വിപണി ഒന്നു ശ്വാസം വിട്ടു


മുംബൈ: പത്തുദിവസത്തെ തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വിദേശനിക്ഷേപത്തിന്റെ കരുത്തില്‍ അതിവേഗം മുന്നേറുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭം കൊയ്‌തെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമത്തിന്റെ സമ്മര്‍ദ്ദമാണ് ഇന്നത്തെ തിരിച്ചടി. നിര്‍മാണ, ഐടി മേഖലയില്‍ ചെറിയ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ബാങ്കിങ്, ഫിനാന്‍സ് മേഖലകള്‍ ഇന്നും കരുത്തുകാട്ടി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 59.83 പോയിന്റ് നഷ്ടത്തില്‍ 19941.72ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18.05 പോയിന്റ് കുറഞ്ഞ് 5991.00ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഒരു സമയത്ത് 19804.02 വരെ താഴ്ന്ന വിപണി ക്ലോസിങിലെത്തുമ്പോഴേക്കും നഷ്ടം കുറയ്ക്കുകയായിരുന്നു.
സത്യം കംപ്യൂട്ടേഴ്‌സിന്റെ പ്രവര്‍ത്തന ഫലം ഈ മാസം 29ന് പുറത്തുവരുമെന്ന റിപോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ടെക് മഹീന്ദ്രയാണ് വന്‍ കുതിപ്പ് നടത്തിയത്. 59.45 പോയിന്റുയര്‍ന്ന് 787.40ലാണ് ഇന്ന് ഈ ഓഹരി ക്ലോസ് ചെയ്തത്. സത്യം കംപ്യൂട്ടര്‍ സര്‍വീസ് ലിമിറ്റഡ് ഇന്നു മാത്രം 12.40ന്റെ നേട്ടമാണ് ഉണ്ടാക്കിയത്. മോസര്‍ ബെയര്‍, പുഞ്ച് ലോയ്ഡ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐ.ഡി.ബി.ഐ ബാങ്ക് ഓഹരികളും ഇന്ന് ലാഭത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്.
അതേ സമയം കഴിഞ്ഞ കുറെ ദിവസമായി നേട്ടമുണ്ടാക്കിയ ഇസ്പാറ്റ് ഇന്‍ഡസ്ട്രീസ്, ഡാബര്‍ ഇന്ത്യ, ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, ജയ്പ്രകാശ് അസോസിയേറ്റ്‌സ് ഓഹരികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യൂറോപ്യന്‍ വിപണിയും നഷ്ടത്തിലാണ് വില്‍പ്പന തുടരുന്നത്.
വാങ്ങാവുന്ന ഓഹരികള്‍: ജെ.എസ്.ഡബ്ല്യു ഹോള്‍ഡിങ്‌സ്-ഇപ്പോള്‍ 1860.15 വിലയുള്ള ഈ ഓഹരികള്‍ 1900 ഭേദിക്കുകയാണെങ്കില്‍ 2250-2500 എന്ന ലക്ഷ്യത്തില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. സ്‌റ്റോപ്പ് ലോസ് 1770ല്‍ ഇട്ടുവയ്ക്കുന്നത് നല്ലതാണ്.
സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്: 172.75 രൂപ വിലയുള്ള ഈ ഓഹരി 12 മാസത്തെ സമയപരിധിയില്‍ 200 എന്ന ലക്ഷ്യത്തില്‍ വാങ്ങാവുന്നതാണ്.
ബാങ്ക് ഓഫ് ഇന്ത്യ: 502.80 വിലയുള്ള ഓഹരി രണ്ടു മാസത്തിനുള്ളില്‍ 530ല്‍ എത്താനുള്ള സാധ്യത കൂടുതലാണ്.
എഡുകോംപ് സൊലൂഷന്‍സ്: അഞ്ചുദിവസത്തെ ലക്ഷ്യത്തില്‍ വാങ്ങാവുന്ന മികച്ച ഓരോഹരി. 645 ആണ് ലക്ഷ്യം. 605ല്‍ സ്‌റ്റോപ് ലോസ് നല്‍കണം.
ടെക് മഹീന്ദ്ര: 820 ലക്ഷ്യത്തില്‍ വാങ്ങി സൂക്ഷിക്കാവുന്ന ഓഹരിയാണ്. ഇപ്പോഴത്തെ വില 787.40. പത്തുദിവസത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.