റിസര്‍വ് ബാങ്ക് നയത്തെ കുറിച്ചുള്ള ആശങ്ക, ബാങ്കിങ്, റിയാലിറ്റി ഓഹരികള്‍ താഴോട്ട്

മുംബൈ: പെട്രോള്‍ വിലവര്‍ധനയും നാളെ പുറത്തുവരാനിരിക്കുന്ന റിസര്‍വ് ബാങ്ക് പണ-വായ്പാനയത്തെ കുറിച്ചുള്ള ആശങ്കയും വിപണിയെ തളര്‍ത്തി.
സെന്‍സെക്‌സ് 151.42 പോയിന്റ് കുറഞ്ഞ് 19647.77ലും നിഫ്റ്റ് 67.60 നഷ്ടത്തില്‍ 5892.70ലുമായാണ് വിപണി ക്ലോസ് ചെയ്തത്. പണപ്പെരുപ്പം 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നില്‍ക്കുന്നതിനാല്‍ നിരക്കുകളില്‍ കാര്യമായ വ്യത്യാസം വരുത്താനുള്ള സാധ്യത കുറവാണ്. പക്ഷേ, പണ ലഭ്യത ഉറപ്പുവരുത്താന്‍ ധീരമായ ചില നടപടികള്‍ എടുക്കാന്‍ കേന്ദ്ര ബാങ്ക് നിര്‍ബന്ധിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. പൊതുമേഖലാ ഐ.പി.ഒകളും അഡ്വാന്‍സ് ടാക്‌സ് പേയ്‌മെന്റ്‌സും ദൗര്‍ലഭ്യം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇന്നു ലിസ്റ്റ് ചെയ്ത MOIL മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 375 രൂപ ഇഷ്യു പ്രൈസായിരുന്ന ഓഹരി ഒരു സമയത്ത് 40 ശതമാനം വരെ മുന്നോട്ടുകുതിച്ചു. 24 ശതമാനം നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത്.
വിപണിയില്‍ ഇപ്പോഴുള്ള കയറ്റിറക്കങ്ങള്‍ കുറച്ചുദിവസം കൂടി തുടരാനാണ് സാധ്യത. നിഫ്റ്റി 5890-5960 എന്ന ട്രാക്കില്‍ പൊന്തിയും താഴ്ന്നും നില്‍ക്കുമ്പോള്‍ അധികം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന നിലപടാണ് പൊതുവെയുള്ളത്.
ബാങ്കിങ് ഓഹരികളില്‍ 3.18 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഐ.സി.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ ഓഹരികളെല്ലാം ചേര്‍ന്ന് സെന്‍സെക്‌സിനെ 130 പോയിന്റോളമാണ് താഴേക്കു വലിച്ചത്. റിയാലിറ്റി ഓഹരികളില്‍ അന്‍സല്‍ പ്രോപ്പര്‍ട്ടീസ്, ഡി.എല്‍.എഫ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്. ഓട്ടോ മേഖലയില്‍ ഹീറോ ഹോണ്ടയും എസ്‌കോര്‍ട്‌സും വീണ്ടും നഷ്ടം രേഖപ്പെടുത്തി.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, പാറ്റ്‌നി കംപ്യൂട്ടര്‍ സിസ്റ്റം, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഡാബര്‍ ഇന്ത്യ ഓഹരികള്‍ ഇന്നു മികച്ച പ്രകടനം കാഴ്ചവച്ചു. ശതമാനകണക്കില്‍ നോക്കുമ്പോള്‍
യൂക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, പാന്റലൂണ്‍ ഓഹരികളുടെ മൂല്യത്തില്‍ ഇന്നു കാര്യടമായ കുറവുണ്ടായി. ഹോണ്ടയുമായുള്ള എല്ല ബന്ധങ്ങളും വിച്ഛേദിക്കാനുള്ള തീരുമാനത്തിന് ഹീറോഹോണ്ടയുടെ മാനേജ്‌മെന്റ് ബോര്‍ഡ് ഇന്ന് അനുമതി നല്‍കി.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ കെമിക്കല്‍സ്, അബാന്‍ ഓഫ് ഷോര്‍, പൊളാരിസ് സോഫ്റ്റ്‌വെയര്‍, ഹിന്‍ഡാല്‍കോ, ബയോകോണ്‍, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, സെസാ ഗോവ, സത്യം കംപ്യൂട്ടേഴ്‌സ്.

This entry was posted in Uncategorized by . Bookmark the permalink.