Uncategorized

വിപണി കരടികള്‍ പിടിച്ചെടുത്തു

മുംബൈ: ദലാല്‍ വിപണി നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ക്ലോസ് ചെയ്തു. നിര്‍ണായകമായ എല്ലാ സാങ്കേതിക ലെവലുകളും തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു ഈ പതനം. സെന്‍സെക്‌സ് 322.38 പോയിന്റും നിഫ്റ്റി 97.35 പോയിന്റും താഴ്ന്ന് യഥാക്രമം 18860.44ലും 5654.55ലും ക്ലോസ് ചെയ്തു.
നാലുമാസത്തിനിടെ സെന്‍സെക്‌സ് ആദ്യമായാണ് 19000നു താഴെയെത്തുന്നത്. നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 5960-5700 എന്നത് ഏറ്റവും കരുത്തുള്ള സപ്പോര്‍ട്ടീവ് ലെവലായിരുന്നു. ഇനി നിഫ്റ്റിക്ക് അത്തരം കരുത്തുള്ള ഒരു സപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ 5200വരെയെങ്കിലും താഴണം. ഇതിനര്‍ഥം അത്രയും താഴുമെന്നല്ല, എന്നാല്‍ അത്രയും താഴ്ന്നാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നാണ്. ഡോളര്‍ സൂചിക കരുത്താര്‍ജ്ജിക്കുന്നതിനാല്‍ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഫണ്ട് പിന്‍വലിക്കുന്നതും പലിശനിരക്ക്, കമ്പനികളുടെ മൂന്നാം പാദഫലം, പണപ്പെരുപ്പം, വ്യവസായിക വളര്‍ച്ചാനിരക്ക് എന്നീ ഘടകങ്ങളെല്ലാം ചേര്‍ന്ന് വിപണിയെ ചുവപ്പിക്കുകയായിരുന്നു. നവംബര്‍ മാസം പണപ്പെരും 7.48 ശതമാനമായിരുന്നപ്പോള്‍ ഡിസംബറില്‍ അത് 8.43 ആയി ഉയര്‍ന്നിരിക്കുന്നു.
വിപണിയില്‍ ഏറ്റവും കൂടുതല്‍ ചാഞ്ചാട്ടം കണ്ട ദിവസം കൂടിയായിരുന്നു ഇന്നു. തുടക്കത്തില്‍ 400 പോയിന്റിലേറെ നഷ്ടത്തിലേക്ക് നീങ്ങിയ വിപണി ആ നഷ്ടമെല്ലാം നികത്തി മുന്നേറിയെങ്കിലും ലാഭമെടുക്കുന്നവരുടെ തിക്കിലും തിരക്കിലും തകര്‍ന്നടിഞ്ഞു. തുടക്കത്തില്‍ നേട്ടമുണ്ടാക്കിയ യൂറോപ്യന്‍ വിപണിയും നഷ്ടത്തിലേക്ക് നീങ്ങിയതോടെ കരടികളുടെ പിടിമുറുക്കം കൂടി. ട്രേഡര്‍മാരല്ലാത്ത നിക്ഷേപകരെല്ലാം അടുത്ത മൂന്നു ദിവസത്തെ വിപണി നിരീക്ഷിച്ചതിനുശേഷം പണമിറക്കുന്നതാണ് ബുദ്ധി.