സെന്‍സെക്‌സ് തിളങ്ങി,ടാറ്റാ മോട്ടോഴ്‌സിനു തിരിച്ചടി

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി ഒരു ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണിയില്‍ ഇന്നലെ ഏറെ തിളങ്ങിയത് സെന്‍സെക്‌സാണ്. 221.46 പോയിന്റ് നേട്ടത്തോടെ 18266.10ലാണ് മുംബൈ സൂചിക ക്ലോസ് ചെയ്തത്. 5476.10ല്‍ വില്‍പ്പന അവസാനിപ്പിച്ച നിഫ്റ്റി ഇന്നലെ മാത്രം 63.75 പോയിന്റ് അധികം നേടി.
റിയാലിറ്റി, ബാങ്കിങ്, മെറ്റല്‍, ഓയില്‍ മേഖലകളിലാണ് ഇന്നു മുന്നേറ്റം കൂടുതല്‍ പ്രകടമായത്. മറ്റൊരു നിര്‍ണായകസംഗതി അഡാഗ്(റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ്) കമ്പനികള്‍ ഇന്നലെ നിലമെച്ചപ്പെടുത്തിയെന്നതാണ്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനികളെല്ലാം കഴിഞ്ഞ കുറെ കാലമായി പിറകോട്ടടിക്കുകയായിരുന്നു.
എഡ്യുകോംപ് സൊലൂഷന്‍സ്, സിന്റക്‌സ് ഇന്‍ഡസ്ട്രീസ്, സ്റ്റെര്‍ലിങ് ഇന്റര്‍നാഷണ്‍, ഐ.ഡി.എഫ്.സി, അലഹാബാദ് ബാങ്ക് ഓഹരികള്‍ ഏറെ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റാ മോട്ടോര്‍സ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ശ്രീറാം ട്രാന്‍സ് ഫിന്‍, എ.ബി.ബി ലിമിറ്റഡ്, റെലിഗെയര്‍ ഓഹരികള്‍ക്ക് ഇന്നലെ തിരിച്ചടിയുടെ ദിവസമായിരുന്നു. അസംസ്‌കൃതവസ്തുക്കളായ സ്റ്റീല്‍, റബ്ബര്‍ എന്നിവയുടെ വിലകുത്തനെ ഉയരുന്നതാണ് ടാറ്റാ മോട്ടോര്‍ഴ്‌സിനെ അലട്ടുന്നത്. നാലാം പാദത്തില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ആഡംബരവാഹനങ്ങളില്‍ ശ്രദ്ധവര്‍ധിപ്പിക്കുന്നത് പ്രവര്‍ത്തന ചെലവ് കൂട്ടുമെന്ന് നിക്ഷേപകര്‍ ആശങ്കപ്പെടുന്നു.
ഈ രണ്ടു ദിവസത്തെ കുതിപ്പില്‍ നിന്നും വിപണി കാളക്കൂറ്റന്മാര്‍ കൈയിലാണെന്ന് വിശ്വസിക്കുന്നത് ശരിയല്ല. പ്രതികൂലമായ ഘടകങ്ങളെല്ലാം ഒരുമിച്ച് അണിനിരക്കുന്ന ഈ സാഹചര്യത്തില്‍ ഇവയെ മറികടക്കാന്‍ കെല്‍പ്പുള്ള ആഗോളവിപണികളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.