അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന വിക്കിലീക്‌സ് വെബ്‌സൈറ്റ് തകര്‍ന്നു. എന്നാല്‍ wikileaks.org എന്ന ഡൊമെയ്ന്‍ ഡൗണ്‍ ആയി മണിക്കൂറുകള്‍ക്കുള്ളില്‍ wikileaks.ch എന്ന സൈറ്റുമായി ജൂലിയന്‍ അസാന്‍ജ് ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. wikileaks.org എന്ന ഡൊമെയ്ന്‍ തകര്‍ക്കുന്നതിനുവേണ്ടി വ്യാപകമായ ശ്രമങ്ങള്‍ നടന്നതിനെ തുടര്‍ന്ന് സേവനദാതാവായ everydns.net ഡൊമെയ്ന്‍ ഓഫ്‌ലൈനിലേക്ക് മാറ്റുകയായിരുന്നു. മള്‍ട്ടിപ്പിള്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ സര്‍വീസ്(ഡി.ഡി.ഒ.എസ്) അറ്റാക്കിനുവിധേയമായതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിക്കിലീക്‌സിനെ ഓഫ്‌ലൈനിലേക്ക് മാറ്റിയില്ലെങ്കില്‍ ഞങ്ങളുടെ മറ്റു ഡൊമെയ്‌നുകളുടെ പ്രവര്‍ത്തനം താറുമാറാകുമെന്ന അവസ്ഥവരെയെത്തി-എവരി ഡി.എന്‍.എസ് തുടര്‍ന്നു.
എന്നാല്‍ ഇത് അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വിക്കിലീക്‌സിനെ ഹോസ്റ്റ് ചെയ്യുന്നതിന് അമേരിക്കയിലെ പ്രമുഖ കമ്പനിയായ ആമസോണ്‍ വിസമ്മതിച്ചിരുന്നു. ഇപ്പോള്‍ സ്വീഡനിലും ഫ്രാന്‍സിലുമായാണ് സൈറ്റ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. .ch സ്വിറ്റ്‌സര്‍ലന്റ് ഡൊമെയ്‌നാണ്. ഇപ്പോള്‍ വിക്കിലീക്‌സ്. സി.എച്ച് എന്ന ഡൊമെയ്ന്‍ ടൈപ്പ് ചെയ്താല്‍ 213.251.145.96 എന്ന ഐ.പിയിലേക്കാണ് പോവുന്നത്.