Uncategorized

ശരിയത്ത് ഓഹരി സൂചിക വരുന്നു

മുംബൈ: ശരിയത്ത് നിയമങ്ങള്‍ അനുസരിച്ച് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്നു മുതല്‍ പ്രത്യേക ഓഹരി സൂചിക വരുന്നു. വ്യാപാരം എന്ന രീതിയില്‍ ഓഹരി വിപണി മുസ്‌ലിം വിശ്വാസികള്‍ക്ക് സ്വീകാര്യമാണെങ്കിലും നിക്ഷേപം പൂര്‍ണമായും മതനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാണോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നതിനാല്‍ ഒരു വലിയ വിഭാഗം ഓഹരി വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും തഖ്‌വാ അഡ്‌വൈസറി ആന്റ് ശരിയ ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷന്‍സും(താസിസ്) ശരിയത്ത് അടിസ്ഥാനമായ ഓഹരി സൂചിക-ബി.എസ്.ഇ താസിസ് ശരിയത്ത് 50 എന്ന പേരില്‍-അവതരിപ്പിക്കുന്നത്. പുകയില, മദ്യം, ഹലാല്‍ അല്ലാത്ത ഇറച്ചി, ചൂത്, കളി, ഹോട്ടല്‍ തുടങ്ങിയ വ്യവസായങ്ങളെ ഒഴിവാക്കിയുള്ള ഓഹരികളാണിത്. ബി.എസ്.ഇ 500ല്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ഓഹരികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ അമേരിക്ക, ബ്രിട്ടണ്‍, പശ്ചിമേഷ്യ മേഖലകളില്‍ ഇത്തരത്തിലുള്ള നിക്ഷേപരീതികള്‍ നിലവിലുണ്ട്.
പുതിയ സൂചികയുടെ വരവ് രാജ്യത്തെ മുസ്‌ലിം വിഭാഗത്തിലെ ഒരു വലിയ വിഭാഗത്തെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിക്കും. കൂടാതെ ഗള്‍ഫ്,യൂറോപ്പ്, തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകും- ബി.എസ്.ഇ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മധുകണ്ണന്‍ അഭിപ്രായപ്പെട്ടു.
ഇത് കൂടാതെ ഈ സൂചിക അടിസ്ഥാനമാക്കിയുള്ള മ്യൂച്ചല്‍ ഫണ്ടുകളും ഇ.ടി.എഫുകളും വിപണിയിലെത്താന്‍ സാധ്യതയുണ്ട്. ശരിയത്ത് നിയമം അനുശാസിക്കുന്ന ഓഹരികള്‍ ബി.എസ്.ഇയില്‍ ധാരാളമുണ്ട്. പാകിസ്താനിലോ, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലോ ഇത്ര മികച്ച ഓഹരികള്‍ ലഭിക്കില്ല- താസിസ് റിസര്‍ച്ച് ആന്‍ര് ഓപറേഷന്‍ വിഭാഗം മേധാവി ഡോ ശരിഖ് നിസാര്‍ വ്യക്തമാക്കി.