മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപഭോക്താവിന് അനുഗ്രഹമാവും

mobile ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സേവന മേഖലയില്‍ ഓഫറുകളെ പെരുമഴയാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സെക്കന്റ് പള്‍സും സ്‌പെഷ്യല്‍ ഓഫറുകളുമായി കമ്പനികള്‍ ഇപ്പോള്‍ തന്നെ തീപാറുന്ന പോരാട്ടത്തിലാണ്. അടുത്ത മാസം 31ഓടു കൂടി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി യാഥാര്‍ഥ്യമാവുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന അവസ്ഥയാണുണ്ടാക്കുക. പുതിയ കസ്റ്റമറെ കണ്ടെത്തുന്നതിനേക്കാള്‍ കമ്പനികള്‍ ഒരു പക്ഷേ, മല്‍സരിക്കുക, മറ്റു കമ്പനികളുടെ പ്രീമിയം വരിക്കാരെ സ്വന്തമാക്കാനായിരിക്കും. ഇത്തരം ഒരു നീക്കം കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കും. എന്തായാലും ഇതുകൊണ്ടു അടിസ്ഥാന പരമായി ലാഭം ഉപഭോക്താക്കള്‍ക്കു തന്നെയാവും. ഒരു കമ്പനിയില്‍ നിന്ന് നല്ല സേവനം ലഭിക്കുന്നില്ലെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ സാധിക്കും. നമ്പര്‍ മാറുന്നതിനു മടിച്ചാണ് ഇപ്പോള്‍ പലരും മൊബൈല്‍ കമ്പനികളെ മാറ്റാന്‍ തയ്യാറാവാത്തത്.
എം.എന്‍.പി യാഥാര്‍ഥ്യമാവുന്നതോടെ ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് കസ്റ്റമര്‍ക്ക് മാറാന് സാധിക്കും. മാര്‍ക്കറ്റിലേക്ക് ദിവസം തോറും പുതിയ പുതിയ കമ്പനികള്‍ കടന്നു വരുന്നതിനാല്‍ ഇത് മല്‍സരം ഒന്നു കൂടി വര്‍ധിപ്പിക്കുമെന്നുറപ്പാണ്. ഇപ്പോല്‍ യുനൈറ്റഡ് കിങ്ഡം, ജര്‍മനി, ഹോങ്കോങ്, അമേരിക്ക, സിങ്കപ്പൂര്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുണ്ട്. എന്തിനേറെ നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്‍ 2007ല്‍ തന്നെ ഇതു നടപ്പാക്കിയിട്ടുണ്ട്.