സ്‌റ്റേറ്റ് ബാങ്ക് ലാഭത്തില്‍ വന്‍കുറവ്, ഓഹരി വിപണി ഇടിഞ്ഞു

മുംബൈ:  കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന്ബ്ലുചിപ്പ് ഓഹരികളായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയം എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സിയുടെയും വില ഇടിഞ്ഞു. എസ്.ബി.ഐ മൂല്യത്തില്‍ 203.70 പോയിന്റിന്റെയും 19.95 പോയിന്റെയും നഷ്ടമാണുണ്ടായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 207.68 പോയിന്റ് താഴ്ന്ന് 18137.35ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60.05 കുറഞ്ഞ് 5438.95ലും വില്‍പ്പന അവസാനിപ്പിച്ചു. നാലാംപാദ പ്രവര്‍ത്തനറിപ്പോര്‍ട്ട് മോശമായതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിനെ പ്രതികൂലമായി ബാധിച്ചത്. മാര്‍ച്ച് 11നവസാനിച്ച അവസാന പാദത്തില്‍ വെറും 20.88 കോടി മാത്രമാണ് ബാങ്കിന്റെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ബാങ്കിന്റെ ലാഭം 1866 കോടി രൂപയായിരുന്നുവെന്നതാണ് വിപണിയെ പിടിച്ചുലച്ചത്. കിട്ടാക്കടം പിരിക്കുന്നതിനുവേണ്ടി കൂടുതല്‍ തുക മാറ്റിവയ്‌ക്കേണ്ടി വന്നതുമാണ് നഷ്ടത്തിന്റെ ആഴം കൂട്ടിയത്.
സെന്‍സെക്‌സില്‍ 72 പോയിന്റിന്റെ നഷ്ടമാണ എസ്.ബി.ഐ ഓഹരികളിലൂടെ മാത്രമുണ്ടായത്. സ്റ്റേറ്റ് ബാങ്കിന്റെ തളര്‍ച്ച ബാങ്കിങ് മേഖലയിലാകെ മ്ലാനത് പടര്‍ത്തി. ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഹരികളും നഷ്ടത്തിലാണ്.

എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കുമെന്ന റിപോര്‍ട്ടുകള്‍ എണ്ണ ക്കമ്പനികളുടെ ഓഹരികളില്‍ സമ്മര്‍ദ്ദമുണ്ടാക്കി. ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ, ഗെയില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പെട്രോനെറ്റ് ഓഹരികളെല്ലാം ഇന്നു നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എണ്ണവിലയിലുണ്ടായ വര്‍ധനവ് വാഹനവിപണിയെയും പ്രതികൂലമായി ബാധിച്ചു. ഹീറോ ഹോണ്ട, ടാറ്റാ മോട്ടോര്‍സ് ഓഹരികളാണ് വലിയ നഷ്ടം രേഖപ്പെടുത്തിയത്.
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, എണ്ണവില വീണ്ടും വര്‍ധിപ്പിക്കുമെന്ന ആശങ്ക എന്നിവയാണ് വിപണിയില്‍ നിന്നു പണം പിന്‍വലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. വാങ്ങാവുന്ന ഓഹരികള്‍: ഓപ്‌റ്റോ സര്‍ക്യൂട്ട്, ഭാരതി എയര്‍ടെല്‍, യൂനികെം, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവ വാങ്ങാവുന്നതാണ്.