Uncategorized

ലോണ്‍ കുംഭകോണം; നിഫ്റ്റി താഴോട്ട്


മുംബൈ: ഹൗസിങ് ലോണ്‍ കുംഭകോണവുമായി ബന്ധപ്പെട്ട് എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ഓഫിസുകളില്‍ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയ തിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇടിവ്. ബാങ്കിങ്, റിയാലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പല പ്രമുഖര്‍ക്കും സാമ്പത്തിക തിരിമറിയില്‍ പങ്കുണ്ടെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരാന്‍ തുടങ്ങിയതോടെ വിപണി താഴേക്ക് പോരുകയായിരുന്നു. ദിവസത്തിന്റെ അധികപങ്കും മുന്നേറ്റം പ്രകടമാക്കിയ വിപണി അവസാന അരമണിക്കൂറിനുള്ളിലാണ് തിരിച്ചുള്ള യാത്ര നടത്തിയത്. എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് ഓഹരികള്‍ ഇന്ന് 18 ശതമാനത്തോളം തകര്‍ന്നു. നിക്ഷേപകര്‍ക്ക് ഒരു ഓഹരിയില്‍ മാത്രം 239.60 രൂപയുടെ നഷ്ടമാണുണ്ടായത്. ഹൗസിങ് ഫിനാന്‍സിന്റെ കലക്ഷന്‍ എക്കൗണ്ട് കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ബാങ്കിനെയും വിവാദം പിടിച്ചുലച്ചു. 8.02 ശതമാനം താഴ്ന്ന ബാങ്ക് ഓഹരികള്‍ 197.90 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ബാങ്കിങ്, റിയാലിറ്റി മേഖലയ്ക്ക് മൂന്നു ശതമാനത്തോളം തകര്‍ച്ചയാണ് സംഭവിച്ചത്. എഫ്.എം.സി.ജി മേഖലയാണ് താരതമ്യേന അല്‍പ്പമെങ്കിലും നേട്ടമുണ്ടാക്കിയത്.
ടിവി.എസ് മോട്ടോര്‍സ്, അപ്പോളോ ടയേഴ്‌സ്, വീഡിയോകോണ്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടോറന്റ് പവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ ഡിബി റിയാലിറ്റി, കനറാബാങ്ക്, ഇന്ത്യ ബുള്‍ ഫിന്‍സര്‍വീസ് ഓഹരികള്‍ വിവാദത്തിന്റെ കാറ്റില്‍ താഴേക്കു പോന്നു. എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് സി.ഇ.ഒ രാമചന്ദ്രന്‍ നായര്‍, എല്‍.ഐ.സി ഇന്‍വെസ്റ്റ് മെന്റ് സെക്രട്ടറി നരേഷ് കെ ചോപ്ര, ബാങ്ക് ഓഫ് ഇന്ത്യ മുംബൈ ജനറല്‍ മാനേജര്‍ ആര്‍.എന്‍.ടയാല്‍, സെന്‍ട്രല്‍ ബാങ്ക് ഡയറക്ടര്‍ മഹീന്ദ്രസിങ് ജോഹര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് ഡി.ജി.എം വെങ്കോബ ഗുജ്ജല്‍, മണി മാറ്റേഴ്‌സിലെ രാജേഷ് ശര്‍മ, സുരേഷ് ഗട്ടാനി, സഞ്ജയ് ശര്‍മ എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. നാലു മെട്രോ നഗരങ്ങളിലെ ഹൗസിങ് ഫിനാന്‍സ്, ബാങ്ക ഓഫിസുകളില്‍ സി.ബി.ഐ ഒരേ സമയം നടത്തിയ റെയ്ഡില്‍ നിരവധി തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.

വാങ്ങാവുന്ന ഓഹരികള്‍: ഡി ബി റിയാലിറ്റി, ടാറ്റാ സ്റ്റീല്‍, ഡിഷ് ടിവി, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ബി.ജി.ആര്‍ എനര്‍ജി, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ബജാജ് ഹോള്‍ഡിങ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്, കോള്‍ ഇന്ത്യ, രാഷ്ട്രീയ കെമിക്കല്‍സ്.