സെന്‍സെക്‌സ് അഞ്ചാഴ്ചക്കുള്ളില്‍ 2447 പോയിന്റ് ഉയര്‍ന്നു

മുംബൈ: വിദേശ നിക്ഷേപത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിന്റെ കരുത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് അഞ്ചാഴ്ച കൊണ്ട് 2447 പോയിന്റും നിഫ്റ്റി 734.7 പോയിന്റും സ്വന്തമാക്കി മുന്നേറുന്നു. ഇന്ന് സെന്‍സെക്‌സ് 375.92 പോയിന്റിന്റെയും നിഫ്റ്റി 113.45 പോയിന്റിന്റെയും മികവോടെ യഥാക്രമം 20445.04ലും 6143.40ലും ക്ലോസ് ചെയ്തു. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ച 6100 ലെവല്‍ തകര്‍ത്തു നിഫ്റ്റി  മുന്നേറിയതും ഇന്‍ട്രാഡേയില്‍ 6150.00വരെ എത്താനായതും ശുഭസൂചകമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രധാനായും വിദേശ-ആഭ്യന്തര സ്ഥാപനങ്ങളാണ് വിപണിയിലേക്ക് പണമൊഴുക്കിയതെങ്കിലും സമഗ്ര മേഖലയിലും മുന്നേറ്റം പ്രകടമായി.
ആസന്നമായ ഒരു തകര്‍ച്ചയ്ക്കുവേണ്ടി കാത്തിരിക്കുകയെന്ന മാനസികാവസ്ഥയില്‍ നിന്നും നിക്ഷേപകരെ മാറ്റി ചിന്തിപ്പിക്കാന്‍ പോന്നതാണ് ഇന്നത്തെ വിപണി. ഇത്രയേറെ ഫണ്ട് വിപണിയിലേക്കെത്തിയ നിലയ്ക്ക് ഇനിയും അത് തുടരാനാണ് സാധ്യത. കാരണം ദീര്‍ഘകാല നിക്ഷേപതന്ത്രങ്ങളാണ് പല വിദേശ സ്ഥാപനങ്ങളും പയറ്റുന്നത്. അവര്‍ക്ക് ലാഭം കൊയ്‌തെടുക്കുന്നതിന് ഈ ബുള്ളിഷ് അവസ്ഥ തുടരേണ്ടത് അനിവാര്യമാണ്.
രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രാധാന്യമുള്ള അയോധ്യ വിധിയും വിപണിയുടെ മുന്നേറ്റത്തില്‍ ചെറുതല്ലാത്ത ഒരു പങ്കുവഹിച്ചു. അതേ സമയം ആഗോളവിപണിയിലെ ആശങ്കകള്‍ അകന്നുവെങ്കിലും വിപണി ഏതവസരത്തിലും 5 മുതല്‍ 7 വരെ ശതമാനം തിരുത്തലിന് വിധേയമാവുമെന്ന് ദിപന്‍ മേഹ്തയെ പോലുള്ള സാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ, റാന്‍ബാക്‌സി ലാബ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, സുസ്‌ലോണ്‍ എനര്‍ജി തുടങ്ങിയ കമ്പനികളാണ്. എടുത്തുപറയാവുന്ന നഷ്ടം അധികം കമ്പനികള്‍ക്കും ഉണ്ടായില്ലെങ്കിലും ഹീറോ ഹോണ്ട, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ ടെല്‍ ഓഹരികളുടെ മൂല്യത്തില്‍ ചെറിയ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: അപ്പോളോ ടയേഴ്‌സ്, വോള്‍ട്ടാസ്, ഭാരതി എയര്‍ടെല്‍, ഡി.എല്‍.എഫ്, ആര്‍തി ഇന്‍ഡസ്ട്രീസ്, സത്യം കംപ്യൂട്ടേഴ്‌സ്, യൂനിടെക്, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഡി.സി.എം, ഭൂഷണ്‍ സ്റ്റീല്‍, സണ്‍ ടിവി, വോക്കാര്‍ഡ് ഫാര്‍മ, ദിവാന്‍ ഹൗസിങ്.