യുലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുവെന്ന മെച്ചമുണ്ടെങ്കിലും യൂലിപ് ഒരു തരം മ്യൂച്ചല്‍ ഫണ്ട് തന്നെയാണ്.് ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടുമിക്ക കാര്യങ്ങള്‍ ഇവിടെയും ബാധകമാണ്. നിക്ഷേപകരുടെ അറിവില്ലായ്മയാണ് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നത്. യൂലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.
1 ഫണ്ട് അലോട്ട്‌മെന്റ് എത്രയെന്ന് ചോദിച്ചു മനസ്സിലാക്കണം. നിങ്ങള്‍ നല്‍കുന്ന ആദ്യ തവണയില്‍ എത്ര നിക്ഷേപത്തിനായി പോവുന്നു? കമ്മീഷനും,മറ്റു കമ്പനി ചെലവുകള്‍ക്കായി എത്ര പോവുന്നു എന്നീ കാര്യങ്ങള്‍ മനസ്സിലാക്കണം. നിക്ഷേപത്തിലേക്ക് 90 ശതമാനത്തിലധികം തുക നീക്കിവയ്ക്കാത്ത ഉല്‍പ്പന്നങ്ങളെ നിരാകരിക്കുക.
2 ഓഹരി സൂചികകള്‍ ഉയര്‍ന്നുനില്‍ക്കുന്ന സമയത്ത് ചേരാതിരിക്കുന്നതാണ് നല്ലത്. കാരണം അപ്പോള്‍ വാങ്ങുന്ന യൂനിറ്റുകള്‍ക്ക് മൂല്യം കുറവായിരിക്കും.
3 ലോക്കിങ് പിരിയഡ് എത്ര സമയത്തേക്കാണെന്ന് മനസ്സിലാക്കണം. അതിനേക്കേള്‍ പ്രാധാന്യമുള്ളതാണ്. എത്രകാലത്തേക്കാണ് നിങ്ങളുടെ പോളിസി ചേര്‍ത്തിയിട്ടുള്ളതെന്ന കാര്യം. അഞ്ചുവര്‍ഷം കഴിഞ്ഞ് എടുക്കാമെന്ന് നിങ്ങളുടെ ഏജന്റ് പറയും. പക്ഷേ, പോളിസി ചേര്‍ത്തിട്ടുണ്ടാവുക 15 വര്‍ഷത്തിനോ 20 വര്‍ഷത്തിനോ ആയിരിക്കും. തീര്‍ച്ചയായും നിങ്ങളുടെ പണം കമ്പനിയുടെ ഫണ്ട് മാനേജര്‍മാര്‍ അത്രയും കാലത്തിനു പ്ലാന്‍ ചെയ്തിട്ടായിരിക്കും വിവിധ കമ്പനി ഓഹരികളില്‍ നിക്ഷേപിക്കുക. പെട്ടെന്ന് നിങ്ങള്‍ പണം ആവശ്യപ്പെട്ടാല്‍ അതുകൊണ്ടുണ്ടാവുന്ന നഷ്ടത്തിനുള്ള ഉത്തരവാദി നിങ്ങള്‍ തന്നെയാണ്. അതുകൊണ്ട് എത്ര കാലമാണോ തിരഞ്ഞെടുക്കുന്നത് അത്ര കാലം കാത്തിരിക്കാന്‍ തയ്യാറാവണം. അഞ്ചുവര്‍ഷം എന്നു പറയുന്നത് ലോക്കിങ് പിരിയഡ് മാത്രമാണ്.
4 പണം തിരിച്ചെടുക്കുന്ന സമയവും നിര്‍ണായകമാണ്. ഓഹരി സൂചികകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് പണം തിരിച്ചെടുക്കുന്നതാണ് നല്ലത്. അല്ലാതെ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വിപണി മൂല്യം കൂടികൊള്ളണമെന്നില്ല.
ഒരു പോളിസിയില്‍ ചേരുമ്പോള്‍ ഒരു കരാറിലാണ് നിങ്ങള്‍ ഒപ്പിടുന്നത്. ആ കരാര്‍ ഒപ്പിടുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ വ്യക്തമായി മനസ്സിലാക്കണം. അതു മനസ്സിലാക്കാതെ, വിപണി നോക്കാതെ ബാങ്ക് നിക്ഷേപം പണമെടുക്കാന്‍ ഓടുന്നവര്‍ക്കാണ് പലപ്പോഴും നഷ്ടം സംഭവിക്കുന്നത്. യൂലിപ്പിലായാലും മ്യൂച്ചല്‍ ഫണ്ടിലായാലും ഓഹരി വിപണിയിലായാലും അറിഞ്ഞു നിക്ഷേപിക്കണം.