Uncategorized

സെന്‍സെക്‌സ് 267 പോയിന്റും നിഫ്റ്റി 91 പോയിന്റും ഉയര്‍ന്നു

മുംബൈ: വ്യാവസായിക ഉല്‍പ്പാദന സൂചികയിലുണ്ടായ മുന്നേറ്റത്തില്‍ നിന്നു പ്രചോദനമുള്‍കൊണ്ട ഇന്ത്യന്‍ വിപണി നാലുദിവസത്തെ നഷ്ടത്തിനുശേഷം ഇന്നു ലാഭത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 266.53 പോയിന്റും നിഫ്റ്റി 90.85 പോയിന്റും മുന്നേറി യഥാക്രമം 19508.89ലും 5857.35ലും വില്‍പ്പന അവസാനിപ്പിച്ചു.
ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ട് ഗ്രോത്ത്(ഐ.ഐ.പി) കഴിഞ്ഞ മാസമുണ്ടായിരുന്ന 4.4 ശതമാനത്തില്‍ നിന്നു 10.8 ആയി ഉയര്‍ന്നു.
ഒരു സാമ്പത്തിക വ്യവസ്ഥയുടെ കരുത്തു തെളിയിക്കുന്ന അളവുകോലായിട്ടാണ് ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ടിനെ കാണാറുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ ഐ.സി.ഐ.സി.ഐ 5.65 ശതമാനവും ജയപ്രകാശ് അസോസിയേറ്റ്‌സ് 4.6 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3.58 ശതമാനവും റിലയന്‍സ് കമ്യൂണിക്കേഷന്‍ 3.10 ശതമാനവും എന്‍.ടി.പി.സി 2.59 ശതമാനവും ഉയര്‍ന്നു.
നേട്ടത്തിന്റെ ശതമാനക്കണക്ക് നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എ.സി.സിയാണ്. ഒരു ദിവസം കൊണ്ട് 8.76 ശതമാനത്തിന്റെ വര്‍ധനവാണ് സിമന്റ് കമ്പനി നേടിയത്. ശ്രീ രേണുകാ ഷുഗേഴ്‌സ് 7.40 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് 7.05 ശതമാനവും വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് 6.63 ശതമാനവും ബി.ജി.ആര്‍ എനര്‍ജി സിസ്റ്റം 6.33 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി.
അതേ സമയം ഫണ്ട് വിവാദത്തില്‍ കുടുങ്ങിയ ഡി.ബി റിയാലിറ്റി ഇന്നും നഷ്ടത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലെത്തി. ബജാജ് ഓട്ടോ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ മോട്ടോര്‍സ് കമ്പനികള്‍ക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്.
ഐ.ഐ.പി വളര്‍ച്ചാനിരക്ക് ഇന്ത്യ ശരിയായ പാതയിലാണെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. വിപണിയുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ഏറെ കെട്ടുറപ്പുള്ളതാണെന്ന വിദഗ്ധരുടെ വിലയിരുത്തലിനെ സാധൂകരിക്കുന്നതാണ് റിപോര്‍ട്ടെങ്കിലും ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും വിപണി അമിത പ്രതികരണം കാണിക്കുന്നതിനു വിശദീകരണം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. അതേ സമയം മീഡിയം, ലോങ് ടേം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വിപണിയില്‍ ആശങ്കപ്പെടാനൊന്നുമില്ല.
129.25ന് 1000 മണപ്പുറം ഓഹരികള്‍ വാങ്ങിയ ഒരാള്‍ക്ക് ഇന്ന് 137.50 ലെത്തിനില്‍ക്കുമ്പോള്‍ വിറ്റൊഴിവാക്കിയിരുന്നെങ്കില്‍ കളികൂടാതെ 7500ല്‍ അധികം രൂപ കിട്ടുമായിരുന്നു. പറഞ്ഞു വരുന്നത് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. മണപ്പുറം ഇപ്പോള്‍(130.25) വാങ്ങി 160.00 എന്ന ടാര്‍ജറ്റിലും ടാറ്റാ സ്റ്റീല്‍ 618.10 രൂപയ്ക്ക് വാങ്ങി(640-675-700) എന്ന ടാര്‍ജറ്റുകളില്‍ വിറ്റൊഴിവാക്കാവുന്നതാണ്. ടാറ്റാ മോട്ടോര്‍സ്,ജയ്പ്രകാശ് അസോസിയേറ്റ്‌സ്(ടാര്‍ജറ്റ് 115) എന്നിവ വാങ്ങാന്‍ അനുയോജ്യമായ സമയമാണ്.
കുറച്ചുദിവസം കാത്തിരിക്കാന്‍(മാസങ്ങള്‍ വേണ്ട) തയ്യാറുള്ളവര്‍ക്ക് പറ്റിയ രണ്ട് ചെറുകിട ഓഹരികളാണ് അലോക് ഇന്‍ഡസ്ട്രീസും സൗത്ത് ഇന്ത്യന്‍ ബാങ്കും. അലോക് ഇന്‍ഡസ്ട്രീസ് 24.25 എന്ന ഇപ്പോഴത്തേ വിലയില്‍ വാങ്ങി 30 രൂപയെന്ന ടാര്‍ജറ്റിലും 24.05ലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് 28.25 എന്ന ടാര്‍ജറ്റിലും വിറ്റൊഴിവാക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ അത് ഹോള്‍ഡ് ചെയ്യുന്നതിലും കുഴപ്പമില്ല. ബാങ്കിങ് മേഖലയില്‍ ഫെഡറല്‍ ബാങ്ക്, വിജയ ബാങ്ക്, ആക്‌സിസ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയും വോള്‍ട്ടാസ്, സിപ്ല, ഹാവെല്‍സ്,വോക്കാര്‍ഡ്, വിഗാര്‍ഡ് തുടങ്ങിയ കമ്പനികളും ഇപ്പോഴത്തെ അവസ്ഥയില്‍ വാങ്ങാവുന്നതാണ്. യൂറോപ്യന്‍ മാര്‍ക്കറ്റും അമേരിക്കന്‍ മാര്‍ക്കറ്റും മറ്റു ഏഷ്യന്‍ വിപണികളും സമ്മിശ്രപ്രതികരണം പ്രകടിപ്പിക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ വിപണി മുന്നോട്ടു തന്നെ കുതിക്കുമെന്ന് നമുക്ക് ഉറപ്പിക്കാനാവില്ല. പക്ഷേ, ഡിസംബര്‍ മധ്യത്തോടെ വിപണി കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള സാധ്യത കൂടുതലാണ്. ജനുവരി മുതല്‍ ഇന്ത്യന്‍ ബജറ്റ് വരെയുള്ള സമയവും പിന്നീട് ബജറ്റിനുശേഷവും വിപണി മുന്നോട്ടു തന്നെ സഞ്ചരിയ്ക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.