മറ്റുള്ളവര്‍ തിരക്കുകൂട്ടുമ്പോള്‍ നിങ്ങള്‍ പേടിക്കണം, മറ്റുള്ളവര്‍ പേടിക്കുമ്പോള്‍ നിങ്ങള്‍ നേടിയെടുക്കണം

മുംബൈ: ഓഹരി വിപണി താഴേക്കു താഴേക്കു വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള നിക്ഷേപകരെല്ലാം ആശങ്കയിലാണെങ്കിലും വിപണിയിലേക്ക് പുതുതായി ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും നല്ല സമയമാണ്. ഈ വര്‍ഷം വിപണി 40 ശതമാനത്തോളം ഇടിവ് നേരിട്ടതിനുശേഷവും ഓഹരി വിപണിയെ വിശ്വസിക്കണമെന്നു പറയുന്നതിലെ യുക്തി ചിലര്‍ക്കെങ്കിലും മനസ്സിലാവുന്നുണ്ടാവില്ല.
ഇങ്ങനെ ചിന്തിച്ചുനോക്കൂ… നിങ്ങള്‍ ഒരു സാധനം വാങ്ങാന്‍ ഉദ്ദേശിക്കുന്നു. ആ സാധനത്തിന് ഒരു ഫെസ്റ്റിവല്‍ ഓഫറായി 40 ശതമാനം കിഴിവുണ്ട്.. തീര്‍ച്ചയായും നിങ്ങള്‍ അത് വാങ്ങുമെന്ന കാര്യം തീര്‍ച്ചയാണ്.
നിക്ഷേപത്തിനു താല്‍പ്പര്യമുണ്ട്. പക്ഷേ, റിസ്‌കെടുക്കാന്‍ താല്‍പ്പര്യമില്ല. ഇപ്പോള്‍ വിപണിയില്‍ പണം നിക്ഷേപിച്ചു കുടുങ്ങി കിടക്കുന്നവരെ കുറിച്ച് ഒന്നും പറയാനില്ലെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും.. ബാങ്കിലെ പലിശയും ബിസിനസ്സിലെ ലാഭവും നിങ്ങള്‍ കണക്കുകൂട്ടുന്നത് അധികവും വാര്‍ഷികാടിസ്ഥാനത്തിലായിരിക്കും. ഓഹരി വിപണയിലെ നിക്ഷേപവും നമ്മള്‍ ആ രീതിയില്‍ കണക്കുകൂട്ടിനോക്കിയാല്‍ കാര്യം മനസ്സിലാവും.
അല്‍പ്പം സമയം ചെലവഴിച്ചാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 15 ശതമാനം ലാഭം നേടാന്‍ ഒരു പ്രയാസവുമില്ല. കൂടുതല്‍ അറിവും താല്‍പ്പര്യവുമുള്ളവര്‍ 30ഉം 40 ഉം ശതമാനം സ്വന്തമാക്കും.. ഒരു കുന്നിന് ഒരു കയറ്റവും ഇറക്കവും ഉള്ളതുപോലെ വിപണിക്ക് താഴ്ചയും ഉയര്‍ച്ചയും സ്വാഭാവികമാണ്. എന്ന കാര്യവും ഇതിനോടൊപ്പം കൂട്ടിചിന്തിക്കണം.
ഏത് കച്ചവടത്തിലും ലാഭം കിട്ടണമെങ്കില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനം ലഭിക്കണം. ഇവിടെ ഓഹരിയുടെ വിലകുറയുന്ന ദിവസങ്ങളാണ് നിങ്ങളുടെ മുന്നിലൂടെ കടന്നുപോവുന്നത്. മുന്നോട്ടുകുതിക്കുന്ന ഒരു വിപണിയില്‍ നിന്ന് എല്ലാവര്‍ക്കും ലാഭമുണ്ടാക്കാനാവും..എന്നാല്‍ അതിന് ഒരു പരിധിയിയുണ്ട്.
ഇപ്പോഴത്തെ വിപണിയില്‍ നിക്ഷേപകര്‍ അറച്ചുനില്‍ക്കുകയാണ്. ഇവിടെയാണ് നിങ്ങളുടെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. ഇതിനര്‍ഥം അന്ധമായി വാങ്ങികൂട്ടണമെന്നല്ല. വ്യക്തമായ പദ്ധതികളോടെ വാങ്ങി വയ്ക്കണം. ഓരോ പര്‍ച്ചേസിനും വസ്തുതകളുടെ പിന്‍ബലം വേണം.
ഒരു പക്ഷേ, ഉടന്‍ ഒരു തിരിച്ചുവരവ് ഈ പണത്തില്‍ നിന്ന് നിങ്ങള്‍ക്കുണ്ടാവില്ല. പക്ഷേ, അത് തിരിച്ചുവരുമ്പോള്‍ നിങ്ങളുടെ മറ്റേത് നിക്ഷേപമാര്‍ഗ്ഗത്തിനേക്കാളും വലിയൊരു തുക നിങ്ങള്‍ ലാഭമുണ്ടാക്കി തരുമെന്ന കാര്യം തീര്‍ച്ചയാണ്.
കഴിഞ്ഞ ആറുവര്‍ഷമായി ട്രേഡിങ് നടത്തുന്ന എനിക്ക് നഷ്ടങ്ങളുണ്ടായിയെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ചില സ്‌ക്രിപ്റ്റുകള്‍ മാസങ്ങളോളം കെട്ടികിടന്നിട്ടുണ്ട്. പക്ഷേ. ഒരു വര്‍ഷത്തെ കണക്കു നോക്കുമ്പോള്‍ അതെല്ലാം ലാഭത്തില്‍ തന്നെയാണ് ഞാന്‍ വിറ്റൊഴിവാക്കിയിട്ടുണ്ട്. നല്ല ഓഹരികളും വിപണികളെ കുറിച്ചും സ്വന്തം തീരുമാനത്തെ കുറിച്ചുമുള്ള വിശ്വാസവും നിര്‍ണായകമാണ്. ആരെങ്കിലും പറയുന്നതുകേട്ട് ഓഹരികള്‍ വാങ്ങുകയും മറ്റാരെങ്കിലും പറയുന്നതുകേട്ട് അത് വിറ്റൊഴിവാക്കി…അയ്യോ..നഷ്ടം വന്നേ എന്ന് അലറികരയുന്നവരും ഈ മേഖലയിലേക്ക് വരാത്തതാണ് നല്ലത്. ഈ കാര്യത്തില്‍ സ്വന്തം നിലപാടുകളാണ് വേണ്ടത്.