. മാറാട്, നാദാപുരം കേസുകളുടെ അന്വേഷണചുമതലയില്‍ നിന്നും പ്രദീപ് കുമാറിനെ മാറ്റി, പണ്ട് രാഹുല്‍ഗാന്ധി കോഴിക്കോട് വന്നപ്പോള്‍ വയര്‍ലസിലൂടെ ചങ്ങായി എന്നു വിളിച്ച ഒരു പഴയ കേസ് കുത്തിപ്പൊക്കിയെടുത്തു. ചങ്ങായി എന്നു വിളിച്ചാല്‍ ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് സുഹൃത്ത് തന്നെയാണ്. എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് എന്താണ്?