സെക്‌സിനും ഒരു കരാറായാലോ?

പ്രായപൂര്‍ത്തിയായ യുവാവും യുവതിയും ഒരു സെക്ഷ്വല്‍ കോണ്‍ട്രാക്ടിലേര്‍പ്പെടുന്ന രീതി ചില മെട്രോ നഗരങ്ങളില്‍ വ്യാപകമാകുന്നു. ഒരുമിച്ച് കുടുംബജീവിതം നയിക്കുകയും അതേ സമയം വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്ന കൊ ഹാബിറ്റേഷന്‍ അല്ലെങ്കില്‍ ലിവിങ് ടുഗദര്‍ എന്ന സങ്കല്‍പ്പത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞതോടെയാണ് സെക്ഷ്വല്‍ കോണ്‍ട്രാക്ട് എന്ന പുതിയ രീതി നിലവില്‍ വന്നിട്ടുള്ളത്.

സെക്‌സ് എന്നത് ഏതൊരു കുടുംബജീവിതത്തിന്റെയും അടിസ്ഥാനമാണ്. തുടക്കത്തില്‍ ആദര്‍ശം പറയുമെങ്കില്‍ പതുക്കെ പതുക്കെ കോ ഹാബിറ്റേഷന്‍ സെക്‌സിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴുതി വീഴും. പ്രായത്തിന്റെ അല്ലെങ്കില്‍ ആദര്‍ശത്തിന്റെ ചോരത്തിളപ്പ് തീരുന്നതോടെ വിവാഹം, താലി, മക്കള്‍, സ്‌കൂള്‍, അഡ്മിഷന്‍, വിവാഹം തുടങ്ങിയ ഒട്ടേറെ ചിന്തകള്‍ കടന്നു വരും.

സഹവാസ ജീവിതത്തില്‍ രണ്ടു പേരും രണ്ടാണെന്ന സങ്കല്‍പ്പത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. വിവാഹത്തിനുശേഷമുള്ള കുടുംബം ജീവിതത്തില്‍ രണ്ടു പേരും ഒന്നാണെന്ന ചിന്തയ്ക്കാണ് പ്രാധാന്യം. സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളും വഴക്കും പിണക്കവും സഹവാസജീവിതത്തില്‍ കൂടുതലായിരിക്കും. കാലക്രമേണ രണ്ടു പേരും വേര്‍പിരിയുകയും ചെയ്യും. മറ്റൊരു സാധാരണ ജീവിതത്തിലേക്ക് പോകാന്‍ ഇരുവര്‍ക്കും ബുദ്ധിമുട്ടനുഭവപ്പെടുന്നതും സ്വാഭാവികമാണ്. കുട്ടികളുണ്ടാവുകയാണെങ്കില്‍ നിയമപരമായി അവകാശമുന്നയിക്കാനും കഴിയാതെ വരുന്നു.

ആളിനും പെണ്ണിനും ശാരീരികമായി ഇഷ്ടം തോന്നുക സ്വാഭാവികമാണ്. അത്തരമൊരു ഇഷ്ടത്തിന്റെ പേരില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇരുവരും പാലിക്കേണ്ട ചില പൊതു മര്യാദകളുണ്ട്. ഇത്രയും നിങ്ങള്‍ എന്റെ ലൈംഗികപങ്കാളിയായിരിക്കും. ഇക്കാലമത്രയും ഞാന്‍ താങ്കളോട് നൂറുശതമാനവും വിശ്വാസത്തോടും സ്‌നേഹത്തോടും കൂടി പെരുമാറും. സെക്‌സ് എന്നതും രണ്ടു പേര്‍ക്കും താല്‍പ്പര്യമുള്ളപ്പോള്‍ മാത്രമേ സാധ്യമാവൂ. സെക്‌സിനുവേണ്ടി നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ചുരുക്കം. ഈ പൊതുമര്യാദകളെ അല്ലെങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയാണ് സെക്ഷ്വല്‍ കോണ്‍ട്രാക്ട് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

വ്യക്തമായ കാരണത്തോടെ ഇരുവര്‍ക്കും എപ്പോള്‍ വേണമെങ്കിലും കരാര്‍ റദ്ദാക്കാവുന്നതാണ്. എന്നാല്‍ ഒരാളുമായി കരാറെഴുതി കുറച്ചു ദിവസം അതിന്റെ സംരക്ഷണത്തില്‍ അയാളുടെ കൂടെ ജീവിക്കുകയും മടുക്കുമ്പോള്‍ മറ്റൊരാളെ തേടി പോവുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇതില്ലാതാക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടാവും. കരാര്‍ സമയത്ത് മറ്റു ലൈംഗികബന്ധങ്ങള്‍ അനുവദിക്കാതിരിക്കുന്നത് സാംക്രമിക രോഗങ്ങളെ ഭയന്നാണ്. കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ഇരുവരും പരിശോധനകളിലൂടെ പകരുന്ന അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഈ സെക്‌സ് കരാര്‍ മുഖേന രണ്ടു പേര്‍ക്കും മറ്റൊരാളുടെ സ്വത്തിലോ വസ്തുവഹകളിലോ അവകാശവാദമുന്നയിക്കാനാവില്ല. കരാര്‍ കാലയളവില്‍ ഗര്‍ഭം ധരിക്കുകയാണെങ്കില്‍ അതിനെ നിലനിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്കായിരിക്കും. അതേ സമയം കരാര്‍ കാലയളവിലുണ്ടാകുന്ന കുട്ടിക്ക് പിതാവിന്റെ സ്വത്തിലോ വസ്തുവഹകളിലോ യാതൊരുവിധ അവകാശവാദവും ഉണ്ടായിരിക്കില്ല. അതേ സമയം ഇരുവരും വിവാഹിതരാവുകയാണെങ്കില്‍ കരാര്‍ സ്വാഭാവികമായും ഇല്ലാതാവും. ഭാര്യക്കും മക്കള്‍ക്കും ഭര്‍ത്താവിനുമുള്ള എല്ലാ അവകാശവും ലഭിക്കുകയും ചെയ്യും. വിവാഹത്തിനു മുമ്പ് ചുറ്റിക്കറങ്ങുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പലപ്പോഴും ഇത്തരമൊരു കരാറിനുവേണ്ടി ശ്രമിക്കുന്നത്.

വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്‌