മുംബൈ: റിസര്‍വ് ബാങ്ക് പണ-വായ്പാനയം പ്രഖ്യാപിച്ചത് വിപണിക്ക് അനുഗ്രഹമായി. എസ്.എല്‍.ആര്‍ നിരക്ക് കുറയ്ക്കാനുള്ള ബാങ്കിന്റെ തീരുമാനം പുറത്തുവന്നതിനു പിറകെ ഐ.ടി, ബാങ്കിങ് ഓഹരികളും ചില മെറ്റല്‍ ഓഹരികളും വാങ്ങാന്‍ തിരക്കേറി. സെന്‍സെക്‌സ് 217.08 പോയിന്റുയര്‍ന്ന് 19864.85ലും നിഫ്റ്റി 56.45 പോയിന്റ് ലാഭത്തില്‍ 5948.75ലും വില്‍പ്പന അവസാനിപ്പിച്ചു.
ഐ.ടി മേഖല 2.79 ശതമാനവും ടെക്‌നോളജി 2.16 ശതമാനവും ഉയര്‍ന്നു. 3.70 ശതമാനം മൂല്യം വര്‍ധിച്ച ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വിസും രണ്ടര ശതമാനത്തിലധികം ഉയര്‍ന്ന ഇന്‍ഫോസിസും വിപ്രോയും ചേര്‍ന്ന് മുംബൈ ഓഹരി സൂചികയില്‍ 95 പോയിന്റാണ് ഉയര്‍ത്തിയത്.
ശതമാനക്കണക്കില്‍ നോക്കുകയാണെങ്കില്‍ സുസ്‌ലോണ്‍ എനര്‍ജി, സ്റ്റീല്‍ അഥോറിറ്റി, ശ്രീ രേണുകാ ഷുഗേഴ്‌സ്, അരബിന്ദോ ഫാര്‍മ, എംഫസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടവും യുനൈറ്റഡ് ഫോസ്ഫറസ്, നെസ്‌ലെ ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, വോള്‍ട്ടാസ് ഓഹരികള്‍ നഷ്ടവും രേഖപ്പെടുത്തി.
റിസര്‍വ് ബാങ്ക് തീരുമാനങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ വിപണി സ്ഥിരത പ്രകടിപ്പിച്ചതോടെ മികച്ച ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചു തുടങ്ങുകയായിരുന്നു. ഹോണ്ടയുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസമായി നഷ്ടത്തിലോടികൊണ്ടിരിക്കുന്ന ഹീറോ ഹോണ്ട ഓഹരി ഇന്ന് 3.6 ശതമാനം മുന്നേറി. ടാറ്റാ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഡി.എല്‍.എഫ് എന്നീ ഓഹരികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നു.
ഒരു ലക്ഷത്തിലധികം കോടിയുടെ പണദൗര്‍ലഭ്യതയാണ് ഇപ്പോഴുള്ളത്.ഓപണ്‍ മാര്‍ക്കറ്റ് ഓപറേഷന്‍ ഓക്ഷനിലൂടെ പണ ലഭ്യത സാധ്യമാക്കാനുള്ള റിസര്‍വ് നീക്കവും അനുകൂലമാണ്. പ്രാദേശിക ഫണ്ടുകള്‍ ഐ.ടി, ഫാര്‍മ തുടങ്ങിയ സുരക്ഷിതമേഖലകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമമാണ് ഇന്നു കണ്ടത്. അതിനിടെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തില്‍ കാര്യമായ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2.3 ബില്യന്‍ ഡോളറായിരുന്നു ഇന്ത്യയിലെത്തിയ വിദേശനിക്ഷേപം. എന്നാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നു.
വാങ്ങാവുന്ന ഓഹരികള്‍: അരവിന്ദ് ലിമിറ്റഡ്, ടാറ്റാ സ്റ്റീല്‍, ഐ.ഡി.ബി.ഐ ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, അരേവ ടി ആന്റ് ഡി, ടി.സി.എസ്, ദാംപൂര്‍ ഷുഗര്‍.