Uncategorized

വിപണി ആറാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍, സെന്‍സെക്‌സ് 468 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ആഗോളവിപണിയിലെ മാന്ദ്യം തുടരുന്നതും കമ്പനികളുടെ മൂന്നാം പാദഫലം പുറത്തുവരുന്നതിനെ കുറിച്ചുള്ള ആശങ്കയും നിക്ഷേപകരില്‍ ഭൂരിഭാഗത്തെയും വില്‍പ്പക്കാരാക്കിയതാണ് വിപണിയെ ഉലച്ചത്. സെന്‍സെക്‌സ് 467.69 പോയിന്റ് 19224.12ലും സെന്‍സെക്‌സ് 141.75 പോയിന്റ് താഴോട്ടിറങ്ങി 5762.85ലും ക്ലോസ് ചെയ്തു. ഇതിനോടൊപ്പം പണപ്പെരുപ്പനിരക്ക് വര്‍ധിക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധനയ്ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന അഭ്യൂഹവും കൂടിചേര്‍ന്നതോടെ തകര്‍ച്ചയുടെ ആക്കം വര്‍ധിച്ചു.
അതേ സമയം ഈ തകര്‍ച്ച പ്രതീക്ഷതാണെന്ന നിലപാടാണ് വിദഗ്ധര്‍ക്കുള്ളത്. പണപ്പെരുപ്പം വര്‍ധിച്ചാല്‍ നിരക്കുവര്‍ധനവുണ്ടാവുമെന്നത് സ്വാഭാവികമാണ്. നിരക്കുവര്‍ധനവു വന്നാല്‍ അത് വിപണിയെ പ്രതികൂലമായി ബാധിക്കും. കൂടാതെ പണപ്പെരുപ്പം വര്‍ധിച്ചാല്‍ അത് കമ്പനികളുടെ ലാഭനഷ്ടങ്ങളെയും സ്വാധീനിക്കുമെന്നുറപ്പാണ്. ബാങ്ക് പലിശ മേഖലയുമായി ഏറ്റവുമധികം ബന്ധപ്പെട്ടുനില്‍ക്കുന്ന ബാങ്കിങ്, റിയാലിറ്റി, ഓട്ടോമൊബൈല്‍ ഓഹരികളിലാണ് നഷ്ടം കൂടുതല്‍ അനുഭവപ്പെട്ടത്. ഈ ആഴ്ചയും നിക്ഷേപകര്‍ക്ക് അനുകൂലമാവാന്‍ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള സൂചന. നിഫ്റ്റി 5500വരെ താഴാനുള്ള സാധ്യത കൂടുതലാണ്. അതേ സമയം നിഫ്റ്റിക്ക് 5750-30 ലെവലുകളിലുള്ള സപ്പോര്‍ട്ട് അത്ര വേഗം തള്ളികളയാവുന്ന ഒന്നല്ല.
എ.സി.സി ലിമിറ്റഡ്, ഡാബര്‍ ഇന്ത്യ, ഇന്‍ഫോസിസ് ടെക്‌നോ, പാറ്റ്‌നി കംപ്യൂട്ടേഴ്‌സ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് എന്നീ ഓഹരികള്‍ തകര്‍ച്ചക്കിടയിലും ചെറിയ നേട്ടങ്ങളുണ്ടാക്കി. അതേ സമയം എച്ച്.ഡി.ഐ.എല്‍, സിന്റെക്‌സ് ഇന്‍ഡസ്ട്രീസ്, യൂനൈറ്റഡ് സ്പിരിറ്റ്‌സ്, അദാനി എന്റര്‍പ്രൈസസ്, സിന്‍ഡിക്കേറ്റ് ബാങ്ക് ഓഹരികള്‍ ഇന്നു കനത്ത തിരിച്ചടി നേരിട്ടു.
വാങ്ങാവുന്ന ഓഹരികള്‍: എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കെയ്ന്‍ ഇന്ത്യ, ഐ.എഫ്.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഹാത്‌വേ, ആന്ധ്ര ബാങ്ക്‌