Uncategorized

ഹോങ്കോങ് ഓപണ്‍: സെയ്‌നയ്ക്ക് കിരീടം


ഹോങ്കോങ്: ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാളിനു കിരീടം. വാന്‍ചെയിലെ ക്യൂന്‍ എലിസബത്ത് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചൈനയില്‍ നിന്നുള്ള മൂന്നാം സീഡ് ഷിസിയാന്‍ വാങിനെ മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സെയ്‌ന കീഴടക്കിയത്. സ്‌കോര്‍: 15-21, 21-16, 21-17. തന്റെ കരിയറിലെ നാലാം സൂപ്പര്‍ സീരിസ് കിരീടമാണ് 20കാരിയായ സെയ്‌ന ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട പോരാട്ടത്തില്‍ സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യന്‍ ഓപണ്‍ ഗ്രാന്‍പ്രീ, സിംഗപ്പൂര്‍ ഓപണ്‍, ഇന്തോനീസ്യന്‍ സൂപ്പര്‍സീരിസ് ടൂര്‍ണമെന്റുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഈ ഹൈദരാബാദുകാരി കിരീടം ചൂടിയിരുന്നു. ഈ വിജയത്തോടെ ഇപ്പോള്‍ ലോകറാങ്കിങില്‍ നാലാം സ്ഥാനത്തുള്ള സെയ്‌ന ഒന്നാം റാങ്കിനു തൊട്ടടുത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.