Uncategorized

വിപണി തകര്‍ന്നു, തൂക്കം ഇടത്തോട്ട്

മുംബൈ: വിപണി വീണ്ടും റെഡ്‌സോണിലേക്ക് തിരിഞ്ഞു. ഇന്‍ഫോസിസിന്റെ മൂന്നാം പാദഫലം പ്രതീക്ഷിച്ചതിലും താഴ്ന്നതും ധനകാര്യസ്ഥാപനങ്ങളില്‍ വില്‍പ്പനസമ്മര്‍ദ്ദം കൂടുതലായതുമാണ് ഇതിനു കാരണം. ആഗോളവിപണികളെല്ലാം അനുകൂലമായിട്ടും ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയുണ്ടായത് നിക്ഷേപകരെ അമ്പരിപ്പിച്ചു. 351.28 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 19182.82ലും 111.35 പോയിന്റ് കുറഞ്ഞ് നിഫ്റ്റി 5751.90ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
ഇന്‍ഫോസിസില്‍ നിന്നു നേരത്തെ ലഭിച്ച സൂചനകളനുസരിച്ച് ടാക്‌സ് കഴിച്ച് കമ്പനിയുടെ ലാഭം 1780 കോടിയായിരുന്നു. എന്നാല്‍ മൂന്നാം പാദഫലം പുറത്തുവന്നപ്പോള്‍ അത് 1737 കോടി രൂപയായി കുറഞ്ഞു. ഫലം കമ്പനിയുടെ ഓഹരികളെയും പ്രതികൂലമായി ബാധിച്ചു. ഒരു ദിവസം കൊണ്ട് 162.65 പോയിന്റ് താഴ്ന്ന് 3212.30ലാണ് ഇന്‍ഫോസിസ് ക്ലോസ് ചെയ്തത്. മുംബൈ ഓഹരി സൂചിക പരിഗണിക്കുകയാണെങ്കില്‍ ഐ.ടി മേഖലയ്ക്ക് മൊത്തം 3.4 ശതമാനത്തിന്റെ നഷ്ടമാണുണ്ടായത്.
അതേ പോലെ ബാങ്കിങ് ഓഹരികളിലും ഇന്നു കാര്യമായ തിരിച്ചടിയുണ്ടായി. പലിശനിരക്കില്‍ വര്‍ധനവ് വരുത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളില്‍ നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇടിവിനു കാരണം. അതേ സമയം റിയാലിറ്റി ഓഹരികള്‍ നേരിയ മുന്നേറ്റം പ്രകടമാക്കി.
നിക്ഷേപകര്‍ ഇപ്പോഴും വിപണിയുടെ കാര്യത്തില്‍ ശുഭപ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ലെന്നതിന് ഏറ്റവും നല്ല തെളിവാണ് ഇന്നത്തെ വ്യാപാരം. ഡോളര്‍ സൂചികകള്‍ കരുത്തുകാട്ടുന്നതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഫണ്ട് പിന്‍വലിക്കാന്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബുധനാഴ്ച ഷോര്‍ട്ട് കവറിങ് നടത്താനുള്ള ശ്രമമാണ് വിപണിയ്ക്ക് ഉണര്‍വ് സമ്മാനിച്ചതെന്നുവേണം കരുതാന്‍. 5700 നിഫ്റ്റിയുടെ ഏറ്റവും മികച്ച സപ്പോര്‍ട്ടീവ് ലെവലായി പരിഗണിക്കുന്നുണ്ടെങ്കിലും ആവര്‍ത്തിച്ച് ഈ ലെവലിന്റെ ബലം പരീക്ഷിക്കുന്നത് നന്നാവില്ലെന്ന നിഗമനമാണ് വിദഗ്ധര്‍ക്കുള്ളത്.
അദാനി എന്റര്‍പ്രൈസസ്, അംബുജാ സിമന്റ്, അള്‍ട്രാടെക്, നാഷണല്‍ അലുമിനിയം, ലാന്‍കോ ഇന്‍ഫ്രാടെക് തുടങ്ങിയ ഓഹരികള്‍ തകര്‍ച്ചക്കിടയിലും ഇന്നു നേട്ടമുണ്ടാക്കി. അതേ സമയം ഹിന്ദ് പെട്രോളിയം, പാന്റലൂണ്‍ റീട്ടെയില്‍, ഇന്‍ഫോസിസ് ടെക്‌നോ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഹരികള്‍ക്ക് ഇന്നു കറുത്ത ദിവസമായിരുന്നു.
വാങ്ങാവുന്ന ഓഹരികള്‍: അലോക് ഇന്‍ഡസ്ട്രീസ്, കെ ആര്‍ ബി എല്‍, ഐ.സി.സി.ഐ, പ്രജ് ഇന്‍ഡസ്ട്രീസ്, ഡെല്‍റ്റാ കോര്‍പ്പറേഷന്‍, ടാറ്റാ മോട്ടോഴ്‌സ്, ഐ.എഫ്.സി.ഐ, ജിന്‍ഡാല്‍ സോ