Uncategorized

വിപണിക്ക് അവധി മൂഡ്,റിലയന്‍സ് കമ്യൂണിക്കേഷന്‍ തിളങ്ങി, അടുത്താഴ്ച നിര്‍ണായകം

മുംബൈ: ദിവസത്തിലെ അധികസമയവും ലാഭത്തിന്റെ നഷ്ടത്തിന്റെയും അതിര്‍വരമ്പുകളിലൂടെ സഞ്ചരിച്ച ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് താരതമ്യേന മെച്ചപ്പെട്ട നിലയിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 90.78 പോയിന്റുയര്‍ന്ന് 20073.66ലും നിഫ്റ്റി 31.60 പോയിന്റ് വര്‍ധിച്ച് 6011.60ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ആഭ്യന്തരവിപണിയില്‍ നിന്നും വിദേശവിപണിയില്‍ നിന്നും സ്വാധീനിക്കാവുന്ന പ്രധാനപ്പെട്ട വാര്‍ത്തകളും പുറത്തുവരാത്തതയും ക്രിസ്തുമസ് അവധികളും ചേര്‍ന്ന് ഏഷ്യ, യൂറോപ്പ്, അമേരിക്ക വിപണികളില്‍ ഒരു സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, ഹെല്‍ത്ത് കെയര്‍,എഫ്.എം.സി.ജി ഓഹരികളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ വാങ്ങല്‍ പ്രകടമായത്.
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ വിപണിയായ ചൈനയിലെ ഒരു തീരുമാനം ഇന്ന് ആ മേഖലയിലാകെ മഌനത പരത്തി. ബെയ്ജിങില്‍ പുതിയ വാഹന രജിസ്‌ട്രേഷനുകള്‍ പരിമിതപ്പെടുത്തിയതാണ് കാരണം. വാഹനത്തിരക്കു കുറയ്ക്കുന്നതിന്റെ മുന്നോടിയായാണ് ചൈനീസ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
സെന്‍സെക്‌സ് 19880.36നും 20086നും ഇടയില്‍ കിടന്നു കളിച്ചത് റിലയന്‍സ് കമ്യൂണിക്കേഷന്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ഷന്‍സ്, റിലയന്‍സ് പവര്‍, സണ്‍ ഫാര്‍മ, സീമെന്‍സ് കമ്പനികള്‍ക്കാണ് നേട്ടമായത്. റിലയന്‍സ് കമ്യൂണിക്കേഷന്‍ 13.50 രൂപ വര്‍ധിച്ച് 141.90ലാണ് ഇന്നു ക്ലോസ് ചെയ്തത്. ഗോദ്‌റേജ് 4.77 ശതമാനവും റിലയന്‍സ് പവര്‍ 4.75 ശതമാനവും സണ്‍ഫാര്‍മ 4.30 ശതമാനവും സീമെന്‍സ് 4.24 ശതമാനവും നേട്ടമുണ്ടാക്കി.
അതേ സമയം ടാറ്റാ മോട്ടോര്‍സിനും ജെയിന്‍ ഇറിഗേഷനും അശോക് ലെയ്‌ലന്റിനും ഏഷ്യന്‍ പെയിന്റ്‌സിനും റൂറല്‍ ഇലക്ട്രോണിക്‌സിനും ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.
വിപണി അടുത്താഴ്ച എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ തീര്‍ത്തും വിരുദ്ധമായ അഭിപ്രായമാണ് പലരും വച്ചുപുലര്‍ത്തുന്നത്. വിപണിയില്‍ ചെറിയ തിരുത്തല്‍ കൂടി വരും. 5850 വരെ താഴാനുള്ള സാധ്യതയുണ്ട്. പക്ഷേ, ഫ്യൂച്ചര്‍ ഓപ്ഷനുകളുടെ അവസാന ദിവസമാവുമ്പോഴേക്കും അത് തിരിച്ചെത്തും- ബൊണാണ്‍സയിലെ അവിനാഷ് ഗുപ്തയുടെ അഭിപ്രായമാണിത്.
നിഫ്റ്റി 6000നുമുകളില്‍ തുടര്‍ച്ചയായ രണ്ടു ദിവസം ക്ലോസ് ചെയ്താല്‍ മുന്നോട്ടുള്ള കുതിപ്പിന്റെ കാര്യത്തില്‍ പ്രതീക്ഷയുണ്ട്. 6065ല്‍ കടുത്ത പ്രതിരോധം നിലനില്‍ക്കുന്നത് ഒരു പ്രധാനവിഷയമാണ്. അതേ സമയം താഴോട്ടുള്ള യാത്രയില്‍ 5915 ഏറ്റവും മികച്ച സപ്പോര്‍ട്ടീവ് ലെവലാണ്-ജിയോജിത്തിലെ അലക്‌സ് മാത്യൂസ് പറഞ്ഞു.
അടുത്ത സെഷനില്‍ 6025 എന്ന പ്രതിരോധം നിഫ്റ്റിക്ക് മറികടക്കാനായാല്‍ പിന്നെ 6080 വരെ പേടിക്കേണ്ടതില്ല. അതും കടന്നാല്‍ പിന്നെ 6151ലാണ് അടുത്ത മതില്‍-ഫെയര്‍വെല്‍ത്ത് സെക്യൂരിറ്റീസിന്റെ വിശകലനം ഇതാണ്.