സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍

ഇന്ത്യയിലെ വീടുകളില്‍ മൊത്തം സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് 16000 ടണിലധികമാണെന്നാണ് കണക്ക്. ഇതിന് ഏകദേശം 591 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ വിലമതിക്കും. ഭാരതീയര്‍ സ്വര്‍ണത്തെ എന്നും മികച്ച നിക്ഷേപമാര്‍ഗമായാണ് പരിഗണിക്കുന്നത്.
എങ്ങനെ വാങ്ങാം?
ആഭരണ രൂപത്തിലാണ് പണ്ടു മുതലേ ആളുകള്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്നത്. ഇന്നും 90 ശതമാനം പേരും ഈ രീതിയില്‍ തന്നെയാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഈ രീതിയില്‍ പണിക്കുറവും പണിക്കൂലിയും കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കുന്നത്.
ബാങ്കില്‍ നിന്നു വാങ്ങുന്ന സ്വര്‍ണനാണയങ്ങളുടെ കാര്യത്തിലും ചില പരിമിതികളുണ്ട്. കമ്മീഷനായി ബാങ്കുകള്‍ അഞ്ചു മുതല്‍ പത്തുശതമാനം വരെ ഈടാക്കുന്നതും വില്‍ക്കുമ്പോള്‍ ബാങ്കുകള്‍ വാങ്ങാന്‍ തയ്യാറാവാത്തതും ഈ നിക്ഷേപരീതിയുടെ പോരായ്മയാണ്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ സ്വര്‍ണബാറുകള്‍ വാങ്ങാന്‍ സാധിക്കും. പക്ഷേ കിലോ കണക്കിന് സ്വര്‍ണം വാങ്ങുന്നത് സാധാരണക്കാരനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ കമോഡിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയോ സ്വര്‍ണത്തില്‍ മാത്രം നിക്ഷേപം നടത്തുന്ന മ്യൂച്ചല്‍ ഫണ്ടുകളോ വാങ്ങുകയാണ് മികച്ച മാര്‍ഗ്ഗം. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഏറ്റവും സുരക്ഷിതവും എളുപ്പവുമുള്ള മാര്‍ഗ്ഗം ഇതാണ്.

ഉടന്‍ ലഭിക്കുന്ന വരുമാനം
ദീര്‍ഘനിക്ഷേപം എന്ന രീതിയില്‍ വേണം സ്വര്‍ണത്തെ കാണാന്‍. ഉദാഹരണത്തിന് അഞ്ചു വര്‍ഷം മുമ്പ് സ്വര്‍ണത്തിന് 5000ല്‍ താഴെയായിരുന്നു വില

റിസ്‌ക് സാധ്യത

സ്വര്‍ണ നിക്ഷേപത്തില്‍ റിസ്‌ക് വളറെ കുറവാണ്. എ.ഡി1800 മുതലുള്ള കണക്കുകള്‍ ഈ വിശ്വാസത്തിനു കരുത്തു പകരുന്നു.

പണമാക്കാന്‍ എളുപ്പം

സ്വര്‍ണത്തിന് പണമടയ്ക്കുമ്പോള്‍ ലഭിക്കുന്ന ഡിജിറ്റല്‍ കോണ്‍ട്രാക്ട് ഏത് നിമിഷം വേണമെങ്കിലും സ്വര്‍ണമാക്കി മാറ്റാനും തുടര്‍ന്ന് പണമാക്കി മാറ്റാനും സാധിക്കും. നിക്ഷേപം ഡിജിറ്റല്‍ രൂപത്തില്‍ സുരക്ഷിതമായതിനാല്‍ സ്വര്‍ണം സൂക്ഷിക്കുകയെന്ന റിസ്‌കും കുറവാണ്.

ടാക്‌സ് സാധ്യത

സ്വര്‍ണനിക്ഷേപത്തിലുള്ള ലാഭം കാപ്പിറ്റല്‍ ഗെയിന്‍ നികുതിക്ക് വിധേയമായിരിക്കും. അതുകൊണ്ട് സ്വര്‍ണം നിക്ഷേപമായി സ്വീകരിക്കുന്ന എല്ലാവരും ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ബില്‍ നിര്‍ബന്ധമായും വാങ്ങണം. വലിയ ജ്വല്ലറികളില്‍ നിന്ന് ബില്‍ തരുമെങ്കിലും ചെറിയ ജ്വല്ലറികള്‍ ക്വട്ടേഷന്‍ പോലുള്ള നോട്ടുകളാണ് തരിക.

പുതിയ രീതികള്‍

കമോഡിറ്റി മാര്‍ക്കറ്റില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഏത് ചെറിയ തുകയ്ക്കും നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. പ്രതിമാസം ഒരു നിശ്ചിത തുക നല്‍കാമെന്നതാണ് മെച്ചം. നല്‍കുന്ന തുകയ്ക്ക് തുല്യമായ സ്വര്‍ണം നിങ്ങളുടെ പേരിലാവും.

ഇനി നിങ്ങള്‍ക്ക് സ്വര്‍ണം വേണം. നിങ്ങളുടെ കൈയില്‍ പണമില്ലെന്ന് കരുതൂ.. പണമാവുന്നതുവരെ കാത്തിരിക്കാന്‍ പറ്റില്ല. കാരണം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാവുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സ്‌കീമുകളും ഇന്ന് ലഭ്യമാണ്. നമ്മുടെ കൈയില്‍ അന്നത്തെ മാര്‍ക്കറ്റ് വിലയുടെ 35 ശതമാനം പണമുണ്ടായാല്‍ മാത്രം മതി. ബാക്കി പണം തുല്യ തവണകളിലൂടെ അടയ്ക്കാം. ആ പണത്തിന് ചെറിയൊരു പലിശ നല്‍കേണ്ടി വരും. എങ്കിലും അത് പേഴ്‌സണല്‍ ലോണിനേക്കാള്‍ എത്രയോ ചെറുതായിരിക്കും. കൈയില്‍ പണമായാല്‍ അത് എപ്പോള്‍ വേണമെങ്കിലും സ്വര്‍ണമായും ആഭരണമായും മാറ്റാന്‍ സാധിക്കും. വില വര്‍ധിക്കുന്നുവെന്ന ആശങ്ക വേണ്ട. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞ് വരുന്ന മകളുടെ കല്യാണത്തിന് ഇന്നു തന്നെ സ്വര്‍ണം വാങ്ങി തുടങ്ങാം അല്ലെങ്കില്‍ ഇന്നത്തെ സ്വര്‍ണ വിലയ്ക്ക് സ്വര്‍ണം(ഡിജിറ്റല്‍) വാങ്ങി സൂക്ഷിയ്ക്കാം. പണം തവണകളായി അടച്ചു തീര്‍ക്കാം.