സെന്‍സെക്‌സ് 141 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: അവസാനമണിക്കൂറിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. പതിവുപോലെ റിയാലിറ്റി ഓഹരികള്‍ക്കാണ് ഏറ്റവും നഷ്ടം സംഭവിച്ചത്.സെന്‍സെക്‌സ് 141.69 പോയിന്റ് താഴ്ന്ന് 19318.16ലും നിഫ്റ്റി 66 പോയിന്റ് കുറഞ്ഞ് 5799.75ലുമാണ്  വില്‍പ്പന നിര്‍ത്തിയത്.
എല്‍.ഐ.സി ഹൗസിങ് ലോണ്‍ കുംഭകോണത്തില്‍ ഉള്‍പ്പെട്ട ബാങ്കുകളും സ്ഥാപനങ്ങളും അവരുടെ നിലപാട് വ്യക്തിമാക്കിയതും അമേരിക്ക, യൂറോപ്പ്, ഏഷ്യ വിപണികളിലെ അനുകൂല കാലാവസ്ഥയും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ അധികസമയവും പച്ചക്കത്തിച്ചിരുന്നു. കൂടാതെ രാജ്യത്തെ ശക്തമായ ബാങ്കിങ് സംവിധാനം പരിഗണിക്കുമ്പോള്‍ ലോണ്‍ കുംഭകോണം ഒരു ചെറിയ സംഭവം മാത്രമാണെന്ന പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അഹ്‌ലുവാലിയ അഭിപ്രായപ്പെട്ടതും വിപണിക്ക് കരുത്തുപകര്‍ന്നു. കൂടാതെ സി.ബി.ഐ തയ്യാറാക്കിയ കുറ്റപ്പത്രപ്രകാരം തട്ടിപ്പുകള്‍ അധികവും വ്യക്തിപരമാണ്. നിലവിലുള്ള ചട്ടങ്ങള്‍ ലംഘിക്കുന്നതിന് സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്തതായി തെളിവില്ല. വിവാദം പുറത്തുവന്ന ഉടനെ തന്നെ 18 ശതമാനത്തോളം താഴ്ന്ന ഹൗസിങ് ഫിനാന്‍സ് കമ്പനിയുടെ ഓഹരികളില്‍ ഇന്ന് 11 ശതമാനം കൂടി കുറവ് രേഖപ്പെടുത്തി.
കേസുമായി ബന്ധമുണ്ടായിരുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഹരികള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. സെന്‍ട്രല്‍ ബാങ്ക് ഇന്നുമാത്രം 11.45 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. അതേ സമയം ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്കുകള്‍ക്ക് തകര്‍ച്ചയുടെ വേഗത കുറയ്ക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ. ഈ രണ്ടു ഓഹരികളും ഇന്നും നഷ്ടത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്. റിയാലിറ്റി ഓഹരികളില്‍ ഡി ബി റിയാലിറ്റി, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, എച്ച്.ഡി.ഐ.എല്‍, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ ഇന്നും നഷ്ടത്തിലാണ്. പക്ഷേ, നഷ്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇന്നു സണ്‍ഫാര്‍മയ്ക്കാണ്. നിര്‍മാണ മേഖലയില്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും ജി.ടി.എല്‍ ഇന്‍ഫ്രാ 3.11 ശതമാനം നേട്ടത്തോടെ ഇന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്‍ഫോസിസ് ടെക്‌നോ, ഇന്‍ഡസ് ഇന്‍ഡ്ബാങ്ക്,രണ്ടാം പാദ ഫലം അനുകൂലമല്ലാത്തതിനെ തുടര്‍ന്ന് നഷ്ടത്തിലേക്ക് നീങ്ങിയ അപ്പോളോ ടയേഴ്‌സ് തുടങ്ങിയ ഓഹരികള്‍ ഇന്നു സ്ഥിതി മെച്ചപ്പെടുത്തി.
52 ആഴ്ചയിലെ ഏറ്റവും പുതിയ ഉയരത്തിലെത്തിയ പ്രമുഖ കമ്പനികള്‍
യൂനിസിസ് സോഫ്റ്റ്
ഡോ റെഡ്ഡി ലാബ്
ലൂപ്പിന്‍
രമ വിഷന്‍
മോശം പ്രകടനം തുടരുന്ന കമ്പനികള്‍
ആല്‍ഫാ ഗ്രാഫൈറ്റ്
ടെക്‌നോഫാബ് എന്‍ജീനിയറിങ്
വയര്‍ ആന്റ് വയര്‍ലെസ്
റെലിഗെയര്‍ ടെക്‌നോ
ജി ഇ ഇ
വാങ്ങാവുന്ന ചില ഓഹരികള്‍
ജി.എന്‍.എഫ്.സി, കോറമൊണ്ടല്‍ ഇന്റര്‍നാഷണല്‍, കോള്‍ ഇന്ത്യ, ആധുനിക് മെറ്റല്‍, ജയ് ബാലാജി ഇന്‍ഡസ്ട്രീസ്, ഗേറ്റ്‌വേ ഡിസ്ട്രിപാര്‍ക്‌സ്, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, പട്ടേല്‍ എന്‍ജിനീയറിങ്, ടാറ്റാ മോട്ടോര്‍സ്, ഡി.സി ഹോള്‍ഡിങ്, ടുലിപ് ടെലികോം, ജൂബിലന്റ് ലൈഫ്, ഇപ്കാ ലാബ്‌സ്.
This entry was posted in Uncategorized by . Bookmark the permalink.